നക്‌സല്‍ വിരുദ്ധ സേനക്കുള്ള സംസ്ഥാന ആനൂകൂല്യം റദ്ദാക്കിയ നടപടിയില്‍ സേനയില്‍ പ്രതിഷേധം

Posted on: December 15, 2014 4:37 am | Last updated: December 14, 2014 at 11:38 pm

പാലക്കാട്: സംസ്ഥാന നക്‌സല്‍ വിരുദ്ധ സേനക്കുള്ള സംസ്ഥാന ആനൂകൂല്യം റദ്ദാക്കിയ്‌നടപടിക്കെതിരെ സേനയില്‍ പ്രതിഷേധം ഉയരുന്നു. സേനാംഗങ്ങള്‍ക്ക് കേന്ദ്രാനുകൂല്യത്തിന് പുറമേ സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസം നല്‍കിയിരുന്ന 1500 രൂപയാണ് മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കിയത്.
ഇതു വരെ നല്‍കിയിരുന്ന ആനുകൂല്യം രണ്ടു മാസത്തിനുള്ളില്‍ തിരികെ പിടിക്കണമെന്ന നിര്‍ദ്ദേശത്തോടും സേനക്കുള്ളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.മാവോയിസ്റ്റുളെയും മറ്റും നേരിടുന്നതിനായി സംസ്ഥാന പോലീസ് രൂപവത്കരിച്ച നക്‌സല്‍ വിരുദ്ധ സേനക്കുള്ള പ്രത്യേക പോലീസ് അലവന്‍സാണ് അക്കൗണ്ടന്റ് ജനറലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ റദ്ദാക്കിയത്.
തണ്ടര്‍ബോള്‍ട്ട് സേനയില്‍പ്പെട്ട 220 പേര്‍ക്ക് കേന്ദ്രാനുകൂല്യത്തിന് പുറമെ പ്രതിമാസം 1500 രൂപ നല്‍കിയിരുന്നു. എന്നാല്‍ രണ്ട് ആനുകൂല്യങ്ങളും നല്‍കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തത്. 2013 നവംബര്‍ മുതല്‍ നല്‍കിയ ആനുകൂല്യം വരുന്ന രണ്ടുമാസത്തിനുള്ളില്‍ തിരിച്ചുപിടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതേ തുടര്‍ന്ന് രണ്ടു മാസങ്ങളിലായി ഒന്‍പതിനായിരം രൂപ വീതം ഇവരുടെ ശബളത്തില്‍നിന്നും തിരിച്ചുപിടിക്കും.
ഇത് കടുത്ത അസംതൃപ്തിയാണ് സേനാംഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ളത്. ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് ഇവര്‍ വനാന്തര്‍ ഭാഗങ്ങളില്‍ ജോലി ചെയ്തു വരുന്നത്. അര്‍ഹതപ്പെട്ട അവധിപോലും സേനാംഗങ്ങള്‍ക്ക് ലഭിക്കാറില്ല. ഇതെല്ലാം പരിഗണിച്ചായിരുന്നു സേനാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ആനുകൂല്യം നല്‍കിയിരുന്നത്. എന്നിട്ടും ഡേ ഓഫ് അലവന്‍സ്, റിസ്‌ക് അലവന്‍സ്, സ്മാര്‍ടനസ് അലവന്‍സ്, ബറ്റാലിയന്‍അലവന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ റദ്ദ് ചെയ്തത് തങ്ങളോടുള്ള അവഗണനയായാണ് സേനാംഗങ്ങള്‍ കരുതുന്നത്.
ഇനി ആനുകൂല്യം പുനസ്ഥാപിക്കാന്‍ കഴിയില്ലെങ്കില്‍, ഇതുവരെ നല്‍കിയ പണം തിരിച്ചുപിടിക്കുന്നതെങ്കിലും ഒഴിവാക്കണമെന്നാണ് സേനാംഗങ്ങള്‍ ആവശ്യപ്പെടുന്നത്. മാവോയിസ്റ്റ് റെയ്ഡുകള്‍ സജീവമായ സാഹചര്യത്തില്‍ സേനയിലുണ്ടായ അസംതൃപ്തി ഇവരുടെ പ്രവര്‍ത്തനത്തെയും ബാധിക്കാന്‍ സാധ്യതയേറെയാണ്.
സംസ്ഥാനത്തെ വനാന്തരങ്ങളില്‍ മവോയിസ്റ്റ് സാന്നിധ്യം ശക്തമായിരിക്കെ നക്‌സല്‍ വിരുദ്ധ സേനാംഗങ്ങളുടെ ആനുകൂല്യം റദ്ദാക്കിയ നടപടി പ്രവര്‍ത്തനത്തെ ബാധിക്കുകയും പ്രശ്‌നം രൂക്ഷമാക്കുമെന്നാണ് സൂചന