സൗരോര്‍ജ കാറുമായി പെട്രോളിയം ഇന്‍സ്റ്റിറ്റിയൂട്ട്

Posted on: December 13, 2014 7:00 pm | Last updated: December 13, 2014 at 7:00 pm

petroleഅബുദാബി: സൗര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതും മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നതുമായ കാറുമായി അബുദാബി പെട്രോളിയം ഇന്‍സ്റ്റിറ്റിയൂട്ട് രംഗത്ത്. ആഢംബര കാറായ ഫെരാറിയെക്കാള്‍ നാലു മടങ്ങ് കൂടുതല്‍ തുകയാണ് ഇത്തരം ഒരു കാറിന്റെ നിര്‍മാണത്തിനായി ചെലവിട്ടിരിക്കുന്നത്. 2015 ജനുവരിയില്‍ നടക്കുന്ന അബുദാബി സോളാര്‍ ചാലഞ്ചിനായാണ് ഇത്തരത്തില്‍ ഒരു കാര്‍ പെട്രോളിയം ഇന്‍സ്റ്റിറ്റിയൂട്ട് രൂപകല്‍പന ചെയ്തിരിക്കന്നത്.
വ്യാഴാഴ്ചയാണ് കാറിന്റെ ഉദ്ഘാടനം നടന്നത്. 18 മാസത്തെ കഠിന പ്രയത്‌നത്തിനൊടുവിലാണ് ഇത്തരത്തില്‍ ഒരു കാര്‍ നിര്‍മിക്കാന്‍ സാധിച്ചതെന്ന് പദ്ധതിയുടെ ഡയറക്ടര്‍ ഡോ. ഫഹദ് അല്‍ മസ്‌കാരി വ്യക്തമാക്കി.
ഇന്നത്തെ ദിവസം തന്റെ ജീവിതത്തിലെ പ്രധാന ദിനങ്ങളില്‍ ഒന്നാണെന്നും കാറിന്റെ പരീക്ഷണ ഓട്ടം നടത്തുന്നതിനിടയില്‍ കഴിഞ്ഞ ദിവസം ഡോ. ഫഹദ് അഭിപ്രായപ്പെട്ടിരുന്നു. പദ്ധതിയില്‍ വിദ്യാര്‍ഥികളും അവരുടേതായ സംഭാവനകള്‍ അര്‍പിച്ചിട്ടുണ്ട്. അബുദാബി എമിറേറ്റില്‍ നടന്ന ഉദ്ഘാടന ഓട്ടത്തില്‍ ഇത്തരത്തിലുള്ള 20 രാജ്യാന്തര കാറുകളും പങ്കെടുത്തിരുന്നു. 1,200 കിലോമീറ്റര്‍ ദൂരത്തിലായിരുന്നു കാര്‍ പരീക്ഷണ ഓട്ടം നടത്തിയത്. എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ മികച്ച നേട്ടമാണിത്. ഞങ്ങള്‍ ആര്‍ജിച്ച മുഴുവന്‍ കഴിവും അറിവും ഇതിനായി അര്‍പിച്ചിട്ടുണ്ട്. അദ്യമായാണ് ഇത്തരം ഒരു മത്സരത്തില്‍ യു എ ഇ രൂപകല്‍പന ചെയ്ത സോളാര്‍ കാര്‍ പങ്കാളിയാവുന്നത്.
അടുത്ത മാസം 19നാണ് കാറുകളുടെ ഫൈനല്‍ മത്സരം യാസ് സര്‍ക്യൂട്ടില്‍ നടക്കുക. എല്ലാവരും മത്സരബുദ്ധിയോടെ ഒത്തൊരുമിച്ച് നടത്തിയ പ്രവര്‍ത്തനമാണ് സോളാര്‍ കാറിന്റെ നിര്‍മാണത്തിന് സഹായകമായതെന്ന് പദ്ധതിയുടെ ടീം ലീഡറായിരുന്ന സ്വദേശി അല്‍താഖ അല്‍ ഹനായി(23) വ്യക്തമാക്കി.
ഒന്നര വര്‍ഷമെടുത്താണ് ഞങ്ങള്‍ ഇത് പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇതില്‍ ഞങ്ങളുടെ വിയര്‍പും രക്തവും പുരണ്ടിട്ടുണ്ട്. സൗരോര്‍ജത്തിലും കായികകാറുകളുടെ നിര്‍മാണത്തിലും ഇന്ന് ലോകത്തു നിലവിലുള്ള ഏറ്റവും ആധുനിക സാങ്കേതികവിദ്യയാണ് സൗരോര്‍ജ കാറിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഭാവിയില്‍ ഇതിനെ ആളുകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഉല്‍പാദിപ്പിക്കാവുന്ന സ്ഥിതിയിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോര്‍മുല വണ്‍ പോലെയുള്ള മത്സരരംഗത്തേക്ക് പുനരുല്‍പാദക ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ എത്തിക്കാനാണ് തങ്ങളുടെ പദ്ധതിയെന്നും അല്‍ ഹാനായി പറഞ്ഞു. പ്രമുഖ ആഢംബര കാര്‍ നിര്‍മാതാക്കളായ ആസ്റ്റിന്‍ മാര്‍ട്ടിന്‍ സൗരോര്‍ജം മത്സരകാറുകള്‍ക്ക് ഉപയോഗിക്കുന്നതായി കേട്ടിട്ടുണ്ടെന്ന് മത്സരഓട്ടത്തിന് സാക്ഷിയായ മിഡില്‍ ഈസ്റ്റ് റാലി ചാമ്പ്യന്‍ഷിപ്പ് വിജയി മുഹമ്മദ് ബിന്‍ സുലായം വ്യക്തമാക്കി. സോളാര്‍ കാറുകള്‍ കാറോട്ട മത്സരത്തിലെ ഭാവി താരമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.