വ്യാജ രേഖ നിര്‍മാണം: മുഴുവന്‍ പ്രതികളെയും പിടിക്കണം: സി പി എം

Posted on: December 15, 2014 6:48 am | Last updated: December 15, 2014 at 4:48 pm

കാസര്‍കോട്: കാഞ്ഞങ്ങാടും കാസര്‍കോടും കേന്ദ്രീകരിച്ച് നടക്കുന്ന വ്യാജ രേഖാ നിര്‍മാണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ആവശ്യപ്പെട്ടു. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുന്ന രാജ്യദ്രോഹികളാണ് ഇതിനു പിന്നിലുള്ളത്. ഏത് സര്‍ടിഫിക്കറ്റും വ്യാജമായി ഉണ്ടാക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ സ്വായത്തമാക്കിയവരാണ് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
നാലുദിവസം കഴിഞ്ഞിട്ടും ഈ കേസില്‍ ഒറ്റ പ്രതിയെപോലും അറസ്‌റ് ചെയ്യാന്‍ കഴിയാത്തത് ഇതിന് തെളിവാണ്. കോടികണക്കിന് രൂപയുടെ മണല്‍ കൊള്ളക്കാണ് മുസ്‌ലിംലീഗ് നേതൃത്വം ഒത്താശ ചെയ്തിരിക്കുന്നത്. പ്രതികള്‍ എം എസ് എഫിന്റെയും യൂത്ത്‌ലീഗിന്റെയും ജില്ലയിലെ പ്രമുഖ നേതാക്കളായിട്ടും ലീഗ് ജില്ലാനേതൃത്വം മൗനം പാലിക്കുകയാണ്. നേതൃത്വത്തിന്റെ അറിവോടെയാണ് ഈ തട്ടിപ്പ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കെ പി സതീഷ് ചന്ദ്രന്‍ പറഞ്ഞു.