Connect with us

Kozhikode

ചെമ്മരത്തൂരില്‍ വന്‍ വ്യാജമദ്യവേട്ട; വാഷും ചാരായവും പിടിച്ചെടുത്തു

Published

|

Last Updated

വടകര: തിരുവള്ളൂര്‍ പഞ്ചായത്തിലെ ചെമ്മരത്തൂര്‍ പെങ്കമലയില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ ആയിരം ലിറ്റര്‍ വാഷും അഞ്ച് ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. എക്‌സൈസ് സംഘത്തെ കണ്ട് പ്രതി ഓടിരക്ഷപ്പെട്ടു. ഷാഡോ എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വടകര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഒ വിനോദിന്റെ നേതൃത്വത്തില്‍ ഇരുനൂറോളം ഏക്കറോളം വിസ്തൃതിയിലുള്ള മലയില്‍ റെയ്ഡ് നടത്തിയത്.
പിടിച്ചെടുത്ത വാഷ് നശിപ്പിച്ച എക്‌സൈസ് സംഘം, ചാരായവും വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തു. മലയുടെ മുകളില്‍ കശുമാവിന്‍ തോട്ടത്തിനിടയില്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് ഷെഡ് കെട്ടിയായിരുന്നു വാറ്റ്. മലമുകളില്‍ എത്തിപ്പെടാന്‍ തന്നെ പ്രയാസമാണ്. 25 ലിറ്റര്‍ അലൂമിനിയം ചരുവ, അലൂമിനിയം കലം, പൈപ്പ് ഘടിപ്പിച്ച വാറ്റ് തട്ട്, പത്ത് ലിറ്റര്‍ പ്ലാസ്റ്റിക് ബാരല്‍-2, 100 ലിറ്റര്‍ സിമെന്റ് ജാഡി-2, 20 ലിറ്റര്‍ പ്ലാസ്റ്റിക് പാത്രം-6, 15 ലിറ്റര്‍ അലൂമിനിയം ചരുവ എന്നിവയാണ് പിടിച്ചെടുത്ത വാറ്റുപകരണങ്ങള്‍.
തിരുവള്ളൂര്‍, ആയഞ്ചേരി, മണിയൂര്‍ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലേക്ക് നാടന്‍ ചാരായം ഒഴുക്കുന്നുണ്ടെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിന്റെ ഉറവിടം കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. വന്‍ വാറ്റുകേന്ദ്രം തകര്‍ക്കപ്പെട്ടതോടെ വ്യാജ മദ്യമൊഴുക്ക് നിലക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും അധികൃതരും. റെയ്ഡിന് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുശാന്ത് ആര്‍ എന്‍, വിനോദന്‍ എന്‍, സാനേഷ്‌കുമാര്‍ കെ കെ, വി റഷീദ് നേതൃത്വം നല്‍കി.