Connect with us

Palakkad

ബീഫിന് വിലകൂടി; പച്ചക്കറികള്‍ക്ക് വില കുറഞ്ഞു

Published

|

Last Updated

പാലക്കാട്: പക്ഷിപനിയെ തുടര്‍ന്ന് ബീഫ് വിഭവങ്ങള്‍ക്ക് ഡിമാന്റ് കൂടിയതോടെ വിലയും കൂടി. അതേസയം പച്ചക്കറികള്‍ക്ക് വില കുറയാനും തുടങ്ങി. ഹോട്ടലുകാര്‍ക്കുള്ള മൊത്തവില 160-170 രൂപയില്‍ നിന്ന് 200 രൂപയായും ചില്ലറ വില 230 രൂപയുമായാണ് വര്‍ധിപ്പിച്ചത്.
നാളെ മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരുമെന്നാണ് കേരള സ്‌റ്റേറ്റ് മീറ്റ് ആന്‍ഡ് കാറ്റില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ അറിയിപ്പ്. പക്ഷിപ്പനിയെത്തുടര്‍ന്ന് ബീഫിന് ആവശ്യക്കാര്‍ ഏറെയാണ്. തമിഴ്‌നാട്ടില്‍ ഈയിടെ ഉണ്ടായ ചില പ്രശ്‌നങ്ങളെത്തുടര്‍ന്നു ജില്ലയിലേക്കുള്ള കാലിവരവ് കുറഞ്ഞത് വിപണിയെ സാരമായി ബാധിച്ചിരുന്നു. ജില്ലയിലെയും തമിഴ്‌നാട്ടിലെയും വ്യാപാരികള്‍ ചര്‍ച്ച ചെയ്തു പ്രശ്‌നം പരിഹരിച്ച് കാലിവരവ് പുനരാരംഭിച്ചെങ്കിലും ആവശ്യത്തിനനുസരിച്ച് ലോഡ് എത്തിത്തുടങ്ങിയിട്ടില്ല.ഇതിനു തൊട്ടുപിന്നാലെയാണ് വില വര്‍ധിപ്പിക്കാന്‍ സംഘടന തീരുമാനിച്ചത്. പക്ഷിപ്പനി നിയന്ത്രണവിധേയമായെങ്കിലും വിപണിയില്‍ ഇപ്പോഴും ബീഫിനാണ് പ്രിയം.
ആഘോഷങ്ങള്‍ അടുത്തുവരുന്നതോടെ ബീഫ് ഇറച്ചിക്ക് ഇനിയും ആവശ്യക്കാര്‍ വര്‍ധിക്കും. അതേസമയം പക്ഷിപ്പനിയെ കുത്തനെ കുതിച്ച പച്ചക്കറി വില താഴ്ന്നു തുടങ്ങി. തമിഴ്‌നാട്ടില്‍ നിന്നും ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും യഥേഷ്ടം പച്ചക്കറി എത്തിയതോടെയാണ് വില കുറഞ്ഞത്.ഇപ്പോഴത്തെ മൊത്ത വില, പഴയ വില ബ്രായ്ക്കറ്റില്‍ പയര്‍ 14 (24), വെണ്ടക്ക 10 (35), വഴുതന 10-12 (25), കൂര്‍ക്ക 25 (26), മത്തന്‍ 5 (5), ഇളവന്‍ 6 (5), മുരിങ്ങക്കായ 150 (170), ചേന 17 (17), ബീറ്റ്‌റൂട്ട് 30 (30), കയ്പ്പക്ക 16 (25), പച്ചമുളക് 16 (35), വലിയ ഉള്ളി 19-21 (19-21), കാബേജ് 17 (20). ചില്ലറ വിപണിയില്‍ മൊത്തവിപണിയില്‍ നിന്ന് രണ്ടോ, മൂന്നോ രൂപ കിലോ ക്കു വര്‍ധിക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു.
മണ്ഡല, നോമ്പുകാലങ്ങളില്‍ പച്ചക്കറിക്ക് സ്വഭാവികമായും വില ഉയരാറുണ്ടെങ്കിലും ഇത്തവണ ഉല്‍പാദനം വര്‍ധിച്ചതിനാല്‍ വന്‍തോതില്‍ സാധനങ്ങള്‍ വിപണിയിലെത്തുന്നുണ്ട്. ഇതാണ് വിലകുറയാന്‍ കാരണം.