സഊദിയില്‍ കൊടുംപീഡനത്തിനിരയായി യുവാവ്

Posted on: December 16, 2014 10:30 am | Last updated: December 16, 2014 at 10:30 am

കണ്ണൂര്‍: ജോലിക്ക് സഊദി അറേബ്യയില്‍ പോയി വഞ്ചിക്കപ്പെട്ട് കൊടുംപീഡനത്തിനിരയായി കഴിയുന്ന യുവാവിനെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കുടുംബാംഗങ്ങള്‍. കഴിഞ്ഞ ജുലൈയിലാണ് അഴീക്കോട് പള്ളിക്കുന്നുമ്പ്രത്തെ മുകേഷ് അയല്‍വാസിയായ സുഹറാബിയുടെ ഭര്‍ത്താവ് അന്‍സാരിയുടെ സഹായത്തോടെ ഹൗസ് ഡ്രൈവര്‍ വിസയില്‍ സഊദിയിലേക്ക് പോയത്. സഊദിയിലെ ഒരു സ്ഥലത്ത് അന്‍സാരി ഗാര്‍ഡനര്‍ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. അതുപ്രകാരം വിസക്ക് 18000 രൂപയും മെഡിക്കല്‍, എമിഗ്രേഷന്‍ എന്നിവക്ക് ഇരുപതിനായിരവും ചെലവഴിച്ചാണ് മുകേഷ് സഊദിയിലേക്ക് തിരിച്ചത്. എന്നാല്‍ ലഭിച്ചത് മരുഭൂമിയില്‍ ആടുകളെ മേയ്ക്കുന്ന ജോലിയായിരുന്നുവത്രെ. കൂടാതെ രാവിലെ ആറ് മുതല്‍ രാത്രി എട്ട് മണി വരെ ജോലി ചെയ്യുകയും വേണം. കടുത്ത പീഡനം ഏറ്റുവാങ്ങിയാണ് മുകേഷ് ജോലി ചെയ്യുന്നതെന്ന് മാതാപിതാക്കളായ മുരളി, പുഷ്പജ, സഹോദരിമാരായ ഷിമ്‌ന, രേഷ്മ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മൂന്ന് മാസം മുമ്പ് മകന്‍ ഒരു തവണ വിളിച്ചപ്പോഴാണ് യാഥാര്‍ഥ്യങ്ങള്‍ മനസ്സിലായത്. വിസ നല്‍കിയ അയല്‍വാസി അന്‍സാരി തങ്ങളെ കബളിപ്പിച്ചതായും വാഗ്ദാനം ചെയ്ത ജോലിയല്ല ലഭിച്ചതെന്നും മകന്‍ പറഞ്ഞതായി രക്ഷിതാക്കള്‍ വ്യക്തമാക്കി. ഇതിന് ശേഷം മകനെ കുറിച്ച് യാതൊരു വിവരവുമില്ല. ഇത് വരെ ശമ്പളമൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിവ്. പ്രവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ‘നവോദയ’ എന്ന സംഘടനയുടെ ഭാരവാഹികള്‍ നടത്തിയ അന്വേഷണത്തില്‍ മണിആന്‍ അമോദ്‌വില്‍ അല്‍അലാസി എന്ന സ്‌പോണ്‍സറുടെ കൈയില്‍ നിന്നും അന്‍സാരി മുകേഷിനെ സഊദിയില്‍ എത്തിക്കാന്‍ 1.25 ലക്ഷം കൈപ്പറ്റിയെന്ന് വിവരം ലഭിച്ചു. ഇനി മുകേഷിനെ നാട്ടിലേക്ക് തിരിച്ചയക്കണമെങ്കില്‍ അന്‍സാരി സ്‌പോണ്‍സറില്‍ നിന്നും കൈപ്പറ്റിയ തുകക്ക് പകരം രണ്ട് ലക്ഷം രൂപ നല്‍കണമത്രെ. ഇതേത്തുടര്‍ന്ന് വളപട്ടണം എസ് ഐക്ക് തങ്ങള്‍ ആഗസ്റ്റ് എട്ടിന് നല്‍കിയ പരാതി പ്രകാരം ആഗസ്റ്റ് 31നകം അന്‍സാരി മുകേഷിനെ തിരികെ കൊണ്ടുവരാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, കേന്ദ്രപ്രവാസികാര്യ മന്ത്രി, ജില്ലാ പോലീസ് സൂപ്രണ്ട്, കലക്ടര്‍, ഇന്ത്യന്‍ എംബസി, ആഭ്യന്തരവകുപ്പ്, എം എല്‍ എ, എം പി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പക്ഷേ അനുകൂല നീക്കങ്ങളൊന്നും ഇത് വരെയുണ്ടായിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.