ഇന്ത്യന്‍ രൂപയുടെ വിലയിടിഞ്ഞു

Posted on: December 16, 2014 8:34 pm | Last updated: December 16, 2014 at 8:34 pm

rupeeദുബൈ: എണ്ണവില കുറഞ്ഞതു ഇന്ത്യന്‍ രൂപയുടെയും വിലയിടിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മണി എക്‌സ്‌ചേഞ്ചുകളില്‍ തിരക്കനുഭവപ്പെട്ടു. വ്യാഴാഴ്ചയാണ് ഏറ്റവും കൂടുതല്‍ നിരക്ക് ലഭ്യമായത്. ചില എക്‌സ്‌ചേഞ്ചുകളില്‍ ദിര്‍ഹമിന് 17 രൂപവരെ എത്തിയെങ്കിലും പിന്നീടു കുറഞ്ഞു. കഴിഞ്ഞ ദിവസം 16.95 വരെയെത്തി.
ശനി, ഞായര്‍ ദിവസങ്ങള്‍ ആഗോള വിപണി അവധിയായതിനാല്‍ നിരക്കില്‍ മാറ്റമില്ലാതെ തുടരുകയാണ്. പരമാവധി തുക നാട്ടിലേക്ക് അയയ്ക്കാനാണു പ്രവാസികളുടെ ശ്രമം. മാസങ്ങള്‍ക്കു ശേഷമാണു വിനിമയനിരക്കില്‍ പെട്ടെന്നു വ്യതിയാനമുണ്ടായത്. വേതനം ലഭിച്ച് അധികമാകുന്നതിനു മുന്‍പേ നിരക്കു കൂടിയതു പ്രയോജനപ്പെടുത്താന്‍ തൊഴിലാളികളും ജീവനക്കാരും എക്‌സ്‌ചേഞ്ചുകളില്‍ പാഞ്ഞെത്തി. ചിലര്‍ വായ്പയെടുത്തും കടം വാങ്ങിയുമാണു നിരക്ക് വ്യത്യാസം മുതലാക്കാന്‍ ശ്രമിച്ചത്.
എണ്ണവില ഇടിയുന്നത് ഇനിയും കറന്‍സി വിപണിയില്‍ മാറ്റമുണ്ടാക്കുമെന്നാണു പ്രതീക്ഷ. രൂപ ദുര്‍ബലമായതിനെ തുടര്‍ന്ന് ഈ വര്‍ഷമാദ്യം ദിര്‍ഹത്തിനു മികച്ച നിരക്കു ലഭിച്ചിരുന്നു. 17 രൂപയും കടന്നു 18 തൊട്ടുതൊട്ടില്ലായെന്ന അവസ്ഥയിലെത്തിയ നിരക്ക് പിന്നീടു കുറയുകയായിരുന്നു. 16.50നു താഴെപ്പോകാതെ തുടര്‍ന്ന നിരക്ക് കഴിഞ്ഞാഴ്ച പെട്ടെന്ന് 16.90ല്‍ എത്തുകയായിരുന്നു. എന്നാല്‍ ഈയാഴ്ച നിരക്കില്‍ വലിയ വ്യത്യാസം പ്രതീക്ഷിക്കുന്നില്ലെന്നാണ് സൂചന.