മുരളി വിജയ്ക്ക് സെഞ്ച്വറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്‌

Posted on: December 17, 2014 8:10 pm | Last updated: December 18, 2014 at 12:11 am

murali vijayബ്രിസ്‌ബെയ്ന്‍: ഓപ്പണര്‍ മുരളി വിജയിയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഓസ്‌ട്രേലിയക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍. കളി അവസാനിപ്പിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. സെഞ്ച്വറി നേടിയ മുരളി വിജയും (144), അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നില്‍ക്കുന്ന അജിങ്ക്യ രഹാനെയുമാണ് (75) ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോനി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നല്ല ബൗണ്‍സും വേഗവും ലഭിച്ച പിച്ചില്‍ തുടക്കത്തില്‍ കൃത്യമായ ഇടവേളകളില്‍ ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടമായി. 13.4 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 56ല്‍ നില്‍ക്കെ ഏഴുപത് പന്തില്‍ 24 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനാണ് ആദ്യം പുറത്തായത്. മിച്ചല്‍ മാര്‍ഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന് ക്യാച്ച് സമ്മാനിച്ചാണ് ധവാന്‍ മടങ്ങിയത്. ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗിസിലും ധവാന്‍ പെട്ടെന്ന് പുറത്തായിരുന്നു. സ്‌കോര്‍ നൂറില്‍ നില്‍ക്കെ ചേതേശ്വര്‍ പൂജാര (18)യും വീണു. ജോഷ് ഹേസില്‍വുഡിന്റെ പന്തില്‍ ഹാഡിന് ക്യാച്ച്. പൂജാര വീണതോടെ 137/3 എന്ന നിലയിലായിരുന്നു ഇന്ത്യ. കഴിഞ്ഞ കളിയില്‍ രണ്ടിന്നിംഗ്‌സിലും സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലി (19)യും പെട്ടെന്ന് പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. എന്നാല്‍ നിലയുറപ്പിച്ച് കളിച്ച മുരളി വിജയിക്കൊപ്പം ചേര്‍ന്ന അജിങ്ക്യ രഹാനെ കളി ഇന്ത്യയുടെ വരുതിയിലേക്ക് കൊണ്ടുവരികയായിരുന്നു. മുരളിയും രഹാനെയും ചേര്‍ന്നെടുത്ത 124 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നത്. ആസ്‌ത്രേലിയന്‍ പേസ് ബൗളിംഗിനെ നന്നായി പ്രതിരോധിച്ച വിജയ് 175 പന്തില്‍ 14 ബൗണ്ടറികള്‍ നേടിയാണ് സെഞ്ചുറി തികച്ചത്. സ്‌കോര്‍ 271ല്‍ നില്‍ക്കെ മുരളി വിജയും പുറത്തായി. ലിയോണിന്റെ പിന്തില്‍ ഹാഡിന് ക്യാച്ച്. 332 പന്തില്‍ 22 ബൗണ്ടറി ഉള്‍പ്പെടെയാണ് 144 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ മുരളിയുടെ സമ്പാദ്യം. 122 പന്ത് നേരിട്ട രഹാനെ ഇതുവരെ ഏഴ് ബൗണ്ടറികള്‍ നേടി. 26 റണ്‍സുമായി രോഹിത് ശര്‍മയാണ് രഹാനെക്കൊപ്പം ക്രീസില്‍.
ഓസ്‌ട്രേലിയക്കായി സ്പിന്നര്‍ നഥാന്‍ ലിയോണ്‍ രണ്ട് വിക്കറ്റെടുത്തു. മിച്ചല്‍ മാര്‍ഷും ജോഷ് ഹേസല്‍വുഡും ഓരോ വിക്കറ്റു വീതം നേടി. ആദ്യ ടെസ്റ്റിലെ ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. പരുക്കുമാറി ക്യാപ്റ്റന്‍ ധോനി തിരിച്ചെത്തിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹക്ക് ടീമില്‍ സ്ഥാനം നഷ്ടമായി. കരണ്‍ ശര്‍മ്മക്ക് പകരം അശ്വിനും ഷമിക്ക് പകരം ഉമേശ് യാദവും ടീമിലെത്തി. ഓസ്‌ട്രേലിയന്‍ ടീമിലും മൂന്ന് മാറ്റങ്ങളുണ്ട്. ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് പരുക്കേറ്റ് ടീമിനു പുറത്തു പോയപ്പോള്‍ ഷോണ്‍ മാര്‍ഷ് ടീമിലെത്തി. ബോളര്‍മാരായ റയാന്‍ ഹാരിസിനെയും പീറ്റര്‍ സിഡിലിനെയും ഒഴിവാക്കി മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡിനെയും ആസ്‌ത്രേലിയ കളത്തിലിറക്കി.
ആദ്യ ടെസ്റ്റില്‍ ജയിച്ച ഓസ്‌ട്രേലിയ പരമ്പരയില്‍ 1- 0 ന് മുന്നിലാണ്. ക്ലാര്‍ക്കിന്റെ അസാന്നിധ്യത്തില്‍ സ്റ്റീവന്‍ സ്മിത്താണ് ആസ്‌ത്രേലിയയെ നയിക്കുന്നത്.