Connect with us

National

അലിഗഢിലെ മതംമാറ്റ ചടങ്ങിന് അനുമതിയില്ല; പിന്‍മാറില്ലെന്ന് ബജ്‌റംഗ്ദള്‍

Published

|

Last Updated

ന്യൂഡല്‍ഹി/ ലക്‌നോ: ക്രിസ്മസ് ദിനത്തില്‍ അലിഗഢില്‍ നടക്കുമെന്ന് പ്രഖ്യാപിച്ച കൂട്ട മതപരിവര്‍ത്തന ചടങ്ങില്‍ നിന്ന് പിന്‍മാറില്ലെന്ന് സംഘ് പരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചതോടെ ക്രമസമാധാന നില വഷളാകുമെന്ന് റിപ്പോര്‍ട്ട്. മതപരിവര്‍ത്തന ചടങ്ങായ ഘര്‍ വാപസിക്ക് പോലീസ് അനുമതി നല്‍കിയിട്ടില്ല. എന്നാല്‍, ചടങ്ങില്‍ പങ്കെടുക്കുമെന്നും അതില്‍ തെറ്റില്ലെന്നും ബി ജെ പി. എം പി യോഗി ആദിത്യ നാഥ് പറഞ്ഞു.
അലിഗഢ് റേഞ്ച് ഡി ഐ ജി മോഹിത് അഗര്‍വാളിന്റെ നേതൃത്വത്തില്‍ നടന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മതപരിവര്‍ത്തന പരിപാടിക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്. നാല് ജില്ലകളിലെ പോലീസ് മേധാവികള്‍ യോഗത്തില്‍ സംബന്ധിച്ചു. സംഘടനകളുടെ പ്രര്‍ത്തനങ്ങള്‍ക്കെതിരെയും പരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെയുമുള്ള നടപടി, നിരീക്ഷണം, രഹസ്യാന്വേഷണം എന്നിവ യോഗം വിലയിരുത്തി. പ്രദേശത്ത് 144 ാം വകുപ്പ് ഏര്‍പ്പെടുത്തിയതായും ഡി ഐ ജി അറിയിച്ചു.
ഇതിനോട് പ്രകോപനപരമായാണ് ബജ്‌റംഗ്ദള്‍ കണ്‍വീനര്‍ ബല്‍രാജ് ദൂംഗര്‍ പ്രതികരിച്ചത്. മുസാഫര്‍നഗര്‍ കലാപത്തിന് മുമ്പും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മഹാപഞ്ചായത്ത് നടന്നു. 144ലേറെ ആള്‍ക്കാര്‍ ഒത്തുകൂടുമ്പോള്‍ 144 ാം വകുപ്പ് അപ്രസക്തമാകുന്നു. ഹിന്ദു സമുദായം ഉണര്‍ന്നിരിക്കുന്നു. എന്തു തന്നെ സംഭവിച്ചാലും ചടങ്ങ് സംഘടിപ്പിക്കുക തന്നെ ചെയ്യും. ദുംഗര്‍ വെല്ലുവിളി മുഴക്കി.
കഴിഞ്ഞ വര്‍ഷത്തെ മുസാഫര്‍നഗര്‍ കലാപത്തിലെ കുറ്റാരോപിതനാണ് ദുംഗര്‍. ഉത്തര്‍ പ്രദേശില്‍ “ലൗ ജിഹാദ്” ആദ്യമായി പ്രചരിപ്പിച്ചയാളുമാണ്. “ലൗ ജിഹാദ്” പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു. ഇയാള്‍ക്കെതിരെ 15 കേസുകളുണ്ട്.
കഴിഞ്ഞയാഴ്ച ആഗ്രയില്‍ ഇരുന്നൂറിലധികം മുസ്‌ലിംകളെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി അവകാശവാദമുണ്ടായിരുന്നു. എന്നാല്‍ ഇത് പ്രലോഭിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും സമ്മര്‍ദം ചെലുത്തിയുമാണെന്ന് തെളിഞ്ഞു. മതം മാറാന്‍ മുസ്‌ലിംകള്‍ക്ക് അഞ്ച് ലക്ഷം രൂപയും ക്രിസ്ത്യാനികള്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് പ്രതിഫലം വാഗ്ദാനം ചെയ്തത്.