Connect with us

Malappuram

താറാവുകള്‍ കൂട്ടത്തോടെ ചത്തത് അണുബാധ മൂലമാണെന്ന്

Published

|

Last Updated

പൊന്നാനി: തീറ്റ കൊടുക്കാന്‍ കയലില്‍ കൊണ്ടുവന്ന താറാവുകള്‍ കൂട്ടത്തോടെ ചത്തത് അണുബാധ മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
പൊന്നാനി കോള്‍ മേഖലയോട് ചേര്‍ന്ന് കാഞ്ഞിരമുക്ക് മുക്കോലം പാടം താഴത്ത് കായലില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് 24 താറാവുകള്‍ കൂട്ടത്തോടെ ചത്തത്.
ചത്ത താറാവുകളില്‍ രണ്ടെണ്ണത്തിന്റെ പോസ്റ്റ് മോര്‍ട്ടം മലപ്പുറം ജില്ലാ വെറ്റിനറി ആശുപത്രിയില്‍ ഇന്നലെയാണ് നടന്നത്. പാസ്റ്ററിന്‍ല എന്ന അണുബാധയാണ് താറാവുകള്‍ ചാവാന്‍ ഇടയായതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞതായി വട്ടംകുളം വെറ്റിനറി സര്‍ജന്‍ വി കെ പി മോഹന്‍കുമാര്‍ പറഞ്ഞു.
ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള നിരന്തരമായ യാത്രയില്‍ വാഹനത്തിലുള്ള സഞ്ചാരം കാരണമുള്ള സമ്മര്‍ദ്ധമാണ് 24 താറാവുകള്‍ ചാവാനിടയാക്കിയത്. ഇവ കൂട്ടത്തോടെ ചത്തയുടനെ തന്നെ കൂടെയുണ്ടായിരുന്ന 176 താറാവുകള്‍ക്ക് വെറ്റിനറി അധികൃതര്‍ ആന്റിബയോട്ടിക് നല്‍കിയതിനാലാണ് ഇവ രക്ഷപ്പെട്ടതെന്നും ഡോ. മോഹന്‍കുമാര്‍ പറഞ്ഞു.
പക്ഷിപ്പനി മൂലമാണ് താറാവുകള്‍ ചത്തതെന്ന് സംശയമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. ബ്രഹ്മാനന്ദന്റെ നിര്‍ദ്ദേശ പ്രകാരം പാലക്കാട് റീജിയണല്‍ റിസോഴ്‌സ് ഡയഗണല്‍ ലബോറട്ടറിയില്‍ ചത്ത താറാവുകളുടെ ആന്തരിക സാമ്പിളുകള്‍ രാസപരശോധനക്ക് വിധേയമാക്കുകയും പരിശോധനയില്‍ പക്ഷിപ്പനി കാരണമല്ല താറാവുകള്‍ ചത്തതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ചത്ത താറാവുകളോടൊപ്പമുണ്ടായിരുന്ന 176 താറാവുകള്‍ ഒരാഴ്ച കൂടി മൃഗ സംരക്ഷണ വകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും.

Latest