ഇന്‍ഷ്വറന്‍സ്, കമ്പനി ബില്ലുകള്‍ ഈയാഴ്ച പാര്‍ലിമെന്റില്‍

Posted on: December 15, 2014 4:28 am | Last updated: December 14, 2014 at 10:28 pm

ന്യൂഡല്‍ഹി: ഇന്‍ഷ്വറന്‍സ്, കമ്പനി തുടങ്ങിയ സുപ്രധാന ബില്ലുകള്‍ ഈ ആഴ്ച സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കും. ലോക്‌സഭയിലും രാജ്യസഭയിലും സുപ്രധാനമായ ഈ രണ്ട് ബില്ലുകളും അവതരിപ്പിക്കാനാണ് നീക്കം. ഇതുവരെ ലോക്‌സഭ 13 ബില്ലുകള്‍ പാസ്സാക്കിയിട്ടുണ്ട്. അതേസമയം രാജ്യസഭയില്‍ ഒമ്പത് ബില്ലുകളാണ് ഇതുവരെ പാസ്സാക്കിയിരിക്കുന്നത്. നിയമനിര്‍മാണ മേഖലയില്‍ പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം ഇതുവരെ വിജയകരമായിരുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഡിസംബര്‍ 12 ഓടെ അവസാനിച്ച ആദ്യ ഘട്ട പാര്‍ലിമെന്റ് സമ്മേളനത്തില്‍ ആദ്യ മൂന്ന് ആഴ്ചയില്‍ 13 ബില്ലുകള്‍ ലോക്‌സഭ പാസ്സാക്കിയിട്ടുണ്ട്. എന്നാല്‍ ലോക്‌സഭ പാസ്സാക്കിയ നാല് ബില്ലുകള്‍ക്ക് രാജ്യസഭയുടെ അംഗീകാരം കൂടി ലഭിക്കണം. അതുപോലെ ലോക്പാല്‍ ബില്ലും ലോകായുക്ത ബില്ലും രണ്ട് സഭകളുടെയും പരിഗണനക്കായി അവതരിപ്പിച്ചിട്ടുണ്ട്.
പാര്‍ലിമെന്റിന്റെ ഈ സെഷനില്‍ ബാക്കിയുള്ള കാലയളവില്‍, റീജ്യണല്‍ റൂറല്‍ ബാങ്ക് ബില്‍, നാഷനല്‍ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി ബില്‍, പബ്ലിക് പ്രൊമൈസസ് ബില്‍, ഹൈജാക്ക് വിരുദ്ധ ബില്‍, വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ബില്‍ എന്നിവയും സര്‍ക്കാര്‍ മുന്നോട്ടുവെക്കും.