Connect with us

Articles

പൊതുമുതല്‍ കൈയേറ്റം: വേലി തന്നെ വിളവ് തിന്നുമ്പോള്‍

Published

|

Last Updated

സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശം പണമുള്ളവനും രാഷ്ട്രീയ സ്വാധീനമുള്ളവരും കൈയൂക്കുള്ളവരും തട്ടിയെടുക്കാതിരിക്കാനാണ് ഭൂ സംരക്ഷണ നിയമങ്ങളും ചെറുകിട ധാതു ഖനന നിയമങ്ങളും തണ്ണീര്‍ത്തട – പാടശേഖര സംരക്ഷണ നിയമവും പരിസ്ഥിതി സംരക്ഷണ നിയമങ്ങളും വനം സംരക്ഷണ നിയമങ്ങളും മറ്റും ഉണ്ടാക്കിയത്. മടിശ്ശീലക്ക് കനമുള്ളവന് നിയമങ്ങള്‍ വെറും അക്ഷരങ്ങള്‍ മാത്രമായിരിക്കുന്നു. അവന് പാടം നികത്താം, വനം ഭൂമി കൈയേറാം, കായല്‍ത്തീരം തട്ടിയെടുക്കാം, ചതുപ്പ് നികത്താം, സര്‍ക്കാര്‍ ഭൂമി വ്യാജപട്ടയം ഉപയോഗിച്ച് കൈക്കലാക്കാം. പാട്ടക്കരാര്‍ തീര്‍ന്നാലും ഭൂമി തിരികെ സര്‍ക്കാറിന് നല്‍കാതിരിക്കാം. ആരും ചോദിക്കാനില്ലെന്ന് ഈ നാട്ടിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. രാഷ്ട്രീയക്കാരും, ഭരണവും സമ്പന്നന്റെ കൂടെയാണെന്ന് ഈ നാട്ടിലെ പാവപ്പെട്ടവര്‍ക്കെല്ലാം നല്ല നിശ്ചയമാണ്. ശുദ്ധജല സ്രോതസ്സുകള്‍ മണ്ണിട്ട് നികത്തുന്നത് കാണുമ്പോഴും, കുന്നുകളും മലകളും ഇടിച്ചു നിരത്തുമ്പോഴും വനം കൊള്ളയടിക്കുന്നത് കാണുമ്പോഴും തോടുകള്‍, ഇടത്തോടുകള്‍, സര്‍ക്കാര്‍ ഭൂമികള്‍, റവന്യൂ ഭൂമികള്‍, നദീ തീരങ്ങള്‍, കടല്‍ തീരങ്ങള്‍, കായല്‍ തീരങ്ങള്‍ എന്നിവ കൈയേറുന്നത് കാണുമ്പോഴും ഈ നാട്ടിലെ ജനങ്ങള്‍ക്ക് നിസ്സഹായരായി നോക്കിനില്‍ക്കാനേ കഴിയുന്നുള്ളൂ. പൊതുമുതല്‍ സര്‍ക്കാറിന്റെ കൈവശം സുരക്ഷിതമാണെന്ന് ജനങ്ങള്‍ മുമ്പ് വിശ്വസിച്ചിരുന്നു. എന്നാല്‍, ഒരിക്കലും തിരികെ കിട്ടാത്ത അസ്ഥയില്‍, സര്‍ക്കാര്‍ ഭൂമികള്‍ പാട്ടക്കരാര്‍ വ്യവസ്ഥയില്‍ അന്യാധീനപ്പെട്ട് പോകുന്നത് ആര് ഭരിച്ചാലും സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. വനംനിയമം, ജലവൈദ്യുത പദ്ധതികള്‍ എന്നിവ വന്നപ്പോള്‍ കുടിയിറക്കപ്പെട്ട ആദിവാസി സമൂഹത്തിന് അര്‍ഹതപ്പെട്ട ഭൂമി പോലും നല്‍കുന്നതില്‍ ഭരണകൂടം വീഴ്ച വരുത്തുന്നു. എങ്കിലും പൊതുമുതല്‍ പേരിലും വികസന പദ്ധതികളുടെ പേരിലും സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഹൈവേയുടെ കരാര്‍ വ്യവസ്ഥയില്‍ കൈമാറുന്നതിന് സര്‍ക്കാറിന് ഒരു മടിയുമില്ല. ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റെന്ന പേരിലും വ്യവസായങ്ങളെ ആകര്‍ഷിക്കാനെന്ന പേരിലും മറ്റും നടക്കുന്ന മാമാങ്കങ്ങള്‍ നിലവിലെ നിയമങ്ങള്‍ ഇളവ് നല്‍കി നിയമം നോക്കുകുത്തിയാക്കാനുള്ള സംഭവങ്ങളായിരുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയ കേരളമാകെ പിടിമുറുക്കി കഴിഞ്ഞു. മണ്ണ് പണമാണ്. പണവും സ്വാധീനവുമുണ്ടെങ്കില്‍ എവിടെ വേണമെങ്കിലും ബഹുനില കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കാമെന്ന അവസ്ഥയില്‍ ഭരണ സംവിധാനങ്ങള്‍ പണം കൊയ്യുന്ന യന്ത്രങ്ങളായി മാറിയിരിക്കുന്നു. അതിനാല്‍ തന്നെ ഉദ്യോഗസ്ഥര്‍ കോടീശ്വരന്മാരും രാഷ്ട്രീയ നേതാക്കള്‍ ലക്ഷപ്രഭുക്കളുമായി മാറുന്ന കാഴ്ചയാണിവിടെ. നിയമങ്ങള്‍ ദുര്‍ബലമാക്കാന്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഉത്തരവുകള്‍ ഇറക്കുകയാണ്. നിയമം നിലനില്‍ക്കേ പാടശേഖരങ്ങള്‍ നികത്താം. വനമേഖലയിലും പശ്ചിമ ഘട്ടത്തിലെവിടെയും പാറമടകള്‍ ഉണ്ടാക്കാം, കായല്‍ കൈയേറി പാര്‍പ്പിട സമുച്ചയം തീര്‍ക്കാം. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിക്കാം. കായല്‍ നികത്താം, ചതുപ്പ് മണ്ണിട്ട് പൊക്കാം. എല്ലാറ്റിനും മറുമരുന്ന് ഉദ്യോഗസ്ഥരും രാഷ്ട്രീയ മേലാളന്മാരും ചേര്‍ന്ന് ഉണ്ടാക്കിത്തരും. പണമിറക്കണമെന്ന് മാത്രം. ജനങ്ങള്‍ നിസ്സഹായരാണ്. ജീവസന്ധാരണത്തിനായി വഴിതേടുന്നവര്‍ക്ക് ഈ കള്ളക്കളികള്‍ നോക്കി കണ്ടുപിടിക്കാന്‍ എവിടെയാണ് സമയം? ഇനി സമയം കണ്ടെത്തിയാല്‍ തന്നെ വ്യാജരേഖ ചമയ്ക്കുന്നത് കൊണ്ടും അധികാരം കൈയാളുന്നതിനാലും മുഷ്ടി ചുരുട്ടി എതിര്‍ക്കുന്നവനെ ഇല്ലായ്മ ചെയ്യാനും അവര്‍ക്കറിയാം. നിയമം നടപ്പാക്കുന്നതിന് കൂട്ടുനില്‍ക്കുന്നവരെ കൈകാര്യം ചെയ്യാനും നിയമലംഘനങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവനെ ഒതുക്കാനും ഈ കൂട്ടുകെട്ടിനറിയാം. ഭരണം പണവും പണം ഭരണവുമായി മാറിയിരിക്കുന്ന ഇക്കാലത്ത് 2014 ഡിസംബര്‍ എട്ടിന് ഹൈക്കോടതിയില്‍ നിന്നും കായല്‍ കൈയേറ്റത്തിനെതിരെ വന്ന വിധി പൊതു ജനങ്ങള്‍ക്ക് വലിയ ആശ്വാസത്തിന് ഇടവരുത്തിയിരിക്കുന്നു. എറണാകുളത്ത് വേമ്പനാട്ടു കായലിന്റെ ഭാഗമായ ചിലവന്നൂര്‍ കായല്‍ തീരദേശ സംരക്ഷണ നിയമം ലംഘിച്ച് ഡി എല്‍ എഫ് നടത്തിയ നിര്‍മാണങ്ങളാണ് പൊളിച്ചുകളയാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പാരിസ്ഥിതിക അനുമതിയില്ലാതെ വെമ്പനാട് കായല്‍ കൈയേറി ബഹുനില പാര്‍പ്പിട സമുച്ചയം നിര്‍മിക്കാന്‍ കൂട്ടു നിന്നതിന് കൊച്ചി നഗര സഭയേയും കോടതി വിമര്‍ശിച്ചു. കെട്ടിട നിര്‍മാണ അനുമതി നല്‍കിയതില്‍ കൊച്ചി കോര്‍പറേഷന്‍ വന്‍ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. തീരദേശ സംരക്ഷണ നിയമം ലംഘിച്ചതായി സംസ്ഥാന തീരദേശ സംരക്ഷണ അതോറിറ്റിയും കണ്ടെത്തിയിരുന്നു. നിയമ ലംഘനത്തിലൂടെ നാടിന്റെ ഭാവി തകര്‍ക്കാന്‍ അനുവദിക്കാനാകില്ലായെന്ന് കോടതി നിരീക്ഷിച്ചു. നിയമ വിരുദ്ധമായി കായല്‍ കൈയേറുക മാത്രമല്ല, ചട്ടവിരുദ്ധമായ കെട്ടിട നിര്‍മാണവും നടന്നിരിക്കുന്നു. നഗ്നമായ നിയമലംഘനങ്ങളാണിവിടെ ഉണ്ടായിരിക്കുന്ത്. അതിനാല്‍ നിര്‍മിതികള്‍ പൊളിച്ചു മാറ്റണം. തീരദേശനിയമം വ്യാപകമായി ലംഘിച്ച് കെട്ടിടങ്ങളുടെ നിര്‍മാണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുമതി നല്‍കുന്നതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും വിജിലന്‍സ് ആന്റ് കറപ്ഷന്‍ ബ്യൂറോയും കണ്ടെത്തിയിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തീരദേശ ജലാശയങ്ങള്‍ കൈയേറുക, തീരദേശങ്ങളില്‍ നിന്നും നിശ്ചിത ദൂരം എന്ന വ്യവസ്ഥ ലംഘിക്കുക, നിര്‍മാണം തീരുന്നതിന് മുമ്പ് ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുക, പ്ലാനിലെ വിസ്തീര്‍ണത്തേക്കാള്‍ കൂടുതല്‍ കൈയേറ്റ ഭൂമിയില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ തീര്‍ക്കുക, ഫ്‌ളോര്‍ ഏരിയാ അനുപാതം പാലിക്കാതിരിക്കു തുടങ്ങി വന്‍ നിയമലംഘനങ്ങളാണ് ഉദ്യോസ്ഥ ഒത്താശയോടെ നടക്കുന്നതെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയതാണ്. എന്നിട്ടും ആരും നടപടി സ്വീകരിച്ചില്ല.
കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രനിരപ്പില്‍ ഉയര്‍ച്ച സംഭവിക്കുമ്പോള്‍ കൂടുതല്‍ സമുദ്ര ജലം കരയിലേക്ക് ഇടിച്ചു കയറാതിരിക്കാന്‍ കായല്‍ വിസ്തീര്‍ണം കുറയാന്‍ പാടില്ലാത്തതാണ്. കായല്‍ ആവാസ വ്യവസ്ഥ ചില പ്രത്യേക ജൈവ വൈവിധ്യമേഖലയാണ്. മത്സ്യ പ്രജനനം, ഞണ്ട്, ചെമ്മീന്‍, ആമകള്‍ തുടങ്ങിയ എണ്ണമറ്റ കായല്‍ ജീവികളുടെ നാശമാണ് കായല്‍ നികത്തുന്നതുമൂലം സംഭവിക്കുന്നത്. ഇത് മത്സ്യമേഖലയില്‍ ജീവസന്ധാരണം നടത്തുന്ന ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെയാണ് ബാധിക്കുക. കായല്‍ ആവാസ വ്യവസ്ഥ എണ്ണമറ്റ പക്ഷി സമൂഹങ്ങളെയാണ് തീറ്റിപ്പോറ്റുന്നത്. കടലില്‍ നിന്ന് നദികളിലേക്ക് കൂടുതല്‍ ഉപ്പുവെള്ളം കയറാതിരിക്കാനും കായല്‍ സഹായകരമാണ്. ഭക്ഷ്യ ശൃംഖലാ ജലത്തിലെ തുടക്കക്കാരായ പ്ലവക സസ്യങ്ങളുടെ പ്രജനന കേന്ദ്രവും കായല്‍ ആവാസ വ്യവസ്ഥയാണ്. അതുകൊണ്ട് തന്നെ കായല്‍ നികത്തലും കൈയേറ്റങ്ങളും പ്രകൃതിയേയും മനുഷ്യനേയും ഒരു പോലെ വിപരീതമായി ബാധിക്കും. മത്സ്യത്തൊഴിലാളികളുടെ ജീവിത സുരക്ഷ ഉറപ്പാക്കാനുള്ള നിയമമാണ് തീര ദേശ സംരക്ഷണ നിയമം. ഇത് ലംഘിച്ച് പണത്തിന്റെ ആധിക്യം ഉപയോഗപ്പെടുത്തി നിയമം കൈയിലെടുക്കാനുള്ള ഡി എല്‍ എഫിന്റെ ശ്രമത്തെയാണ് കേരള ഹൈക്കോടതി തടയിട്ടിരിക്കുന്നത്. നിയമ ലംഘനം നടത്തി പണിതിരിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതോടൊപ്പം നിയമ ലംഘനങ്ങള്‍ക്ക് കൂട്ടു നിന്ന ഉദ്യോഗസ്ഥ- രാഷ്ട്രീയ കൂട്ടു കെട്ടില്‍ കണ്ണികളായവരേയും ശിക്ഷിക്കണം. കേരളമൊട്ടുക്ക് നടക്കുന്ന പൊതു മുതല്‍ കൊള്ളക്കെതിരെയുള്ള താക്കീതാണ് ഹൈക്കോടതി വിധി.