യുബര്‍ നിരോധിച്ചതിനെതിരെ ഡ്രൈവര്‍മാരുടെ പ്രതിഷേധം

Posted on: December 13, 2014 4:13 am | Last updated: December 12, 2014 at 11:13 pm

ന്യൂഡല്‍ഹി: ഉദ്യോഗസ്ഥ യുബര്‍ ടാക്‌സിയില്‍ പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് തലസ്ഥാനത്തെ മുഴുവന്‍ യുബര്‍ സര്‍വീസുകളും നിരോധിച്ചതിനെതിരെ ഡ്രൈവര്‍മാരുടെ പ്രതിഷേധം. പീഡിപ്പിച്ചയാളെ ശിക്ഷിക്കുകയാണ് വേണ്ടതെന്നും നിരവധി പേര്‍ക്ക് ഉപയോഗപ്രദമായതും നിരവധി ഡ്രൈവര്‍മാര്‍ക്ക് ഉപജീവന മാര്‍ഗവുമായ യുബര്‍ സംവിധാനം പൂര്‍ണമായി നിരോധിക്കുകയല്ല വേണ്ടതെന്നും ജന്തര്‍മന്തറില്‍ പ്രകടനം നടത്തിയ ഡ്രൈവര്‍മാര്‍ പറഞ്ഞു. സ്വകാര്യ കാബ് സര്‍വീസ് ആയ യുബറിന്റെ പ്രവര്‍ത്തനം ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പൂര്‍ണമായി നിരോധിച്ചിരുന്നു.
അമേരിക്കന്‍ കമ്പനി നടത്തുന്ന ഈ സ്ഥാപനത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഈ സംവിധാനത്തില്‍ വണ്ടിയോടിക്കാനെത്തുന്ന ഡ്രൈവര്‍മാരുടെ പശ്ചാത്തലം കമ്പനി അന്വേഷിക്കുന്നില്ലെന്നാരോപിച്ചായിരുന്നു സര്‍ക്കാറിന്റെ നടപടി. ഇതിനെതിരെ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി തന്നെ രംഗത്തെത്തിയിരുന്നു.