Connect with us

Kozhikode

സംസ്ഥാന സ്‌കൂള്‍ കലോത്സവം: സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ബി ഇ എം സ്‌കൂള്‍ അങ്കണത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.
അടുത്തമാസം 15 മുതല്‍ 21 വരെ കോഴിക്കോട്ട് നടക്കുന്ന കലോത്സവത്തെ നാടിന്റെ ഉത്സവമാക്കി മാറ്റാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് പറഞ്ഞു. ഓരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ പുതുമകളോടെയും വൈവിധ്യങ്ങളോടെയുമാണ് കലോത്സവം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഐ ടി അറ്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
കലോത്സവം കുറ്റമറ്റ രീതിയില്‍ നടത്താന്‍ എല്ലാ ശ്രമങ്ങളും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകും. സംഘാടകസമിതിയുടെ പ്രവര്‍ത്തനം ഇനിയുള്ള ദിവസങ്ങളില്‍ സജീവമാകും. 18ന് നിയമസഭാ സമ്മേളനം കഴിയുന്നതോടെ സംഘാടക സമിതി ഭാരവാഹികളായ എം എല്‍ എമാരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുമെന്ന് മന്ത്രി പറഞ്ഞു.
സംഘാടക സമിതി ചെയര്‍പേഴ്‌സണായ മേയര്‍ പ്രൊഫ. എ കെ പ്രേമജം അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ വി എം ഉമ്മര്‍, അഡ്വ. പി ടി എ റഹീം, പുരുഷന്‍ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് അഡ്വ. എം ടി പത്മ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ പി ഉഷാദേവി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ പി ഷീബ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്‍ രാജന്‍, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ സി കെ മോഹനന്‍, ഹയര്‍ സെക്കന്‍ഡറി കോ- ഓര്‍ഡിനേറ്റര്‍ പി കെ രാജന്‍ പങ്കെടുത്തു.