Connect with us

Gulf

ഇല്ലാത്ത അക്കൗണ്ടിന്റെ പേരില്‍ ജയില്‍ വാസം; മലയാളിക്ക് 1.81 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

Published

|

Last Updated

ദുബൈ: ദുബൈയിലെ പ്രമുഖ ബേങ്കിന്റെ നിരുത്തരവാദപരമായ നടപടിയില്‍ 12 ദിവസത്തോളം ജയിലില്‍ കഴിയേണ്ടി വന്ന മലയാളി വ്യവസായിക്ക് ബേങ്ക് 1.81 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് ദുബൈ സിവില്‍ അപ്പീല്‍ കോടതി വിധി പുറപ്പെടുവിച്ചു. കോഴിക്കോട് സ്വദേശിയായ വേണുഗോപാല്‍ മേനോനാണ് നഷ്ട പരിഹാരം ലഭിക്കുക. കുടുംബസമേതം വര്‍ഷങ്ങളായി ദുബായില്‍ താമസിക്കുന്ന വേണുഗോപാല്‍ ഒരിക്കല്‍ പോലും അക്കൗണ്ട് എടുക്കാത്ത ബേങ്കിലെ ചെക്കിന്റെ പേരില്‍ അവധിക്കാല യാത്ര മുടങ്ങുകയും ഭാര്യയും കുടുംബവും മാനസിക വിഷമങ്ങള്‍ അനുഭവിക്കുകയും ചെയ്തു. അപകീര്‍ത്തിപരമായ രീതിയില്‍ ചെയ്യാത്ത കുറ്റത്തിനു ജയില്‍വാസം അനുഭവിക്കേണ്ടിയും വന്നു. ഇതെത്തുടര്‍ന്ന് നഷ്ടപരിഹാരം അവശ്യപ്പെട്ടാണ് സിവില്‍ കോടതിയെ സമീപിച്ചത്. ബേങ്കിലെ ജീവനക്കാരന്റെ വഞ്ചനാപരമായ പ്രവൃത്തിയാണെന്ന് പിന്നീട് മനസിലായി. മറ്റൊരു കമ്പനിയുടെ വാണിജ്യാവശ്യങ്ങള്‍ക്കായി ചെക്കുകള്‍ ഉപയിഗിക്കുകയാണ് ചെയ്തിട്ടുള്ളത്. അപ്രകാരം 10,05,250 ദിര്‍ഹത്തിന്റെ ചെക്ക് നല്‍കി എന്ന് പറഞ്ഞു ഇദ്ദേഹത്തിനെതിരെ 27325/ 2011 എന്ന നമ്പറില്‍ ദുബൈ ക്രിമിനല്‍ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ ചെക്കില്‍ രേഖപ്പെടുത്തിയ ഒപ്പും ബേങ്കിന്റെ അപേക്ഷാ ഫോറത്തിലുള്ള ഒപ്പും ചെക്ക് ബുക്ക് കൈപറ്റിയതും വേണുഗോപാല്‍ മേനോനല്ലെന്നു ഫോറന്‍സിക് ലാബിന്റെ സഹായത്തോടെ സ്ഥിരീകരിച്ചു. ക്രിമിനല്‍ കോടതി വിശദമായ അന്വേഷണത്തി നു വേണ്ടി വീണ്ടും പ്രോസികുഷനിലേക്ക് കേസ് തിരിച്ചയച്ചു. പ്രോസികുഷന്‍ വേണുഗോപാലിന്റെ നിരപരാധിത്വം മനസിലാക്കി ക്രിമിനല്‍ കേസ് റദ്ദു ചെയ്യുകയായിരുന്നു. ബേങ്കിന്റെ നിരുത്തരവാദിത്തപരമായ സമീപനവും സെന്‍ട്രല്‍ ബേങ്കിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെയുമാണ് അക്കൗണ്ട് ഓപ്പണ്‍ ചെയ്തതുമെന്നും ചെക്ക് ബുക്ക് നല്‍കിയതെന്നും ക്രിമിനല്‍ കോര്‍ട്ട് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നഷ്ടപരിഹാരത്തിനായി സിവില്‍ നടപടിയുമായി മുന്നോട്ട്‌പോയ വേണുഗോപാല്‍ 300,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന ഹരജിയില്‍ ഫസ്റ്റ് ഇന്‍സ്റ്റന്റ്‌സ് കോര്‍ട് 1,00,000 ദിര്‍ഹം നഷ്ട പരിഹാരം വിധിക്കുകയും തുടര്‍ന്ന് തുക അപര്യാപ്തമാണെന്നു കാണിച്ചു കൊണ്ട് അപ്പീല്‍ കോടതിയെ സമീപിക്കുകയും 1.81 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കുകയുമാണ് ഉണ്ടായതെന്ന് ഈ കേസ് കൈകാര്യം ചെയ്ത അബ്ദുല്‍ റഹ്മാന്‍ മുതവ്വ അസോസിയേറ്റ്‌സിലെ അഡ്വ. ടി കെ ഹാഷിക് അറിയിച്ചു.