നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

Posted on: December 16, 2014 11:01 pm | Last updated: December 16, 2014 at 11:01 pm

ഹരിപ്പാട്: പ്രദേശത്ത് തുടര്‍ച്ചയായി നടത്തിയ റെയ്ഡില്‍ ഇന്നലെയും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കടയില്‍ നടത്തിയ പരിശോധനയില്‍ ഒന്നരലക്ഷം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. പൊത്തപ്പളളി വിഷ്ണു വിഹാറില്‍ മാധവന്റെ മകന്‍ സുരേഷ് കുമാറി (57) ന്റെ ഡാണാപ്പടി ജംഗ്ഷനിലുളള കടയിലാണ് ഹരിപ്പാട് പോലീസ് പരിശോധന നടത്തിയത്.
ഇന്നലെ രാവിലെ 10 മണിയോടെ നടത്തിയ പരിശോധനയില്‍ കടയോട് ചേര്‍ന്നുളള സ്‌റ്റോര്‍ മുറിയില്‍ നിന്നാണ് രണ്ട് ചാക്കുകളിലാക്കിയ നിലയില്‍ പാന്‍മസാലകള്‍ കണ്ടെത്തിയത്.
മുപ്പത് പാക്കറ്റ് വീതം കൊളളുന്ന 130 വലിയ കിറ്റുകളാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം തൃക്കുന്നപ്പുഴ പോലീസ് ഒരു ലക്ഷം രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. നിരോധിത പുകയില ഉത്പന്നങ്ങളായ ഹാന്‍സ്, കൂള്‍ ലിപ്പ് എന്നിവയുടെ പാക്കറ്റുകളാണ് പൂട്ടിയിട്ടിരുന്ന ഗോഡൗണിന്റെ വാതില്‍ കുത്തിത്തുറന്ന് പൊലീസ് പിടിച്ചെടുത്തത്. കച്ചവടം നടത്തിയ സുരേഷിന്റെ പേരില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് മുമ്പ് നാല് തവണ കേസെടുത്തിട്ടുണ്ട്. സുരേഷ് പ്രദേശത്തെ മൊത്തക്കച്ചവടക്കാരനാണ്. സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹരിപ്പാട് എസ് ഐ. എം കെ രാജേഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. വേഷം മാറിയാണ് പൊലീസ് കടയിലെത്തിയത്. ഈശ്വ പി ഈശ്വ, കമലന്‍, സിദ്ദീഖ്, നിഷാദ്, ഇക്ബാല്‍, ശാഫി, ജയകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പൊലീസിനെ കണ്ട് കടയുടമ ഓടി രക്ഷപെടുകയായിരുന്നു. കടയിലെ തൊഴിലാളി സുബിനെ പോലീസ് കസ്റ്റഡിയിലെടുത്തു.