പാക് സംഘത്തെ കാണാന്‍ വിസമ്മതിച്ച ലോക്‌സഭാ സ്പീക്കറുടെ നടപടി വിവാദമാകുന്നു

Posted on: December 13, 2014 2:10 am | Last updated: December 12, 2014 at 11:10 pm

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്നുള്ള പ്രതിനിധിസംഘം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തവേ അവരെ കാണാന്‍ വിസമ്മതിച്ച ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്റെ നടപടി വിവാദമാകുന്നു. പാക് സംഘം സ്പീക്കറെ പരിചയപ്പെടണമെന്ന് താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അതിന് തയ്യാറായില്ലെന്നു മാത്രമല്ല സമയം പോലും അനുവദിച്ചില്ല. കോണ്‍ഗ്രസ്സ് എം പിയായ മണിശങ്കര്‍ അയ്യറുടെ കൂടെയായിരുന്നു 12 പാക് എം പിമാരുടെ സംഘം പാര്‍ലിമെന്റില്‍ എത്തിയത്. താന്‍ അവരെ ഉച്ചക്ക് ഒരു മണിയോടെ കാണാമെന്ന് അറിയിച്ചിരുന്നതായും വൈകിയതിനാലാവം തന്നെ കാണാന്‍ സാധിക്കാതെ വന്നതെന്നും സ്പീക്കര്‍ വിശദീകരിച്ചു.
എന്നാല്‍ തങ്ങള്‍ ഏഴു മിനുട്ട് മുമ്പേ ഓഫീസില്‍ എത്തിയതായും എന്നിട്ടും കാണാന്‍ സാധിച്ചില്ല എന്നുമാണ് പാക്കിസ്ഥാനില്‍ നിന്നുള്ള പ്രതിനിധി സംഘം പറഞ്ഞത്. സംഭവം അന്വേഷിച്ച പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു പാക്കിസ്ഥാനില്‍ നിന്നുള്ള പ്രതിനിധി സംഘത്തിന് അര്‍ഹമായ ആദരവ് നല്‍കിയില്ലന്ന് സമ്മതിച്ചു. സംഭവത്തെ തുടര്‍ന്ന് അവര്‍ തന്നെ എന്ത് കൊണ്ട് ബന്ധപ്പെട്ടില്ലെന്നും വെങ്കയ്യ നായിഡു ചോദിക്കുകയും ചെയ്തു. വിദേശകാര്യസംബന്ധമായ പ്രശ്‌നമായതിനാല്‍ വളരെ ഗൗരവത്തോടെ കാണെണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.