Connect with us

Gulf

ബാല്‍കണിയില്‍ വസ്ത്രം ആറാനിട്ട 6,500 പേര്‍ക്ക് പിഴ ചുമത്തി

Published

|

Last Updated

ഷാര്‍ജ: നഗരഭംഗിക്ക് കോട്ടമുണ്ടാക്കുന്ന രീതിയില്‍ വസ്ത്രം ആറാനിട്ട 6,500 പേര്‍ക്ക് ഷാര്‍ജ നഗരസഭ പിഴ ചുമത്തി. വര്‍ഷത്തിന്റെ രണ്ടാം പാദത്തിലാണ് ഇത്രയും പേര്‍ക്ക് പിഴ ചുമത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. 32.5 ലക്ഷം ദിര്‍ഹമാണ് ഈ ഇനത്തില്‍ നഗരസഭക്ക് പിഴയായി ലഭിച്ചത്. നിയമം ലംഘിച്ച് വസ്ത്രം ആറാനിടുന്നവര്‍ക്ക് 500 ദിര്‍ഹം വീതം പിഴ ചുമത്തുമെന്ന് നേരത്തെ ഷാര്‍ജ നഗരസഭാധികൃതര്‍ വ്യക്തമാക്കിയിരുന്നു.
നഗരഭംഗിക്ക് കോട്ടമുണ്ടാക്കുന്നതിനാലാണ് വ്യാപകമായി പിഴയിട്ടതെന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരായ ബോധവത്ക്കരണത്തിനും നടപടിക്കുമുള്ള പ്രത്യേക ഡയറക്ടര്‍ ഫൈസല്‍ അല്‍ മുഅല്ല വ്യക്തമാക്കി. വസ്ത്രം ഇടുകയോ ആവശ്യമില്ലാത്ത വസ്തുക്കള്‍ ബാല്‍കണിയില്‍ ശേഖരിച്ച് നഗരഭംഗി നശിപ്പിക്കുകയോ ചെയ്താല്‍ പിഴ ഈടാക്കുമെന്ന് നേരത്തെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തടയാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ ശക്തമായ ബോധവത്ക്കരണ പരിപാടികളും നേരത്തെ സംഘടിപ്പിച്ചിരുന്നു. താമസക്കാര്‍ക്ക് മേശയോ കസേരയോ ബാല്‍കണിയില്‍ ഇടാമെന്നും പുച്ചെടികളും മറ്റും വളര്‍ത്താമെന്നും മുഅല്ല പറഞ്ഞു. ബാല്‍കണിയില്‍ കര്‍ട്ടണ്‍ തൂക്കിയിട്ടാല്‍ പ്രശ്‌നമില്ലെന്നും ഇത്തരം സ്ഥലം താമസത്തിനായി ഉപയോഗിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.