സിഡ്‌നിയില്‍ കോഫീഷോപ്പില്‍ ജനങ്ങളെ ബന്ദികളാക്കി

Posted on: December 15, 2014 10:27 am | Last updated: December 16, 2014 at 12:26 am

sydney-hostageസിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ കോഫി ഷോപ്പില്‍ ജനങ്ങളെ ബന്ദികളാക്കി. എത്രപേര്‍ ബന്ദികളായിട്ടുണ്ടെന്ന് വ്യക്തമല്ല. സംഭവത്തിന് പിന്നില്‍ ഇസില്‍ തീവ്രവാദികളാണെന്നാണ് സംശയം. ഇസിലിന്റേതെന്ന് സംശയിക്കുന്ന പതാക മാധ്യമങ്ങള്‍ പുറത്തുവിട്ട ഷോപ്പിന്റെ ദൃശ്യങ്ങളിലുണ്ട്.  ആയുധധാരിയായ ഒരാള്‍ ഷോപ്പിനുള്ളില്‍ ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ബന്ദികളുമായി പൊലീസിന് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. കോഫീ ഷോപ്പിനുള്ളില്‍ ജനാലയ്ക്ക് സമീപം കൈകകളുയര്‍ത്തി നില്‍ക്കുന്ന ബന്ദികളുടെ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. സംഭവത്തെ തുടര്‍ന്ന് ഷോപ്പിനു സമീപത്തുള്ള സ്ഥാപനങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സിഡ്‌നിക്കു മുകളിലൂടെയുള്ള വ്യോമഗതാഗതവും നിരോധിച്ചിട്ടുണ്ട്.
സംഭവം ആശങ്കാജനകമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരില്‍ വിശ്വാസമുണ്ടെന്നും പ്രത്യേക പരിശീലനം നേടിയവരെ ബന്ദികളെ മോചിപ്പിക്കുന്നതിനായി നിയോഗിക്കുമെന്നും ആബട്ട് വ്യക്തമാക്കി.