Connect with us

Ongoing News

സഞ്ചരിക്കുന്ന ത്രിവേണി സ്‌റ്റോര്‍ കട്ടപ്പുറത്ത്

Published

|

Last Updated

പാലക്കാട്: കണ്‍സ്യൂമര്‍ ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി സ്‌റ്റോര്‍ അവതാളത്തിലാകുന്നു.
കാലാവധി പുതുക്കാത്തതിനാലും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാത്തതിനാലും സംസ്ഥാനത്തെ ത്രിവേണി വാഹനങ്ങളില്‍ എണ്‍പത് ശതമാനത്തോളം ഇപ്പോള്‍ കട്ടപ്പുറത്ത്. രണ്ട് വര്‍ഷം മുമ്പാണ് കണ്‍സ്യൂമര്‍ ഫെഡ് മൊബൈല്‍ ത്രിവേണി യൂനിറ്റുകള്‍ നിരത്തിലിറക്കിയിക്കുന്നത്. ഒരു നിയോജകമണ്ഡലത്തിന് ഒന്നെന്ന കണക്കില്‍ സംസ്ഥാനമൊട്ടാകെ 141 മൊബൈല്‍ ത്രിവേണികള്‍ നിരത്തിലിറക്കിയെങ്കിലും ഇവയില്‍ 80 ശതമാനത്തോളം ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായിരിക്കുകയാണ്. കണ്ണൂരിലെ 11 എണ്ണവും ഷെഡിലാണ്. കാസര്‍കോട്ടെ അഞ്ച് മൊബൈല്‍ സ്‌റ്റോറുകളും കണ്ണൂരിലെപ്പോലെത്തന്നെ കട്ടപ്പുറത്താണ്.
മിക്ക ജില്ലകളിലും അനുവദിച്ചതിലേറെയും നിരത്തിലിറങ്ങുന്നില്ല. മൊബൈല്‍ ത്രിവേണി വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ട സമയമാണിത്. അറ്റകുറ്റപ്പണികള്‍ ചെയ്യുകയും വേണം. ഒരു വാഹനത്തിന് ചുരുങ്ങിയത് 30,000 രൂപയിലേറെ ചെലവ് വരുമെന്നാണ് കണക്ക് കൂട്ടല്‍. വലിയൊരു സംഖ്യ ഈ ഇനത്തിലേക്ക് നീക്കിവെക്കണമെന്നതിനാല്‍ മൊബൈല്‍ യൂനിറ്റുകള്‍ ലാഭകരമാണോ എന്ന് പരിശോധിച്ച് മതി ഫിറ്റ്‌നസ് പുതുക്കലെന്ന നിലപാടിലാണ് അധികൃതര്‍.
നാട്ടിന്‍ പുറത്തെ സാധാരണക്കാരാണ് ഈ സംവിധാനത്തിന്റെ മുഖ്യഗുണഭോക്താക്കള്‍. വീടുകള്‍ക്ക് മുമ്പില്‍ എത്തുന്ന മൊബൈല്‍ ത്രിവേണി സ്റ്റോറുകള്‍ സാധാരണ ജനങ്ങള്‍ക്ക് വളരെയേറെ ഉപകാരപ്രദമായിരുന്നു. നഷ്ടത്തിലല്ലാതെ പ്രവര്‍ത്തിച്ചിട്ടും കണ്‍സമ്യൂര്‍ ഫെഡിന്റെ മൊബൈല്‍ ത്രിവേണി സ്റ്റോറുകള്‍ ഓരോന്നായി നിര്‍ത്തിവെക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപകമായി പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. വിവിധജില്ലകളില്‍ മൊബൈല്‍ ത്രിവേണി യൂനിറ്റുകളുടെ എണ്ണം,നിലവില്‍ പ്രവര്‍ത്തിക്കുന്നത് എന്നിവ യഥാക്രമം: തിരുവനന്തപുരം- 14-4, കൊല്ലം-11-8, ഇടുക്കി-5-3, ആലപ്പുഴ-9-6, എറണാകുളം-13-4, തൃശൂര്‍-13-3, പാലക്കാട്-12-2, മലപ്പുറം- 16-4,കോഴിക്കോട്- 13-2, കണ്ണൂര്‍-11-0, കാസര്‍കോട്്-5-0, വയനാട്-3-1

Latest