മത്സ്യത്തൊഴിലാളികളുടെ അറസ്റ്റ്: രാജ്യസഭയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള എം പിമാര്‍ ഏറ്റുമുട്ടി

Posted on: December 13, 2014 3:12 am | Last updated: December 12, 2014 at 11:12 pm

ന്യൂഡല്‍ഹി: തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള എം പി മാര്‍ ഏറ്റുമുട്ടി. ഡി എം കെ, എ ഐ എ ഡി എം കെ എംപിമാരാണ് രാജ്യസഭയില്‍ ഏറ്റുമുട്ടിയത്. ഈ പ്രശ്‌നത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ഡി എം കെ, സി പി എം, സി പി ഐ പാര്‍ട്ടികള്‍ സഭയില്‍ രംഗത്തെത്തി. രാജ്യസഭയില്‍ ശൂന്യവേളയില്‍ ഡി എം കെ എം പി. ടി ശിവയാണ് പ്രശ്‌നം അവതരിപ്പിച്ചത്. ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നും 15 ദിവസത്തിനിടെ 40 മത്സ്യത്തൊഴിലാളികളെയാണ് തമിഴ്‌നാടില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
നവംബറില്‍ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്ത 38 തമിഴ് മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴും ജയിലിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെയും ശ്രീലങ്കന്‍ അതിര്‍ത്തി കച്ചിതീവ് ഗവണ്‍മെന്റുകള്‍ ചര്‍ച്ച ചെയ്ത് അവിടുത്തെ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നും ശിവ കുട്ടിച്ചേര്‍ത്തു.
യു പി എ, എന്‍ ഡി എ സര്‍ക്കാറുകള്‍ തമിഴ്‌നാടിന്റെ ആവശ്യങ്ങള്‍ അവഗണിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി. തമിഴ്‌നാട് മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയുടെ അടിമകളാണെന്ന് എ ഐ എ ഡി എം കെ നേതാവ് എ നാവീന്ത കൃഷ്ണന്‍ പറഞ്ഞു. ജീവ പര്യന്തം തടവിന് ശിക്ഷിച്ച അഞ്ച് തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ നേതൃത്വം നല്‍കിയ മോദിക്കും മുന്‍ തമിഴ്‌നാട് മുഖ്യ മന്ത്രി ജയലളിതക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
അതേസമയം, ഡി എം കെ പ്രവര്‍ത്തകര്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് എ ഐ ഡി എം കെ പ്രവര്‍ത്തകര്‍ മറുഭാഗം എം പിമാരെ കൈയേറ്റം ശ്രമിച്ചതോടെ ഇരുപക്ഷവും പരസ്പരം ഉന്തും തള്ളും തുടങ്ങുകയായിരുന്നു.