അധ്യാപനത്തിന്റെ മധുരിക്കുന്ന സ്മരണകളുമായി ഹേമലത ടീച്ചര്‍ നാട്ടിലേക്ക്

Posted on: December 18, 2014 7:28 pm | Last updated: December 18, 2014 at 7:28 pm

altAvG54a9BvshX6tCof1kQage0pV-4mMpj1vIC8ZGZ_NQ2ഷാര്‍ജ: 31 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപിക കോട്ടയം, തിരുവഞ്ചൂര്‍ സ്വദേശിനി ഹേമലത എം നായര്‍ നാട്ടിലേക്ക് മടങ്ങുന്നു.

1984ല്‍ തിരുവനന്തപുരത്ത് നിന്നു എത്തിയ ഹേമലത ടീച്ചര്‍ രണ്ടു വര്‍ഷം ദുബൈ ഔര്‍ ഓണ്‍ സ്‌കൂളില്‍ അധ്യാപികയായി സേവനമനുഷ്ടിച്ചു. തുടര്‍ന്ന് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെത്തിയ അവര്‍ ഇരുപത്തിയെട്ടര വര്‍ഷത്തെ അധ്യാപക വൃത്തിക്കു ശേഷം സൂപ്പര്‍ വൈസറായാണ് വിരമിക്കുന്നത്. സാമൂഹികപാഠമായിരുന്നു വിഷയം. പതിറ്റാണ്ടുകള്‍ നീണ്ട അധ്യാപക ജോലിക്കിടെ ആയിരക്കണക്കിനു ശിഷ്യരെ സമ്പാദിക്കാന്‍ ടീച്ചര്‍ക്കു സാധിച്ചു. ഇതുതന്നെ അവര്‍ ഏറ്റവും വലിയ നേട്ടമായി കാണുന്നു. ടീച്ചര്‍ പഠിപ്പിച്ച കുട്ടികളില്‍ പലരും ലോകത്തിന്റെ പല ഭാഗങ്ങളിലും ഉന്നതമായ പദവികളും ജോലികളും അലങ്കരിക്കുന്നു.
കുട്ടികള്‍ക്കും അവരെ ഇഷ്ടമായിരുന്നു. ടീച്ചറുടെ ക്ലാസുകളില്‍ അവര്‍ ഏറെ തത്പരരുമായിരുന്നു. നിറഞ്ഞ സംതൃപ്തിയോടെയാണ് വിരമിക്കുന്നതെന്ന് 54 കാരിയായ ഹേമലത ടീച്ചര്‍ പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ എന്റെ സ്വന്തം വീടുപോലെയായിരുന്നു. കുടുംബംഗങ്ങളെപ്പോലെയാണ് സഹ അധ്യാപകരും മറ്റും പെരുമാറിയിരുന്നത്. അതു കൊണ്ടുതന്നെ വിട്ടുപോകുന്നതില്‍ ദുഃഖമുണ്ടെന്നും, എന്നാല്‍ സ്‌കൂളിനും, മലയാളി സമൂഹത്തിനും വേണ്ടി കുറച്ചെന്തെങ്കിലും ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു. തനിക്കു ജോലിയും പ്രോത്സാഹനവും നല്‍കിയ സ്‌കൂള്‍ മാനേജ്‌മെന്റായ ഇന്ത്യന്‍ അസോസിയേഷനും എപ്പോഴും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയ പ്രിന്‍സിപ്പല്‍ കെ ആര്‍ രാധാകൃഷ്ണന്‍ നായരുടക്കമുള്ളവര്‍ക്കും ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു. നാട്ടില്‍ അധ്യാപക ജോലി തുടരാനാണ് താത്പര്യം.
മക്കളായ രാമു അമേരിക്കയില്‍ വിദ്യാര്‍ഥിയാണ്. ബാലു നാട്ടിലും. ടീച്ചറോടൊപ്പം ഭര്‍ത്താവ് മധുസൂദനന്‍ നായരും പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുകയാണ്. 37 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ഷേഷമാണ് ഇമാറാത്ത് ഡിസ്ട്രിബ്യൂഷനില്‍ എഞ്ചിനീയറായ അദ്ദേഹവും സ്വദേശത്തേക്ക് തിരിക്കുന്നത്.