തൊഴില്‍ തേടിപ്പോയവന്റെ പിരടിയില്‍ പിന്നെയും ഭാരം !

Posted on: December 15, 2014 4:22 am | Last updated: December 14, 2014 at 9:24 pm

dubai constructionഒരു കോഴി കൂട്ടിലടക്കപ്പെട്ടു. ദിവസവും ഒരു നേരം കൂടിന്റെ വാതില്‍ തുറക്കുന്നതും ഒരു കൈ കൂട്ടില്‍ കടന്ന് നെന്മണി നിക്ഷേപിക്കുന്നതും കോഴി കണ്ടു. കൈയിനും നെന്മണിക്കും തമ്മിലുള്ള ബന്ധം കോഴിയുടെ ശ്രദ്ധയില്‍പെട്ടു. തൊണ്ണൂറ്റിയൊമ്പത് ദിവസം, തൊണ്ണൂറ്റിയൊമ്പത് പ്രാവശ്യം കോഴി ഈ ഭൗതിക പ്രതിഭാസത്തെ പഠിച്ചു. തൊണ്ണൂറ്റിയൊമ്പതാം ദിവസം തന്റെ യുക്തി ഉപയോഗിച്ച് കോഴി ഒരു ചരിത്രസത്യത്തിലെത്തിച്ചേര്‍ന്നു. കൂട് തുറന്ന് കൈ അകത്തേക്ക് വരുമ്പോള്‍ നെന്മണി ഉതിരുന്നുവെന്ന്. നൂറാം ദിവസം കൂട് തുറന്ന് കൈ അകത്തേക്ക് വന്നപ്പോള്‍ കോഴി പ്രസാദവതിയായി കഴുത്തുനീട്ടി. കൈയില്‍ നെന്മണിയുണ്ടായിരുന്നില്ല. കോഴിയുടെ അന്ധാളിപ്പിനെ വകവെക്കാതെ കൈ അതിന്റെ കഴുത്തു ഞെരിച്ചു.
(ഒ വി വിജയന്‍ -കുറിപ്പുകളില്‍)
ഗള്‍ഫുനാടുകളില്‍ ഊര്‍ജിതമായ സ്വദേശിവത്കരണത്തിന്റെ നടുക്കം വിട്ടുമാറുംമുമ്പെയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് പ്രവാസികള്‍ക്ക് നേരെ പ്രഹരത്തിന്റെ കുന്തമുന നീണ്ടിരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ ഉളവായിരിക്കുന്ന അപകടകരമായ വഴിത്തിരിവുകള്‍ പ്രവാസികളുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്‌തേക്കുമെന്ന ഭീതിയും അന്തരീക്ഷത്തില്‍ രൂഢമൂലമാണ്.
ഗള്‍ഫില്‍ പോയി പണമുണ്ടാക്കുന്നവരെല്ലാം ന്യൂനപക്ഷ വിഭാഗക്കാരാണെന്ന തെറ്റായ ചിന്താഗതി ആഴത്തില്‍ വേരുപിടിച്ച നമ്മുടെ സമൂഹത്തില്‍, പ്രവാസത്തിനും അവിടെനിന്നുള്ള പണത്തിനും നിയന്ത്രണങ്ങള്‍ ഉണ്ടായേക്കാവുന്ന കാലം ഒരുപക്ഷേ, വിദൂരമല്ലെന്ന നിരീക്ഷകരുടെ അഭിപ്രായത്തിന് അടിവരയിടുന്നതാണ് പുതിയ നീക്കങ്ങള്‍.
പ്രവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് യു പി എ സര്‍ക്കാര്‍ പിന്‍വലിച്ച നികുതി നിര്‍ദേശമാണ് ബി .ജെ പി സര്‍ക്കാര്‍ വീണ്ടും പൊടി തട്ടിയെടുത്തിരിക്കുന്നത്. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണം കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ ഏജന്‍സികള്‍ 12. 36 ശതമാനം സേവന നികുതി നല്‍കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര കസ്റ്റംസ് ആന്‍ഡ് എക്‌സൈസ് ബോര്‍ഡാണ് സര്‍ക്കുലര്‍ അയച്ചത്.
പ്രവാസി നിക്ഷേപത്തിന്റെ കണക്കുകള്‍ ആരെയൊക്കെയോ അസ്വസ്ഥമാക്കുന്നു എന്ന് വേണം കരുതാന്‍. അടുത്തിടെ പുറത്തുവന്ന സംസ്ഥാന തല ബേങ്കേഴ്‌സ് സമിതിയുടെ യോഗത്തില്‍ പ്രസിദ്ധീകരിച്ച കേരളത്തിലെ പ്രവാസി നിക്ഷേപത്തിന്റെ കണക്ക് കാണുക. കരളത്തിലെ വാണിജ്യ ബേങ്കുകളിലെ പ്രവാസി നിക്ഷേപം 94,097 കോടി രൂപയായി. 2014 ജൂണിലേതാണ് ഈ കണക്ക്. മാര്‍ച്ച് മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 214 കോടിയുടെ വര്‍ധനയുണ്ടായി. പ്രവാസി നിക്ഷേപത്തില്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ ഈ ജൂണ്‍ വരെയുള്ള വര്‍ധന 18,214 കോടിയാണ്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് പ്രവാസി നിക്ഷേപത്തിലെ അത്ഭൂതപൂര്‍വമായ ഈ വര്‍ധനക്ക് കാരണം. മൊത്തം വായ്പ 1. 93 ലക്ഷം കോടിയാണ്. വായ്പാ നിക്ഷേപാനുപാതം 73.83 ശതമാനത്തില്‍നിന്ന് 67. 82 ശതമാനമായാണ് കുറഞ്ഞത്. മൊത്തം നിക്ഷേപത്തില്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ ഈ ജൂണ്‍ വരെ 44,714 കോടിയുടെ വര്‍ധനയുണ്ടായി.
കേരളത്തിന്റെ സാമ്പത്തിക പുരോഗതി നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്ക് ഗള്‍ഫ് മേഖലയിലെ പ്രവാസികളുടേത് തന്നെയാണ്. ധാരാളം വീട്ടമ്മമാരുടെ കണ്ണുനീരൊപ്പുന്നതിലും നിരവധി പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ജീവിത സ്വപ്‌നം സാക്ഷാത്കരിക്കുന്നതിലും പ്രവാസികളുടെ പങ്ക് നാം മറക്കരുത്. അവരയക്കുന്ന പണത്തിന് മേല്‍ നിയമത്തിന്റെ നൂലാമാലകള്‍ വന്നാല്‍ തകരുക നമ്മുടെ സുസ്ഥിയാണ്. നിലവില്‍ ബേങ്ക് വഴി നിയമപ്രകാരം പണമയക്കുന്നവരെ കൂടി നിയമവിരുദ്ധ മാര്‍ഗങ്ങളിലേക്ക് നയിക്കുന്നതാകും കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നടപടി.
നിലവില്‍ 400 രൂപ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കിയാണ് ധന വിനിമയ സ്ഥാപനങ്ങള്‍ നാട്ടില്‍ പണമെത്തിക്കുന്നത്. ഇന്ത്യയിലെ ബേങ്കുകളും ഏജന്‍സികളും നാട്ടിലെത്തുന്ന പണത്തില്‍ തങ്ങള്‍ നല്‍കേണ്ട നികുതി കൂടി ഈടാക്കിത്തുടങ്ങുന്നതോടെ നാട്ടിലേക്ക് പണമയക്കുന്നതിനുള്ള വിമുഖത പ്രവാസികളില്‍ ഉടലെടുക്കും. ഇത് പ്രവാസി നിക്ഷേപത്തെ അതത് രാജ്യങ്ങളില്‍ തന്നെ നിക്ഷേപിക്കുന്നതിന് പ്രേരിപ്പിക്കുകയാണ് ചെയ്യുക.
പ്രവാസി നിക്ഷേപത്തിന് സര്‍ക്കാറിന് ആത്മാര്‍ഥമായ ആഗ്രഹമുണ്ടെങ്കില്‍ അമിതനികുതിചുമത്താനുള്ള നീക്കങ്ങളില്‍ നിന്ന് പിന്‍മാറുകയാണ് വേണ്ടത്. മാത്രമല്ല, തീരുമാനിക്കം മുമ്പ് പ്രവാസി മേഖലകളിലെ അഭിപ്രായവും നിര്‍ദേശവും ആരായുകയെങ്കിലും ചേയ്യേണ്ടിയിരുന്നു. അല്ലാത്ത പക്ഷം, നിയമവിരുദ്ധ മാര്‍ഗങ്ങളായ ഹവാല ഇടപാടിന് അവസരം സൃഷ്ടിക്കുക കൂടിയാണ് പുതിയ നീക്കത്തിലൂടെ ചെയ്യുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജീവകാരുണ്യ രംഗത്ത് പ്രവാസികള്‍ നല്‍കുന്ന സംഭാവനയും അവരുടെ പങ്കാളിത്തത്തോടെ നടക്കുന്ന വിവിധ പദ്ധതികളും പലപ്പോഴും സര്‍ക്കാറിന് നേരിട്ട് ചെയ്യാന്‍ കഴിയാത്ത വിധത്തിലുള്ളതാണ്. ഇത്തരം നല്ല നീക്കങ്ങള്‍ക്ക് കരുത്ത് പകരേണ്ടവര്‍ നിയമത്തിലൂടെ കൂടുതല്‍ പ്രഹരിക്കാനിറങ്ങിയിരിക്കുന്നത് ഖേദകരമാണ്. ഇത് സമൂഹത്തിനു, വിശേഷിച്ചും പാവങ്ങള്‍ക്കുണ്ടാക്കുന്ന നഷ്ടം ചെറുതല്ല. പ്രവാസി സമ്മാനും പ്രവാസി ഭാരതും സമ്മാനിച്ച് പ്രവാസികളെ മയക്കി കിടത്താമെന്നാണ് ഭരണവര്‍ഗത്തിന്റെ തീരുമാനം. എന്നാല്‍, അധികാരികളുടെ കീശക്ക് കനം നല്‍കുന്നവര്‍ മാത്രമല്ല പ്രവാസികള്‍. കുബേര പ്രവാസികളേക്കാള്‍ ഈ നാടിന്റെ സ്പന്ദനങ്ങള്‍ അടയാളപ്പെടുത്തുന്നത് ഇടത്തരക്കാരും താഴേകിടയിലുള്ളവരുമാണ്. ആ പല തുള്ളി പെരുവെള്ളമാകുന്നതാണ് ഇന്ത്യയിലെ പ്രവാസിനിക്ഷേപങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളും.
വിജയന്റെ കോഴിക്കഥയിലേക്ക് മടങ്ങാം. തന്റെ ചരിത്രാനുഭവത്തിനപ്പുറമുള്ള ഒരു തീന്മേശയില്‍ അന്ന് രാത്രി തീന്‍പണ്ടമായി പ്രത്യക്ഷപ്പെട്ടു എന്നതല്ല ഈ കഥയുടെ കാതല്‍. യുക്തിക്ക് പരിമിതികളുണ്ടെന്നതാണ് ഗുണപാഠം. കോഴിക്ക് തന്റെ ലൈന്‍ തിരുത്താന്‍ ഒരവസരം കിട്ടിയില്ലെന്നുള്ളതും. ഈ അവസരം മനുഷ്യവര്‍ഗത്തിനും അപ്രാപ്യമായേക്കാം.