Connect with us

Wayanad

ആദിവാസികള്‍ക്ക് ആശിച്ച ഭൂമി നല്‍കാന്‍ കലക്ടറുടെ നിര്‍ദേശം

Published

|

Last Updated

വെള്ളമുണ്ട: തരിയോട് കരിങ്കണിയിലെ ആദിവാസികള്‍ക്ക് അവര്‍ ആശിച്ച ഭൂമി തന്നെ നല്‍കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ആശിക്കും ഭൂമി ആദിവാസി പദ്ധതിയിലുള്‍പ്പെടുത്തി കാട്ടിനുള്ളില്‍ താമസിക്കുന്ന കരിങ്കണ്ണി കാട്ടുനായ്ക്ക കോളനിയിലെ 15 കാട്ടുനായ്ക്ക കുടുംബങ്ങള്‍ക്കാണ് അവര്‍ക്ക് നേരത്തെ നിര്‍ദേശിച്ച ഭൂമി തന്നെ നല്‍കാന്‍ കലക്ടര്‍ ഉത്തരവിട്ടത്. നാലുമാസം മുമ്പ് ഭൂമിയുടെ രേഖകള്‍ ലഭിച്ചിരുന്നെങ്കിലും വ്യാഴാഴ്ച്ചയാണ് ഇവര്‍ക്ക് ഭൂമി കൈമാറാനായി തരിയോട് പത്താം മൈലിലേക്ക് വിളിപ്പിച്ചത്. 15 കുടുംബങ്ങള്‍ക്കും ഒരേ പ്ലോട്ടില്‍ തന്നെ അടുത്തടുത്തായി ഭൂമി നല്‍കാനും ഓരോ വീട്ടിലേക്കുള്ള വഴിയും, പൊതുശ്മശാനവും, കാവ് സ്ഥാപിക്കാനുള്ള സ്ഥലവും നല്‍കുമെന്നായിരുന്നു ഇവര്‍ക്ക് ട്രൈബല്‍ വകുപ്പ് വാഗ്ദാനം നല്‍കിയത്. എന്നാല്‍ പ്രതീക്ഷയോടെ സ്ഥലമേറ്റെടുക്കാനെത്തിയപ്പോള്‍ പലയിടങ്ങളിലായും വാസയോഗ്യമല്ലാത്ത ഭൂമിയാണ് ഇവര്‍ക്കായി നീക്കിവെച്ചിരുന്നത്. ഇതേതുടര്‍ന്ന് ഇവര്‍ ഭൂമി ഏറ്റെടുക്കാതെ മടങ്ങുകയായിരുന്നു. ഇന്നലെ ആദിവാസികള്‍ ജില്ലാ കലക്ടറെ കണ്ട് പരാതി ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് കരിങ്കണ്ണി നിവാസികള്‍ക്ക് ഭൂമിയില്‍ മുന്‍ഗണന നല്‍കാനും അവര്‍ക്ക് നേരത്തെ നിര്‍ദേശിച്ചിരുന്ന ഭൂമി തന്നെ അളന്നുനല്‍കാനും കലക്ടര്‍ നിര്‍ദേശിച്ചത്. നേരത്തെയുണ്ടായിരുന്ന പ്രൊജക്ടിലെ ചില ഉദ്യോഗസ്ഥര്‍ ഇവരുടെ ഭൂമിയില്‍ തിരിമറി നടത്തിയതെന്നാണ് പരാതി. രജിസ്‌ട്രേഷന്‍ രേഖകള്‍ റദ്ദുചെയ്ത് കരിങ്കണി നിവാസികള്‍ക്ക് ഭൂമി അളന്ന് നല്‍കി രജിസ്റ്റര്‍ ചെയ്യാനാണ് ജില്ലാ കലക്ടര്‍ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Latest