Connect with us

Articles

ഇനി വായനയുടെ കേരള മോഡല്‍

Published

|

Last Updated

ഭാഷാജ്ഞാനം കൈവരിക്കുന്നതിനും ആശയവിവര വിനിമയത്തിനുമുള്ള ഒരു ഉപാധി എന്നതിനപ്പുറം വായനക്ക് പല മാനങ്ങളുമുണ്ട്. മനുഷ്യന്റെ മാനസികവളര്‍ച്ചയിലും സംസ്‌കാരാര്‍ജനത്തിലും വായനയുടെ സ്ഥാനം ഒരിക്കലും തള്ളിക്കളയനാകില്ലെന്ന് ഇതിനകം നാം കണ്ടറിഞ്ഞനുഭവിച്ച് കഴിഞ്ഞു. വായനയിലൂടെ പുതുലോകം പണിയാമെന്ന ആശയത്തിന് അതുകൊണ്ടുതന്നെ വര്‍ത്തമാന ജീവിതത്തില്‍ വലിയ പ്രസക്തിയുമുണ്ട്.എല്ലാ വിജ്ഞാന ശാഖയിലും വ്യത്യസ്ത ഭാഷയിലുമുള്ള, അച്ചടി, ഇലക്‌ട്രോണിക്, മാധ്യമങ്ങളിലുള്ള വിജ്ഞാനശേഖരങ്ങള്‍ സാമൂഹിക ജീവിതത്തില്‍ മനുഷ്യന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി പരിണമിക്കുകയും ചെയ്തിട്ടുണ്ട്.ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ വായനയുടെ ലോകം വളരെ വിസ്തൃതമാണ്. മലയാളി നേടിയ വളര്‍ച്ചക്കും സാമൂഹിക ഉന്നതിക്കും ഏറ്റവും പ്രധാന ഘടകം മലയാളിയുടെ പരന്ന വായനയാണെന്നത് ചരിത്രത്തിലും വര്‍ത്തമാനത്തിലും അടയാളപ്പെടുത്തപ്പെട്ട ഒന്നാണ്. ഈയൊരു സാഹചര്യത്തിലാണ് മലയാളിയുടെ ആഴത്തിലുള്ള വായനയുടെ പാരമ്പര്യം രാജ്യം മുഴുക്കെ അംഗീകരിക്കപ്പെടുന്നത്. പല കാര്യങ്ങളിലും കേരള മാതൃക കടമെടുത്തവര്‍ ഏറ്റവുമൊടുവില്‍ വായനയുടെ കേരള മോഡലിനേയും അംഗീകരിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം പോണ്ടിച്ചേരിയില്‍ സമാപിച്ച ലൈബ്രറി ഇന്‍ഫര്‍മേഷന്‍ നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ട ദേശിയ സെമിനാര്‍ വായനയുടെ കേരള മാതൃകയെക്കുറിച്ചും ചര്‍ച്ചചെയ്തുവെന്നത് നമുക്കുള്ള ഒരംഗീകാരമായിക്കൂടി വേണമെങ്കില്‍ കണക്കിലെടുക്കാം. മാറുന്ന കാലത്ത് വീട്ടിലെ ലൈബ്രറികള്‍ക്ക് പ്രസക്തിയേറുകയാണെന്നും എന്നാല്‍, ഇപ്പോള്‍ വീട്ടിലെ ലൈബ്രറി ടെലിവിഷനാണെന്നുമുള്ള മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ ഉദ്ഘാടന പ്രസംഗത്തിലെ ഓര്‍മപ്പെടുത്തലാണ് വായനയുടെ ഗൗരവതരമായ ഇടപെടലിനുള്ള സാധ്യതകള്‍ സെമിനാറിലെ മുഖ്യ ചര്‍ച്ചയാക്കാന്‍ ഇടയാക്കിയത്.
സെമിനാറില്‍ കേരളത്തിലെ വായനശാലകളെക്കുറിച്ചാണ് പലര്‍ക്കും അറിയേണ്ടിയിരുന്നത്. കേരളത്തില്‍ വായന വളര്‍ന്നു വന്ന നാള്‍ വഴികള്‍, ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ വളര്‍ച്ച എന്നിവയൊക്കെ രാജ്യത്തെ വിവിധ കോണുകളില്‍ നിന്നുള്ള വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് കൗതുകത്തിനുമപ്പുറം പുതിയ അനുഭവം കൂടിയായി മാറുയായിരുന്നു. പലരും മറന്നു പോയേക്കാവുന്ന കേരളത്തിന്റെ വായനാവികാസത്തിന്റെ വളര്‍ച്ച അങ്ങനെ വീണ്ടും ഒരിക്കല്‍ക്കൂടി അവിടെ അവതരിപ്പിക്കപ്പെട്ടു. ഗ്രന്ഥശാലാ പ്രസ്ഥാനമാണ് വായനയെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിലെ പ്രധാന സ്ഥാപനമെന്നത് ചിര പരിചിതമാണല്ലോ. സംസ്ഥാനത്തെങ്ങുമുള്ള എട്ടായിരത്തോളം ലൈബ്രറികളും കോടിക്കണക്കിന് പുസ്തകങ്ങളും ഇതിന് ഉദാഹരണമാണ്. കെ കേളപ്പന്റെ നേതൃത്വത്തില്‍ 1937 ജൂണില്‍ കോഴിക്കോടും 1943ല്‍ തലശ്ശേരിയിലും വായനശാലാ പ്രവര്‍ത്തകരുടെ സമ്മേളനം ചേര്‍ന്നാണ് വായനയുടെ വലിയ ലോകത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടത്. 1939ല്‍ പിണറായി പാറപ്പുറത്തെ വിവേകാനന്ദ വായനശാലയില്‍ നടന്ന സമ്മേളനം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഒന്നാകെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് വായനയുടെ ചരിത്രത്തെ ഒന്നുകൂടി ജ്വലിപ്പിക്കുന്ന ഒന്നായി കാണാം. ലോകത്ത് എവിടെമാറ്റം നടക്കുമ്പോഴും അതിന്റെ പിറകില്‍ വായനശാലാ പ്രവര്‍ത്തകരുണ്ടെന്നത് ഈ ചരിത്ര സാക്ഷ്യത്തെക്കൊണ്ട് ഉദാഹരിക്കാം.രണ്ട് വര്‍ഷം മുമ്പ് നടന്ന വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തില്‍ സമരക്കാര്‍ ആദ്യം സുക്കോട്ടി പാര്‍ക്കില്‍ നിര്‍മിച്ചത് ഒരു വായനശാലയാണെന്നത് ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്ന ഒന്നാണ്. 1945 സെപ്തംബര്‍ 14ന് അമ്പലപ്പുഴയില്‍ പി എന്‍ പണിക്കരുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ ഭാരവാഹികളുടെ യോഗം ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് പിന്നീട് നല്ല തുടക്കം കുറിച്ചു. ഈ സമ്മേളനത്തിന്റെ ഓര്‍മക്കായാണ് എല്ലാം വര്‍ഷവും ഗ്രന്ഥശാലാ ദിനമായി ആചരിക്കുന്നത്. 1948ല്‍ മദ്രാസ് സര്‍ക്കാര്‍ പാസാക്കിയ നിയമമനുസരിച്ച് മലബാറില്‍ ലോക്കല്‍ ലൈബ്രറി അതോറിറ്റി തുടങ്ങി. ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായി ഗ്രന്ഥശാലാ സംഘം പിന്നീട് മാറുകയും ചെയ്തു.
1948ലാണ് അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘത്തിന്റെ നേതൃത്വത്തില്‍ ഗ്രന്ഥാലോകം മാസിക ആരംഭിച്ചത്. ഇതും വലിയ വായനാ വിപ്ലവം സൃഷ്ടിച്ചു. 1956ല്‍ സംസ്ഥാന രൂപവത്കരണത്തോടെ ഗ്രന്ഥശാലാ സംഘം രൂപവത്കൃതമായി. 1989ല്‍ കേരള പബ്ലിക് ലൈബ്രറീസ് ആക്ട് നിയമസഭ പാസാക്കിയെങ്കിലും 1991ലാണ് ഇന്ന് കാണുന്ന ലൈബ്രറി കൗണ്‍സില്‍ നിലവില്‍വന്നത്. ദീര്‍ഘകാലത്തെ നടപടികള്‍ പൂര്‍ത്തിയായി 1994ലാണ് ഒന്നാം ലൈബ്രറി കൗണ്‍സില്‍ നിലവില്‍ വന്നത്. ലൈബ്രറി കൗണ്‍സില്‍ നിയമമായി വരുന്നതിന് വേണ്ടി നിരവധിയായ പ്രക്ഷോഭങ്ങള്‍ ലൈബ്രറി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നിട്ടുമുണ്ട്.
1975ല്‍ സാക്ഷരതാ പ്രവര്‍ത്തനത്തിന് യുനസ്‌കോയുടെ ക്രുപ്‌സ്‌കായ അവാര്‍ഡ് ലഭിച്ച ഗ്രന്ഥശാലാ സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്ന് സാംസ്‌കാരിക രംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് മുഖ്യമായും സംഘടിപ്പിക്കുന്നത്. വനിതാ പുസ്തക വിതരണ പദ്ധതി, വനിതാവേദി, ബാലവേദി, വയോജനവേദി, യുവജനവേദി എന്നിവയും ലൈബ്രറികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാം വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ്. ജയില്‍ ലൈബ്രറി, ഹോസ്പിറ്റല്‍ ലൈബ്രറി, ഓര്‍ഫനേജ് ലൈബ്രറി, മോഡല്‍ വില്ലേജ് ലൈബ്രറി, അക്കാദമിക്സ്റ്റഡി സെന്റര്‍, കരിയര്‍ ഗൈഡന്‍സ് സെന്റര്‍ എന്നിവയും വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജയില്‍ ലൈബ്രറി, ഹോസ്പിറ്റല്‍ ലൈബ്രറി, ഓര്‍ഫനേജ് ലൈബ്രറി, ഹെര്‍മിറ്റേജ് ലൈബ്രറി, ജുവനൈല്‍ഹോം ലൈബ്രറി എന്നിവ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്ന സേവന പദ്ധതികളാണ്. കുറ്റവാളികളുടെ മാനസിക പരിവര്‍ത്തനത്തിന് വായനക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും എന്ന സത്യം മനസ്സിലാക്കിക്കൊണ്ടാണ് സംസ്ഥാനത്ത് പലയിടങ്ങളിലുമായി ജയില്‍ ലൈബ്രറികള്‍ സ്ഥാപിച്ചത്. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലും, കോഴിക്കോട് ജില്ലാ ജയിലിലും, നെട്ടുകാര്‍തേരി, ചീമേനി തുറന്ന ജയിലിലും, നെയ്യാറ്റിന്‍കര, തൃശ്ശൂര്‍ വനിതാ ജയിലുകളിലും ഗ്രന്ഥശാലകള്‍ സ്ഥാപിച്ചു. രോഗങ്ങളാല്‍ അവശതയനുഭവിക്കുന്നവര്‍ക്ക് മാനസികശക്തി പകരാനും അവര്‍ക്ക് സാന്ത്വനമേകാനും പുസ്തകങ്ങള്‍ക്ക് കഴിയും എന്ന ചിന്തയാണ് ആശുപത്രി ലൈബ്രറികള്‍ സ്ഥാപിക്കുന്നതിന് പിന്നിലെ ലക്ഷ്യം.
കോട്ടക്കല്‍ ആര്യവൈദ്യശാല ആശുപത്രി, തലശ്ശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്, തൃപ്പൂണിത്തുറ ആയുര്‍വേദ കോളജ് ആശുപത്രി; കുതിരവട്ടം, പേരൂര്‍ക്കട, തൃശ്ശൂര്‍ മെന്റല്‍ ഹെല്‍ത്ത് സെന്ററുകള്‍ എന്നിവിടങ്ങളില്‍ ആശുപത്രിഗ്രന്ഥശാലകള്‍ നിലവില്‍വന്നു. ഇത് കൂടാതെ നൂറനാട്ടെ ലെപ്രസി സാനിട്ടോറിയം, പുലയനാര്‍കോട്ട ടി ബി സാനിട്ടോറിയം, കൊരട്ടി ലെപ്രസി സാനിട്ടോറിയം എന്നിവിടങ്ങളില്‍ സജീവമായി ഗ്രന്ഥശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് അനാഥത്വത്തിന്റെ വേദന പേറുന്ന കുട്ടികള്‍ക്ക് സാന്ത്വനമേകാനും അതുപോലെ അറിവിന്റെ മാസ്മരികലോകം അവര്‍ക്ക് തുറന്നുകൊടുക്കാനും ഓര്‍ഫനേജ് ഗ്രന്ഥശാലകള്‍ കേരളത്തില്‍ പലയിടുത്തായി ആരംഭിച്ചു. തിരുവനന്തപുരം ശ്രീചിത്രാ പുവര്‍ ഹോം; എറണാകുളം പള്ളുരുത്തി സ്‌നേഹഭവന്‍, സ്‌നേഹനികേതന്‍ സോഷ്യല്‍ സെന്റര്‍, കണ്ണൂര്‍ ജില്ലയിലെ പട്ടുവം സ്‌നേഹനികേതന്‍, അയിരൂര്‍ കാര്‍മല്‍ അഗതി മന്ദിരം എന്നിവിടങ്ങളില്‍ അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ട ബാല്യങ്ങള്‍ക്ക് ഗ്രന്ഥശാല സേവനം നല്‍കുന്നുണ്ട്. വയോജനങ്ങളുടെ മാനസികോല്ലാസം ലക്ഷ്യമാക്കിക്കൊണ്ട് വയോജന ലൈബ്രറി മലപ്പുറം ജില്ലയിലുംപ്രവര്‍ത്തനം തുടങ്ങി.
അക്കാദമിക് കേന്ദ്രങ്ങള്‍, കരിയര്‍ ഗൈഡന്‍സ് സെന്റര്‍, താലൂക്ക് റഫറന്‍സ് ലൈബ്രറി, അയല്‍കൂട്ട പഠനപദ്ധതി എന്നിവ യുവജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും ഉയര്‍ന്നജീവിതം ലക്ഷ്യമാക്കിക്കൊണ്ട് തുടങ്ങിയ പ്രധാന ഗ്രന്ഥശാലാസേവനങ്ങളാണ്. കാലാനുസൃതമായി ഗ്രന്ഥശാലകളെ നവീകരിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് അംഗ ഗ്രന്ഥശാലകള്‍ കമ്പ്യൂട്ടര്‍വത്കരണം നടത്താനും ഗ്രന്ഥശാല സോഫ്റ്റ്‌വെയര്‍ വികസനത്തിനുമുള്ള സജീവശ്രമത്തിലാണ് ഇപ്പോള്‍ കേരളത്തിലെ ഗ്രന്ഥശാലാ സംഘം.
ഗ്രന്ഥശാലകള്‍ ആധുനീകരിക്കുന്നതിന്റെ ഭാഗമായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ഓണ്‍ലൈന്‍ വായനയും ഡിജിറ്റല്‍ വായനയും കേരളത്തിലെ ഗ്രാമങ്ങളില്‍ കൂടി ഇനി ലഭ്യമാകും. വിജ്ഞാനവിതരണരംഗത്തും സാമൂഹിക രംഗത്തും ദ്രുതഗതിയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പബ്ലിക് ലൈബ്രറി സംവിധാനത്തേയും സേവനങ്ങളേയും അഗാധമായി സ്വാധീനിക്കുന്നുണ്ട്. 2005-ല്‍ രൂപംകൊണ്ട നാഷനല്‍ നോളജ് കമ്മീഷന്‍, 21-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ സമൂഹത്തെ വിവരാധിഷ്ഠിത സമൂഹമാക്കി മാറ്റണമെന്നും, അതിനുവേണ്ടി സമൂഹത്തിനാകെ ശരിയായ അറിവു പകരാന്‍ പബ്ലിക് ലൈബ്രറികള്‍ സുസജ്ജമാകണമെന്നും പറഞ്ഞിരുന്നു. കമ്മീഷന്‍ നിയമിച്ച പബ്ലിക് ലൈബ്രറി വര്‍ക്കിംഗ് ഗ്രൂപ്പ് അതിനു വേണ്ടി 29 ശിപാര്‍ശകള്‍ തയ്യാറാക്കി നല്‍കുകയും ചെയ്തു. തുടര്‍ന്ന് 2012-ല്‍ രൂപം കൊടുത്ത ദേശീയ ലൈബ്രറി മിഷന്‍ ലൈബ്രറി രംഗത്തു ഒരു കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയാണിപ്പോള്‍. ഇന്ത്യയിലെ 9,000 ലൈബ്രറികള്‍ അത്യന്താധുനിക സൗകര്യങ്ങളോടെ സമ്പൂര്‍ണമായി വികസിപ്പിക്കാനും അവ തമ്മില്‍ നെറ്റ്‌വര്‍ക്കിംഗ് സാധ്യമാക്കാനും 1000 കോടി രൂപയുടെ ധനസഹായമാണുദ്ദേശിച്ചിരിക്കുന്നത്. ലൈബ്രറിരംഗത്ത് ആഗോളമായും, ഇന്ത്യയിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കൊത്ത് കേരളവും മുന്നേറേണ്ടിയിരിക്കുന്നു. കേരളത്തിലെ പബ്ലിക് ലൈബ്രറികളില്‍ 99 ശതമാനവും സന്നദ്ധസംഘടനകള്‍ നടത്തുന്നവയാണ്. അവയെല്ലാം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. പുറമെ ഏതാനും പ്രൈവറ്റ് ലൈബ്രറികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന ലൈബ്രറികളുമുണ്ട്. എട്ടായിരത്തോളം ലൈബ്രറികള്‍ ഇപ്പോള്‍ അഫിലിയേറ്റുചെയ്തിട്ടുണ്ട്.
വായനക്കാര്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഒരു ഗ്രന്ഥശാലയുടെ പ്രഥമവും പ്രധാനവുമായ സേവനം. വൈജ്ഞാനിക, വൈജ്ഞാനികേതര പുസ്തകങ്ങള്‍, റഫറന്‍സ് പുസ്തകങ്ങള്‍; ആനുകാലികങ്ങള്‍, സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍, ദേശീയ, പ്രാദേശിക വര്‍ത്തമാന പത്രങ്ങള്‍, പ്രാദേശികചരിത്രം, പ്രാദേശികവിവരങ്ങള്‍, സംഗീത ശേഖരങ്ങള്‍ മുതലായവ പൊതുജനഗ്രന്ഥശാലാ വൈജ്ഞാനിക ശേഖരത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഏത് വിഭാഗത്തില്‍പ്പെട്ട വായനക്കാര്‍ക്കും ആവശ്യമുള്ള പുസ്തകങ്ങള്‍ ലഭ്യമാക്കുക എന്നതും ഗ്രന്ഥശാലയുടെ ഏറ്റവും വലിയ കടമയാണ്. ജനകീയ ഗ്രന്ഥശാലാ പ്രവര്‍ത്തനത്തിന് ഏഴ് പതിറ്റാണ്ട് തികയുമ്പോള്‍ കേരള മോഡല്‍ വായനാ സംസ്‌കാരം മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് ഒരു പക്ഷേ മറ്റൊരു ചരിത്രമായി മാറിയേക്കാം.

Latest