അലിഗഢിലെ കൂട്ട മതംമാറ്റം പരിവാര്‍ സംഘടന ഉപേക്ഷിച്ചു

Posted on: December 18, 2014 12:48 am | Last updated: December 17, 2014 at 11:48 pm

അലിഗഢ്: ക്രിസ്മസ് ദിനത്തില്‍ അലിഗഢില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന കൂട്ട മതംമാറ്റല്‍ ചടങ്ങ്, കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തീവ്രഹിന്ദുത്വ സംഘടന ധരം ജാഗ്രണ്‍ സമിതി ഉപേക്ഷിച്ചു. സംഘടനയുടെ ജില്ലാ പ്രസിഡന്റ് സത്യപ്രകാശ് നവുമാന്‍ പരിപാടി ഉപേക്ഷിച്ച വിവരം അറിയിച്ചത്. എന്നാല്‍ ഉപേക്ഷിച്ചതിന്റെ പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല.
അലിഗഢിലെ കോളജില്‍ വെച്ച് ക്രിസ്മസ് ദിനത്തില്‍ ഘര്‍ വാപസി എന്ന പേരിലുള്ള കൂട്ട മതംമാറ്റല്‍ ചടങ്ങ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇത് പാര്‍ലിമെന്റിലടക്കം രാജ്യത്താകമാനം ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പരിപാടിക്ക് പോലീസ് അനുമതി നല്‍കിയില്ലെന്ന് മാത്രമല്ല, നാല് ജില്ലകളുള്‍െപ്പടുന്ന അലിഗഢ് റേഞ്ചില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
പരിപാടിയില്‍ പങ്കെടുക്കുമെന്ന് വിവാദ എം പി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ തെറ്റില്ലെന്നായിരുന്നു എം പിയുടെ നിലപാട്. പരിവാര്‍ സംഘടനകളും ജില്ലാ അധികാരികളും ഏറ്റുമുട്ടല്‍ ഉറപ്പായതോടെ കരുതലോടെയുള്ള സമീപനമാണ് ബി ജെ പി സ്വീകരിച്ചത്. ഈ പരിപാടി തങ്ങളല്ല സംഘടിപ്പിക്കുന്നതെങ്കിലും ബജ്‌റംഗ്ദള്‍ അടക്കമുള്ള സംഘാടകര്‍ സഹായം അഭ്യര്‍ഥിച്ചാല്‍ വേണ്ടത് ചെയ്യുമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് ദേവ്‌റജ് സിംഗ് പറഞ്ഞിരുന്നു. അതേസമയം, പരിപാടി പരിവാര്‍ സംഘടനകള്‍ ഉപേക്ഷിച്ചില്ലെന്നും മാറ്റിവെക്കുക മാത്രമാണ് ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ എട്ടാം തീയതി ആഗ്രയിലെ വേദ് നഗറിന് സമീപം കബത്ബസ്തിയില്‍ നടന്ന കൂട്ട മതംമാറ്റല്‍ ചടങ്ങിന്റെ മുഖ്യസൂത്രധാരന്‍ നന്ദ് കിഷോര്‍ വാത്മീകിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇരുനൂറോളം പേരെയാണ് പ്രലോഭിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും സമര്‍ദം ചെലുത്തിയും ഹിന്ദു മതത്തിലേക്ക് തീവ്രഹിന്ദുത്വ സംഘടന പരിവര്‍ത്തനം ചെയ്യിച്ചത്.
പ്രലോഭിപ്പിച്ചും തട്ടിപ്പിലൂടെയുമാണ് മതംമാറ്റിയതെന്ന് ചൂണ്ടിക്കാട്ടി ഇരകള്‍ നേരിട്ട് രംഗത്തെത്തിയതോടെയാണ് പിന്നിലെ കള്ളക്കളികള്‍ പുറംലോകമറിഞ്ഞത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 (ബി), 415 വകുപ്പുകള്‍ പ്രകാരമാണ് സദര്‍ പോലീസ് കേസെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബലേറിയില്‍ ക്രിസ്മസ് ദിനത്തില്‍ ഇത്തരം ചടങ്ങ് സംഘടിപ്പിക്കുമെന്ന് വി എച്ച് പി പ്രഖ്യാപിച്ചിട്ടുണ്ട്.