Connect with us

Kozhikode

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി ബെംഗളുരുവില്‍ പിടിയില്‍

Published

|

Last Updated

കോഴിക്കോട്: മള്‍ട്ടിലെവല്‍ കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം തട്ടിയ കേസിലെ പ്രതി ബെംഗളുരുവില്‍ അറസ്റ്റിലായി. എന്‍ജിനീയറിംഗ് ബിരുദധാരികളായ നിരവധി പേരില്‍ നിന്ന് പണം തട്ടിയ ആലപ്പുഴ ചക്കുളത്തുകാവ് നീരേറ്റുപുറം കാരിക്കുഴി മാമ്മൂട്ടില്‍ ഷാന്‍ ജേക്കബിനെ (27)യാണ് നടക്കാവ് പോലീസ് ബെംഗളുരുവില്‍ എത്തി പിടികൂടിയത്. ബെംഗളുരുവി ലെ മാളുകള്‍ കേന്ദ്രീകരിച്ചാണ് പ്രതി തട്ടിപ്പ് നടത്തുന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പോലീസ് അവിടെയെത്തി അന്വേഷണം നടത്തിയത്. തുടര്‍ന്ന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തന്ത്രപരമായി കുടുക്കുകയായിരുന്നു. ഉദ്യോഗാര്‍ഥി ചമഞ്ഞ് പ്രതിയെ ബെംഗളുരുവിലെ മല്ലേശ്വരം മന്ത്രിമാള്‍ ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് വിളിച്ചുവരുത്തി നടക്കാവ് പ്രിന്‍സിപ്പല്‍ എസ് ഐ. ജി ഗോപകുമാറിന്റെയും എസ് ഐ ഉണ്ണികൃഷ്ണന്റെയും നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നല്ലളം പുതിയപറമ്പ് റിംനാസ് ഹൗസില്‍ അലി സുബിന്റെ പരാതി പ്രകാരമുള്ള കേസിലാണ് ഷാന്‍ ജേക്കബ് അറസ്റ്റിലായത്. മള്‍ട്ടിലെവല്‍ കമ്പനിയില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വിവിധ തീയതികളിലായി 1,50,000 രൂപ അലി സുബിന്റെ കൈയില്‍ നിന്ന് വാങ്ങിയ ഷാന്‍ ജേക്കബ് പിന്നീട് മുങ്ങുകയായിരുന്നു.

എന്‍ജിനീയറിംഗ് ബിരുദധാരികളായ നിരവധി പേരെ വിവിധ കമ്പനികളില്‍ ജോലി നേടിക്കൊടുക്കാമെന്ന് പറഞ്ഞ് ബെംഗളുരുവിലും പൂനെയിലും എത്തിച്ച് ഇന്റ ര്‍വ്യൂ നടത്തിയ ഷാന്‍ ജേക്കബ് കബളിപ്പിച്ചെന്ന് തുടര്‍ന്നുള്ള അന്വേഷണത്തില്‍ വ്യക്തമായി. ജോലിയും പണവും ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് അന്വേഷിച്ചെത്തിയ ഉദ്യോഗാര്‍ഥികളെ മറ്റുള്ള കമ്പനികളുടെ പുതിയ ഓഫറുകളുണ്ടെന്ന് പറഞ്ഞ് വീണ്ടും കബളിപ്പിക്കുകയായിരുന്നു.
തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്ന് വ്യക്തമായതോടെ അലി സുബിന്‍ അടക്കമുള്ള ഉദ്യോഗാര്‍ഥികള്‍ കഴിഞ്ഞ നവംബര്‍ 24ന് നടക്കാവ് പോലീസില്‍ പരാതി ന ല്‍കുകയായിരുന്നു. എറണാകുളത്തെ പാറച്ചോട് ഡി ഡി ഗോള്‍ഡന്‍ ഫഌറ്റില്‍ വാടകക്ക് താമസിച്ചിരുന്ന ഷാന്‍ ജേക്കബ് പോലീസ് അന്വേഷണം തുടങ്ങിയതോടെ ബെംഗളുരുവിലും മുംബൈയിലുമായി ഒളിവില്‍ കഴിയുകയായിരുന്നു.

Latest