അഫ്ഗാനില്‍ ബേങ്കിന് നേരെ ചാവേര്‍ ആക്രമണം; 13 മരണം

Posted on: December 18, 2014 12:25 am | Last updated: December 17, 2014 at 11:25 pm

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ദക്ഷിണ പ്രവിശ്യയായ ഹെല്‍മന്തില്‍ താലിബാന്‍ തീവ്രവാദികള്‍ ബ്രാഞ്ച് ബേങ്കിന് നേരെ ചാവേര്‍ ആക്രമണം നടത്തി. 13 പേര്‍ മരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. ദീര്‍ഘ നേരം സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. ഏറ്റമുട്ടലിലാണ് ആറ് തീവ്രവാദികളും നാല് സൈനികരും മൂന്ന് സിവിലിയന്‍മാരും കൊല്ലപ്പെട്ടത്. ആക്രമണ സമയത്ത് മൂന്ന് നിലയുള്ള കെട്ടിടത്തില്‍ നിരവധി സാധാരണക്കാരുണ്ടായിരുന്നതായും മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ ഏറ്റുമുട്ടല്‍ അവസാനിച്ചിട്ടില്ല. പലയിടത്ത് നിന്നും വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ട്. ഏറ്റമുട്ടല്‍ നടക്കുന്നതിന് മുമ്പ് രണ്ട് വലിയ സ്‌ഫോടനങ്ങളാണ് നടന്നത്. മാസാവസാനമാാല്‍ ശമ്പളം വാങ്ങാനായി നിരവധി പോലീസുകാരും ഉദ്യോഗസ്ഥരും ബേങ്കില്‍ പോകാറുണ്ടെന്നും ഇവരെ ലക്ഷ്യം വെച്ചാണ് ആക്രമണമെന്നും അധികൃതര്‍ പറഞ്ഞു. ജലാലാബാദിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.