ചാലിശ്ശേരി കേന്ദ്രീകരിച്ചുള്ള വന്‍ ചീട്ടുകളിസംഘം പിടിയില്‍

Posted on: December 14, 2014 10:51 am | Last updated: December 14, 2014 at 10:51 am

കുറ്റനാട്: വേനല്‍ തുടങ്ങിയതോടെ പുഴകേന്ദ്രീകരിച്ചും വിവിധകുന്നുകള്‍, പറമ്പുകള്‍ കേന്ദ്രീകരിച്ചും ചീട്ടുകളി വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം ചാലിശ്ശേരി കേന്ദ്രീകരിച്ച് ചീട്ടുകളിയിലേര്‍പ്പെട്ട സംഘത്തെ പോലിസ് റെയ്ഡ് നടത്തി പിടികൂടി.
ചാലിശ്ശേരി എസ്.ഐ സുജിത്തും സംഘവുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മലപ്പുറം ജില്ലയിലെ എടപ്പാള്‍, മാറഞ്ചേരി, എരമംഗലം മലപ്പുറം സ്വദേശികളായ അബ്ദുള്‍മജീദ്, നജീബ്, രാമദാസന്‍, റസാഖ്, മനോജ് എന്നീ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഇവരില്‍ നിന്നും 72,500 രൂപ പിടിച്ചെടുക്കുകയും ചെയ്തു.
മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്ന് പോലും പാലക്കാട് ജില്ലാ അതിര്‍ത്തി പ്രദേശങ്ങളില്‍ ചീട്ടുകളിക്ക് നിരവധിപേര്‍ എത്തുന്നുണ്ട്. ഇനി വളളുവനാട്ടില്‍ ഉല്‍സവകാലം തുടങ്ങിയാല്‍ ഇത്തരത്തില്‍ ഉല്‍സപറമ്പുകള്‍ കേന്ദ്രീകരിച്ചും കളി നടക്കും.
മലപ്പുറം ജില്ലയിലെ വിവിധപ്രദേശങ്ങളില്‍ നിന്നും ഇവിടെസ്ഥിരമായി കളിക്കാനെത്തുന്ന വന്‍കളി സംഘമാണിതെന്ന് പോലിസ് പറഞ്ഞു.
ചാലിശ്ശേരി അങ്ങാടിയിലെ ആളൊഴിഞ്ഞകെട്ടിടത്തിലായിരുന്നു കളി.