നെറ്റ് വര്‍ക്കിംഗ് കണക്റ്റിവിറ്റി സജീവമാക്കാന്‍ ബ്രോഡ്ബാന്‍ഡ് തരംഗം ഇനി ഗ്രാമങ്ങളിലേക്കും

Posted on: December 15, 2014 4:33 am | Last updated: December 14, 2014 at 11:35 pm

broadbandതേഞ്ഞിപ്പലം: നഗരങ്ങളെ കീഴടക്കിയ ഉയര്‍ന്ന തരംഗത്തിലുളള ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി ഇനി മുതല്‍ സംസ്ഥാനത്തെ ഗ്രാമാന്തരങ്ങളിലും സജീവമാകും. സംസ്ഥാന സര്‍ക്കാറിന്റെ ഭരണ കാര്യാലയങ്ങളിലും അനുബന്ധ ഭരണ കാര്യാലയങ്ങളിലും ഇപ്പോള്‍ സജീവമായികൊണ്ടിരിക്കുന്ന ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയാണ് സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളില്‍ സൗജന്യമായി സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാറും ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്ക് ലിമിറ്റഡ് (ബി ബി എല്‍) കമ്പനിയുമായി ധാരണയായത്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നാഷനല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് (എന്‍ ഒ എഫ് എന്‍ ) പദ്ധതിയിലൂടെ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ബി ബി എല്ലിന് പ്രാഥമിക അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറുകളും ബി ബി എന്‍ എലും സംയുക്തമായാണ് പദ്ധതി രാജ്യത്തെ 2.5 ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്നത്.
അതേസമയം സംസ്ഥാനസര്‍ക്കാറോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോ ഒരു തരത്തിലുളള ഫീസോ ലെവിയോ ഈടാക്കുകയില്ലെന്നും ധാരണയില്‍ പറയുന്നുണ്ട്. എന്നാല്‍ പദ്ധതി സമയബന്ധിതമായും മികവുറ്റ രീതിയിലും നടപ്പിലാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ചില നിര്‍ദേശങ്ങള്‍ ബി ബി എലിന് മുന്നില്‍ നിരത്തിയിട്ടുണ്ട്. സംസ്ഥാനത്തെ റോഡുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് കേബിളുകളും സംവിധാനങ്ങളും സ്ഥാപിക്കുന്നതിനും പരിശോധന നടത്തുന്നതിനും സര്‍ക്കാറിന്റെയും ബി ബി എന്‍ എലും സംയുക്തമായുളള മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളുടെ മേല്‍നോട്ടത്തിലായിരിക്കും.
നാഷണല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍ ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥാപിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളും സൗജന്യ നിരക്കില്‍ കുറഞ്ഞത് 50 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുളള കെട്ടിടവും 200 വാട്‌സ് വൈദ്യുതിയും ബി ബി എല്ലിന് നല്‍കണം.
എല്ലാ പഞ്ചായത്തുകളിലേയും പൊതുജനങ്ങള്‍ക്കും ഗ്രാമ പഞ്ചായത്തിനും പദ്ധതി കൂടുതല്‍ പ്രയോജന പ്രദമാക്കുന്നതിന് അതത് ഗ്രാമ പഞ്ചായത്തുകള്‍ കൂടുതല്‍ സജീവമാവണമെന്നുമുളള കര്‍ശന നിര്‍ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ ഗ്രാമ പഞ്ചായത്തുകളോട് വ്യക്തമാക്കിയിട്ടുളളത്. എന്നാല്‍ ഈ പദ്ധതി ഫലപ്രദമായി നടപ്പിലാകുകയാണെങ്കില്‍ ഗ്രാമാന്തരങ്ങളിലെ പൊതുജനങ്ങള്‍ക്ക് സമയ ബന്ധിതമായി സേവനം നല്‍കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മറ്റു അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ വിദ്യാഭ്യാസം ,ആരോഗ്യം, സുരക്ഷ, ജോലികള്‍, ബേങ്കിംഗ്, കാര്‍ഷികം, പെന്‍ഷന്‍,നിയമഭാഗം, ഗതാഗതം എന്നീ സംരംഭങ്ങള്‍ക്ക് ഗ്രാമങ്ങളില്‍ വേഗത കൂട്ടാന്‍ ഈ പദ്ധതി ഉപകരിക്കും.
പദ്ധതി നടത്തിപ്പ് സംബന്ധിച്ചുളള അന്തിമ നിര്‍ദേശം കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.