കാര്‍ വൈദ്യുതി തൂണിലിടിച്ച് ഡ്രൈവര്‍ മരിച്ചു

Posted on: December 18, 2014 7:00 pm | Last updated: December 18, 2014 at 7:20 pm

ദുബൈ: കാര്‍ വൈദ്യുതി തൂണിലിടിച്ച് ഗുരുതരമായി പരുക്കേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ മരിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അല്‍ അവീര്‍ എക്‌സിറ്റിന് സമീപത്തായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജോര്‍ദാന്‍ സ്വദേശിയെ ഹെലിക്കോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റിയുരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാത്രി 10നായിരുന്നു അപകടം സംഭവിച്ചതെന്ന് ദുബൈ പോലീസ് ഗതാഗത വിഭാഗം ഡയറക്ടര്‍ കേണല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂഇ വ്യക്തമാക്കി.
അമിതവേഗത്തില്‍ ഓടിയ കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ ശേഷം വൈദ്യുത തൂണില്‍ ഇടിച്ചു തകരുകയായിരുന്നു. തിങ്കളാഴ്ചയുണ്ടായ മറ്റൊരു അപകടത്തില്‍ കാറിടിച്ച് സൈക്കിള്‍ യാത്രക്കാരന് പരുക്കേറ്റു. രാവിലെ ഒമ്പതിനായിരുന്നു അപകടം.
അല്‍ ഖൈല്‍ റോഡിലുണ്ടായ മൂന്നാമത്തെ അപകടത്തില്‍ രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരുക്കേറ്റു. ദുബൈ ദിശയില്‍ നാലാമത്തെ പാലത്തിന് സമീപത്തായിരുന്നു ചൊവ്വാഴ്ച രാവിലെ 11ന് അപകടമുണ്ടായത്. വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാത്തതാണ് അപകടത്തിന് ഇടയാക്കുന്നതെന്ന് കേണല്‍ അല്‍ മസ്‌റൂഇ പറഞ്ഞു.