കള്ളപ്പണമൊഴുക്ക് ഒമ്പത് മടങ്ങായി വര്‍ധിച്ചു

Posted on: December 17, 2014 6:00 am | Last updated: December 17, 2014 at 12:10 am

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് വിദേശ രാഷ്ട്രങ്ങളിലേക്കുള്ള കള്ളപ്പണമൊഴുക്ക് ഒമ്പത് മടങ്ങായി വര്‍ധിച്ചു. 2003ല്‍ ആയിരം കോടി ഡോളര്‍ കള്ളപ്പണം പുറത്തേക്കൊഴുതിയതെങ്കില്‍ 2012ല്‍ അത് 9470 കോടി ഡോളറായി ഉയര്‍ന്നു. ലോകത്ത് കള്ളപ്പണ നിക്ഷേപത്തില്‍ മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യയുടെ സ്ഥാനം ഉയര്‍ന്നു. 2003-2012 കാലഘട്ടത്തില്‍ ചൈന, റഷ്യ, മെക്‌സിക്കോ എന്നിവക്ക് ശേഷമായിരുന്നു ഇന്ത്യയുടെ സ്ഥാനം. ഇപ്പോള്‍, ഇന്ത്യക്ക് ശേഷമാണ് മെക്‌സിക്കോ വരുന്നത്.
വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി (ജി എഫ് ഐ) എന്ന ഗ്രൂപ്പ് നടത്തിയ ‘വികസ്വര രാഷ്ട്രങ്ങളില്‍ നിന്നുള്ള അനധികൃക പണമൊഴുക്ക്’ എന്ന പേരിലുള്ള പഠനത്തിലാണ് ഇക്കാര്യമുള്ളത്. 2003ല്‍ 1017 കോടി ഡോളറാണ് ഇന്ത്യയില്‍ നിന്ന് പുറത്തേക്കൊഴുകിയതെങ്കില്‍ 2004ല്‍ 1941 കോടി ഡോളറും 2005ല്‍ 2000 കോടി ഡോളറുമായി. 2006 മുതല്‍ കള്ളപ്പൊണമൊഴുക്കില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായത്. ആ വര്‍ഷം 2800 കോടി ഡോളറും 2007ല്‍ 3460 കോടി ഡോളറും 2008ല്‍ 4710 കോടി ഡോളറുമായി ഉയര്‍ന്നു. 2009ല്‍ കള്ളപ്പൊണമൊഴുക്ക് പെട്ടെന്ന് കുറഞ്ഞു. ആ വര്‍ഷം 2900 കോടി ഡോളറാണ് ഒഴുകിയത്. എന്നാല്‍ 2010ല്‍ 7000 കോടി ഡോളറും 2011ല്‍ 8600 കോടി ഡോളറും ഒഴുകി.
പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തേക്കാള്‍ പതിന്‍മടങ്ങാണ് രാജ്യത്ത് നിന്നൊഴുകുന്ന കള്ളപ്പണ കണക്ക്. ഈ വര്‍ഷത്തെ ലോകബേങ്കിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം പ്രവാസികള്‍ 7100 കോടി ഡോളറാണ് അയച്ചത്. 2003ല്‍ രാജ്യത്ത് എത്തിയ പണം 1639 കോടി ഡോളറായിരുന്നു. അന്നത്തെ കള്ളപ്പണക്കണക്ക് 1017 കോടി ഡോളറും. ലോകത്ത് ഏറ്റവും കൂടുതല്‍ കള്ളപ്പണമൊഴുകുന്നതില്‍ ആദ്യ അഞ്ച് സ്ഥാനത്തുള്ളത് ചൈന, റഷ്യ, മെക്‌സിക്കോ, ഇന്ത്യ, മലേഷ്യ രാഷ്ട്രങ്ങളാണ്. കള്ളപ്പണ വിഷയം രാജ്യത്തെ പ്രധാന രാഷ്ട്രീയ ആയുധമാണ്. വിദേശത്ത് അനധികൃതമായി നിക്ഷേപിച്ച ഓരോ ചില്ലിക്കാശും രാജ്യത്ത് എത്തിക്കുമെന്ന് പ്രഖ്യാപിച്ചാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി രംഗത്തെത്തിയത്. എന്നാല്‍ അധികാരത്തിലെത്തിതോടെ ബി ജെ പി ഏറെ പിന്നാക്കം പോയി. ഔദ്യോഗിക കണക്ക് കിട്ടിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്.