Connect with us

Wayanad

സമൂഹ മനഃസാക്ഷി ഉണര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകന്റെ സൈക്കിള്‍ യാത്ര

Published

|

Last Updated

കല്‍പ്പറ്റ: ജീവിതത്തിന്റെ വിവിധ തുറകളില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിനും പീഡനങ്ങള്‍ക്കുമെതിരേ സമൂഹമനഃസാക്ഷി ഉണര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകന്റെ സൈക്കിള്‍ യാത്ര. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനും ബിഹാറിലെ ചാപ്ര താരിയാണി സ്വദേശിയുമായ രാകേഷ്‌കുമാര്‍ സിംഗിന്റേതാണ് സൈക്കിള്‍ പര്യടനം. ഏകദേശം 32,000 കിലോമീറ്റര്‍ താണ്ടി 2017 നവംബറില്‍ ഡല്‍ഹിയില്‍ സമാപിക്കുംവിധമാണ് യാത്രാ ക്രമീകരണം. ഇക്കഴിഞ്ഞ മാര്‍ച്ച് 15ന് ചെന്നൈയിയിരുന്നു പര്യടനത്തിനു തുടക്കം. തമിഴ്‌നാടും കേരളവും പിന്നിട്ട് രാകേഷിന്റെ യാത്ര കഴിഞ്ഞ ദിവസം കര്‍ണാടകയിലെ മൈസൂര്‍ ജില്ലയില്‍ പ്രവേശിച്ചു.
കോഴിക്കോടുനിന്നു കല്‍പ്പറ്റയിലെത്തിയ രാകേഷ് ബത്തേരി വഴിയാണ് കര്‍ണാടയിലേക്ക് നീങ്ങിയത്. കല്‍പ്പറ്റയില്‍ എത്തുമ്പോഴേക്കും ഈ നാല്‍പ്പതുകാരന്‍ ചവിട്ടിത്തീര്‍ത്തത് 3,000 കിലോമീറ്റര്‍.
വികസ്വരരാഷ്ട്രമായ ഇന്ത്യയില്‍ ഒരുവശത്ത് സ്ത്രീ-പുരുഷ സമത്വം പ്രകാശം ചൊരിയുകയാണ്. വിവിധ മേഖലകളില്‍ ആണുങ്ങള്‍ക്കൊപ്പം ചുവടുവെയ്ക്കുയാണ് പെണ്ണുങ്ങള്‍. എന്നാല്‍ ഇരുള്‍പരന്ന മറുവശത്ത് സ്ത്രീകള്‍ അനുഭവിക്കുന്നത് കടുത്ത വിവേചനവും പീഡനങ്ങളും. സാധാരണ ഇന്ത്യന്‍ കുടുംബങ്ങളില്‍ ബാല്യത്തിലേ വിവേചനത്തിന്റെ ഇരകളാണ് സ്ത്രീകള്‍. മാതാപിതാക്കള്‍ ആണ്‍മക്കള്‍ക്ക് വകവെച്ചുകൊടുക്കുന്ന സ്വാതന്ത്ര്യം പെണ്‍മക്കള്‍ക്ക് അനുവദിക്കുന്നില്ല. അടങ്ങിയൊതുങ്ങി ജീവിക്കാനാണ് രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത്. വിദ്യാലയത്തിലും തൊഴില്‍ശാലയിലും ഭര്‍തൃഗൃഹത്തിലും ചട്ടക്കൂടിനകത്താണ് സ്ത്രീയുടെ ജീവിതം. ചട്ടക്കൂട് തകര്‍ക്കാനുള്ള ദുര്‍ബലമായ ശ്രമംപോലും പുരുഷനു മേല്‍ക്കൈയുള്ള സമൂഹം ദുര്‍വ്യാഖ്യാനം ചെയ്യുന്നു. ഇതിനുപുറമേയാണ് ജീവിതയാത്രയിലെ പീഡാനുഭവങ്ങള്‍. ലൈംഗികാതിക്രമകള്‍ക്കും ആസിഡ് ആക്രമണങ്ങള്‍ക്കും വരെ സ്ത്രീകള്‍ ഇരകളാകുന്നു. ഈ അവസ്ഥ മാറണമെങ്കില്‍ യഥാര്‍ഥ ലിംഗസമത്വം പുലരണം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തന്റെ യാത്രയെന്ന് രാകേഷ് പറഞ്ഞു. ലിംഗസമത്വവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവാദങ്ങള്‍, ശില്‍പശാലകള്‍, ഗ്രാമങ്ങളില്‍ പാവകളി എന്നിവ നടത്തിയുമാണ് രാകേഷിന്റെ സൈക്കിള്‍ പ്രയാണം. സ്ത്രീ ശാക്തീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടേയും വ്യക്തികളുടേയും സഹകരണത്തോടെയാണ് ഓരോ പ്രദേശത്തും ശില്‍പശാലയും പാവകളിയും മറ്റും നടത്തുന്നത്.