സ്ത്രീകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ ഡല്‍ഹിയില്‍ ഡ്രോണ്‍ വിമാനങ്ങള്‍

Posted on: December 13, 2014 4:13 am | Last updated: December 12, 2014 at 11:15 pm

Amazone Drone Deliveryന്യൂഡല്‍ഹി: യുബര്‍ ടാക്‌സിയില്‍ യുവതി പീഡനത്തിനിരയായ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ ചെറു ഡ്രോണുകള്‍(പൈലറ്റില്ലാ വിമാനങ്ങള്‍) ഇറക്കാന്‍ ഡല്‍ഹി പോലീസ് തീരുമാനിച്ചു. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരം സംവിധാനം വരുന്നത്. രാത്രിയില്‍ പോലും വ്യക്തമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ക്യാമറുകളുമായി ഡ്രോണുകള്‍ തെരുവുകള്‍ക്ക് മുകളിലൂടെ സഞ്ചരിക്കും. ഡല്‍ഹിയിലെ വടക്കന്‍ ജില്ലയില്‍ അടുത്ത മാസമാകും പദ്ധതി ആദ്യമായി നടപ്പാക്കുക.
ഈ പദ്ധതി നിലവില്‍ വരുന്നതോടെ വടക്കന്‍ ഡല്‍ഹി പൂര്‍ണമായി കര്‍ശന നിരീക്ഷണത്തില്‍ വരും.
സി സി ടി വികളുടെയും ഡ്രോണുകളുടെയും സംയുക്ത സാന്നിധ്യം ഉണ്ടാകുന്നതോടെ ഇത് എളുപ്പമാകുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. നേരത്തേ ചില ഘട്ടങ്ങളില്‍ വടക്കന്‍ ഡല്‍ഹിയില്‍ ചില ഇടങ്ങളില്‍ ദുര്‍ഗാ പൂജ, ഗണേശ നിമജ്ജനം തുടങ്ങിയ ഘട്ടങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തിയിരുന്നു. 200 മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന ഡ്രോണുകള്‍ നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള ദൃശ്യങ്ങള്‍ ചിത്രീകരിക്കും. ഏത് കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ ഇവക്ക് കഴിയുമെന്നാണ് ഉന്നത വൃത്തങ്ങള്‍ പറയുന്നത്. ഡ്രോണുകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ അപ്പപ്പോള്‍ കണ്‍ട്രോള്‍ റൂമില്‍ എത്തും. ദ്രുത കര്‍മ സേനക്കും ദൃശ്യങ്ങള്‍ അയച്ചു കൊടുക്കും.