മോയിന്‍കുട്ടി വൈദ്യരുടെ സംഭവന വിലപ്പെട്ടത്: മുഖ്യമന്ത്രി

Posted on: December 17, 2014 12:31 am | Last updated: December 16, 2014 at 11:32 pm

തിരുവനന്തപുരം: മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിളപ്പാട്ടിന് നല്‍കിയ സംഭാവനകള്‍ ഏറെ വിലപ്പെട്ടതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരം പാണക്കാട് ഹാളില്‍ മഹാകവി മോയീന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരം പൂവച്ചല്‍ ഖാദറിന് നല്‍കി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മോയീന്‍ കുട്ടി വൈദ്യരുടെ സംഭാവനകള്‍ ഇന്നത്തെ സമൂഹത്തിന് മനസ്സിലാക്കി കൊടുക്കാന്‍ ഇത്തരം സാംസ്‌കാരിക പരിപാടികള്‍ ആവശ്യമാണ്. അദ്ദേഹത്തിന്റെ ജീവിത കാലഘട്ടം വളരെ ചുരുങ്ങിയതാണെങ്കിലും ആ കാലം കൊണ്ടു തന്നെ അദ്ദേഹം വലിയ പ്രതിഭയായിക്കഴിഞ്ഞിരുന്നു.
മാപ്പിളപ്പാട്ടിന്റെയും മാപ്പിള കലകളുടെയും സംരക്ഷണം മുന്‍നിര്‍ത്തിയാണ് മാപ്പിള അക്കാദമി ആരംഭിച്ചതെന്നും ഗവണ്‍മെന്റ് അക്കാദമിക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖവുര ആവശ്യമില്ലാത്ത വ്യക്തിത്വമാണ് പൂവച്ചല്‍ ഖാദര്‍. മലയാള കവിതാ ഗാന ശാഖയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് പൂവച്ചല്‍ ഖാദര്‍ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി കേരളമാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡന്റ് പി എച്ച് അബ്ദുല്ല മാസ്റ്ററെ ആദരിച്ചു. മന്ത്രി കെ സി ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുസലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് മുഖ്യാതിഥിയായിരുന്നു. ഷഹനായ് വിദ്വാന്‍ ഹുസൈന്‍ ഉസ്താദ് പാലക്കാടിനെയും പ്രശസ്ത മാപ്പിളപ്പാട്ടുകാരന്‍ എരഞ്ഞോളി മൂസയെയും ചടങ്ങില്‍ ആദരിച്ചു.