പരിശോധനക്ക് എം സി ഐ സംഘമെത്തുന്നു; മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇറക്കുമതി ഡോക്ടര്‍മാര്‍

Posted on: December 13, 2014 10:30 am | Last updated: December 13, 2014 at 10:30 am

മഞ്ചേരി: മൂന്നാം എം ബി ബി എസ് ബാച്ച് അഡ്മിഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായി നടക്കേണ്ട മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പരിശോധന മുന്നില്‍കണ്ട് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് ഡോക്ടര്‍മാരെ കൂട്ടത്തോടെ ഇറക്കുമതി ചെയ്തു. എം ബി ബി എസ് അഡ്മിഷന്‍ നടത്താന്‍ എം സി ഐ അംഗീകാരം അനിവാര്യമാണ്. പരിശോധന സമയത്ത് ആവശ്യമായ ഡോക്ടര്‍മാരുടെ അഭാവം അംഗീകാരം ലഭിക്കുന്നതിന് തടസമാകും. മെഡിക്കല്‍ കോളജ് അധികൃതര്‍ പലതവണ ഇന്റര്‍വ്യൂ നടത്തിയിട്ടും യോഗ്യരായ ഡോക്ടര്‍മാരെ ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് താത്കാലികമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് 18 എം ഡി ഡോക്ടര്‍മാരെയും 11 എം ബി ബി എസ് ഡോക്ടര്‍മാരെയും മഞ്ചേരിയിലേക്ക് സ്ഥലം മാറ്റിയത്.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിശോധന ഇന്നലെ നടക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വ്യാഴാഴ്ച രാത്രിയാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളും ജൂനിയര്‍ ഡോക്ടര്‍മാരും സമരം ആരംഭിച്ചു. എന്നാല്‍ പരിശോധനക്കായി എത്തിയ എം സി ഐ സംഘം മഞ്ചേരിയിലേക്ക് വരാതെ രണ്ടായി പിരിഞ്ഞ് വയനാട്ടിലേക്കും കണ്ണൂരിലേക്കും പോകുകയായിരുന്നു. രണ്ടാം വര്‍ഷ എം ബി ബിഎസ് പ്രവേശനത്തിന് മുന്നോടിയായി നടന്ന എം സി ഐ പരിശോധനാ സമയത്തും ഇത്തരത്തില്‍ ഡോക്ടര്‍മാരെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും യഥാസമയം നിയമനം നടത്താത്തതാണ് ഇത്തരത്തില്‍ ഇറക്കുമതി നടത്തേണ്ട അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്.