Connect with us

Malappuram

കര്‍ഷകനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

Published

|

Last Updated

നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ വാളാംതോട് കര്‍ഷകനായ കാഞ്ഞിരത്താംകുഴി സുരേഷി (44) നെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ നിലമ്പൂര്‍ സി ഐ. പി അബ്ദുല്‍ ബശീറിന്റെ നേതൃത്വത്തിലുള്ള അനേ്വഷണ സംഘം അറസ്റ്റ് ചെയ്തു.
സുരേഷിന്റെ തോട്ടത്തിലെ തൊഴിലാളിയായ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ മണ്ണന്തറ ലക്ഷ്മണന്റെ മകന്‍ കണ്ണന്‍ (52) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി കോയമ്പത്തൂരിലെ ചാവടിയില്‍ നിന്നാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൂലിയിനത്തില്‍ സുരേഷ് നല്‍കാനുള്ള പണം സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചെതെന്ന് പോലീസ് പറഞ്ഞു. കൊലപാതകം സംബന്ധിച്ച് പോലീസ് വിശദീകരിക്കുന്നതിങ്ങനെ. ഒരു വര്‍ഷം മുമ്പാണ് കണ്ണന്‍ കക്കാടംപൊയില്‍ പ്രദേശത്ത് കൂലിപ്പണിക്കായി എത്തിയത്. സുരേഷിന്റെ കൃഷിയിടത്തില്‍ സ്ഥിരമായി ജോലിക്കെത്തിയിട്ട് നാല് മാസം ആയിട്ടുള്ളൂ. അതിന് മുമ്പ് ഇടക്കിടെ ജോലിക്ക് സുരേഷിന്റെ തോട്ടത്തില്‍ എത്തിയിരുന്നതായും പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച രണ്ട് പേരും തിരുവമ്പാടിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങിയശേഷം കണ്ണന്‍ കൃഷിയിടത്തിലെ ഷെഡിലേക്കും സുരേഷ് വീട്ടിലേക്കും പോയി. രാത്രി കൃഷിയിടത്തിലെ ഷെഡിലേക്ക് സുരേഷുമെത്തി. രണ്ട് പേരും മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഭക്ഷണം കഴിച്ചശേഷം സുരേഷ് നല്‍കാനുള്ള കൂലി സംബന്ധിച്ച് തര്‍ക്കത്തിലായി. വാഴ കൃഷി ചെയ്ത ഇനത്തില്‍ സുരഷില്‍ നിന്ന് കണ്ണന് കൂലി ലഭിക്കാനുണ്ടായിരുന്നു. അത് പിന്നീട് നാട്ടുകാര്‍ ഇടപെട്ട് ഒത്തു തീര്‍പ്പാക്കി. ഒത്തു തീര്‍പ്പനുസരിച്ച് കൃഷിയിടത്തിലെ വാഴതോട്ടത്തിലെ ഒരു ഭാഗം കണ്ണന് നല്‍കാമെന്നേറ്റിരുന്നു. എന്നാല്‍ സുരേഷ് ഇത് മാര്‍ക്ക് ചെയ്തു നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു വാക്കേറ്റം.
തര്‍ക്കം മൂത്തതോടെ സമീപത്തുണ്ടായിരുന്ന കമുകിന്റെ കഷ്ണം എടുത്ത് സുരേഷിന്റെ തലക്ക് അടിക്കുകയായിരുന്നു. അര്‍ധ ബോധാവസ്ഥയിലായ സുരേഷിനെ തുണി ഉപയോഗിച്ച് കൈകാലുകള്‍ ബന്ധിച്ച് വീണ്ടും അടിച്ചു. കരയാതിരിക്കാന്‍ തുണി വായില്‍ തിരുകി. കഴുത്തും മുഖവും വരിഞ്ഞു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്നു ഉറപ്പാക്കിയ ശേഷം വാഴത്തോട്ടത്തിന് സമീപത്തുള്ള പാറയുടെ സമീപം കൊണ്ടു പോയി കിടത്തി. രാത്രി 12 മണിക്ക് ശേഷം തൊട്ടടുത്തുള്ള പരിചയക്കാരന്റെ വീട്ടിലെത്തി. അമ്മാവന്‍ മരിച്ചെന്നും നാട്ടില്‍ പോകാന്‍ 500 രൂപ നല്‍കണമെന്നും പറഞ്ഞു. എന്നാല്‍ രാവിലെ വരാന്‍ പറഞ്ഞ് വീട്ടുകാര്‍ തിരിച്ചയക്കുകയായിരുന്നു. കൃഷിയിടത്തിന് സമീപമുള്ള പണി നടന്നു കൊണ്ടിരിക്കുന്ന വീട്ടിനകത്ത് നേരം പുലരുവോളം ഇരുന്നു. രാവിലെ ആറ് മണിയോടെ പണം ആവശ്യപ്പെട്ട് രാത്രിയില്‍ പോയ വീട്ടില്‍ വീണ്ടുമെത്തി. അവര്‍ 500 രൂപ നല്‍കി. പിന്നീട് കൊല്ലപ്പെട്ട സുരേഷിന്റെ അമ്മയുടെ അടുത്തെത്തി. ഞാന്‍ ഒരു അവിവേഗം കാണിച്ചതായും പൊറുക്കണമെന്നും പറഞ്ഞ് വേഗത്തില്‍ വീട്ടില്‍ നിന്നുമിറങ്ങി.
വാളാംതോട്ടില്‍ നിന്ന് പോന്ന ശേഷം സുരേഷിന്റെ ഭാര്യക്കും, വാളാംതോട്ടിലെ മറ്റൊരാള്‍ക്കും ഫോണ്‍ ചെയ്തു. സുരേഷും താനും തമ്മില്‍ വാക്കേറ്റം ഉണ്ടായതായും സുരേഷിന് പരുക്കേറ്റിട്ടുണ്ടെന്നും പറഞ്ഞായിരുന്നു ഫോണ്‍. ഇതോടെയാണ് കൊലപാതകം നാട്ടുകാര്‍ അറിയുന്നത്. പിന്നീട് പ്രതി നേരെ പോയത് കോഴിക്കോട്ടേക്കാണ്. പതിനഞ്ച് വര്‍ഷത്തോളം തിരുവമ്പാടിയിലും, കോഴിക്കോട്ടെ ചില പ്രദേശങ്ങളിലും ജോലി ചെയ്തിരുന്ന കണ്ണന് കോഴിക്കോട് സുഹൃത്തുക്കളുണ്ടായിരുന്നു. അന്ന് അവിടെ കറങ്ങിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച രാത്രി കോയമ്പത്തൂരിലേക്ക് കടക്കുകയായിരുന്നു. പാലക്കാട് എസ് പിയുടെ സഹായത്തോടെ കോയമ്പത്തൂരില്‍ നടത്തിയ അനേ്വഷണത്തിലാണ് പ്രതിയെ പോലീസിന് പിടികൂടാന്‍ സാധിച്ചത്. 2010ല്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് ആലത്തൂര്‍ പോലീസ് എടുത്ത കേസില്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയില്‍ ശിക്ഷ കഴിഞ്ഞ ശേഷമാണ് വാളാംതോട്ടിലേക്ക് പണിക്കായെത്തുന്നത്. പെരിന്തല്‍മണ്ണ ഡി വൈ എസ് പി. സി പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അനേ്വഷണം. പ്രതിയെ ഇന്ന് നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിനായി അടുത്ത ദിവസം തന്നെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.