മഅ്ദനിക്കെതിരെ വീണ്ടും ഭരണകൂടഭീകരത

Posted on: December 13, 2014 5:42 am | Last updated: December 12, 2014 at 7:54 pm

അബ്ദുന്നാസിര്‍ മഅ്ദനി നിരപരാധിത്വം തെളിയിച്ചു ജയിലില്‍ നിന്ന് പുറത്തു വരരുതെന്ന് സംഘ്പരിവാറിന് മാത്രമല്ല, കര്‍ണാടക ഭരണകൂടത്തിനും നിര്‍ബന്ധമുണ്ടെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണത്തിന് ബലമേകുകയാണ് ബെംഗളൂരു സ്‌ഫോടനക്കേസ് എന്‍ ഐ എ കോടതിയിലേക്ക് മാറ്റാനുള്ള തീരുമാനം. ആറ് വര്‍ഷത്തോളമായി ബെംഗളൂരിലെ പരപ്പന അഗ്രഹാര പ്രത്യേക കോടതിയില്‍ ഇഴഞ്ഞു നീങ്ങുകയായിരുന്ന സ്‌ഫോടനക്കേസ്, നാല് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് കേസ് എന്‍ ഐ എക്ക് വിടണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. അടുത്ത മാര്‍ച്ച് മധ്യത്തോടെ സുപ്രീംകോടതി നിര്‍ദേശിച്ച കാലപരിധി അവസാനിക്കും. അതിനകം വിചാരണ പൂര്‍ത്തിയാക്കി വിധിപ്രസ്താവം നടത്താനുള്ള തീവ്രശ്രമത്തിലായിരുന്നു ജഡ്ജി ബസവരാജു. ഇതുവരെ നടന്ന വിചാരണകളില്‍ നിന്ന് മഅ്ദനിക്കെതിരെയുള്ള ആരോപണം സംശയാസ്പദമാണെന്നും വിധി മഅ്ദനിക്ക് അനുകൂലമാകാനാണ് സാധ്യതയെന്നും നിയമ വൃത്തങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. മാത്രമല്ല, കേസിലെ പ്രധാന പ്രൊസിക്യൂഷന്‍ സാക്ഷികളായ ജോസ് വര്‍ഗീസ്, അബ്ദു ഉസ്താദ്, മണി എന്ന യൂസുഫ്, അന്‍വര്‍ കരീം എന്നിവര്‍ ഇതിനകം കൂറു മാറുകയും ചെയ്തിട്ടുണ്ട്. മഅ്ദനിക്കനുകൂലമായി വരുന്ന സാഹചര്യം അട്ടിമറിക്കപ്പെടുകയും കേസ് നടപടികള്‍ ഇനിയും ഏറെ നീളുകയും ചെയ്യുമെന്നതാണ് കോടതി മാറ്റത്തിന്റെ ഫലം.
കര്‍ണാടകയില്‍ ബി ജെ പിക്ക് പകരം കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ മഅ്ദനിക്കെതിരായ ഭരണകൂട ഭീകരതക്ക് അറുതി വരികയും മനുഷ്യത്വപരമായ സമീപനം സര്‍ക്കാര്‍ അദ്ദേഹത്തോട് കാണിക്കുമെന്നും പ്രതീക്ഷിച്ചിരുന്നതാണ്. മഅ്ദനിയുടെ ജാമ്യാപേക്ഷകളില്‍ പുതിയ സര്‍ക്കാറും വിയോജിപ്പ് പ്രകടിപ്പിച്ചതോടെ ആ പ്രതീക്ഷയും അസ്തമിച്ചതാണ്. പലവിധ രോഗങ്ങളാലും കടുത്ത പ്രയാസമനുഭവിക്കുന്ന അദ്ദേഹത്തിന് മതിയായ ചികിത്സ നല്‍കുന്നതിലും സര്‍ക്കാര്‍ വിമുഖത കാണിക്കുന്നു. കേസ് എന്‍ ഐ എക്ക് വിട്ടതും ഈ നിലപാടുകളുടെ തുടര്‍ച്ചയാണ്.
ബെംഗളൂരു ബോംബ് സ്‌ഫോടന കേസില്‍ സമര്‍പ്പിച്ച ആദ്യത്തെ കുറ്റപത്രത്തില്‍ മഅ്ദനിയുടെ പേരില്ലായിരുന്നു. രണ്ടാമത്തെ കുറ്റപത്രത്തിലാണ് അദ്ദേഹത്തിന്റെ പേര് കടന്നുവരുന്നത്. അതും രാജ്യത്തെ നിരവധി സ്‌ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച കൊടും ഭീകരനെന്ന് പാലീസ് ആരോപിക്കുന്ന തടിയന്റവിട നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും. ഒരു കൊടുംകുറ്റവാളിയുടെ മൊഴിയെ മാത്രം ആധാരമാക്കി മറ്റൊരാളില്‍ അപരാധം ചുമത്തുന്നതിന്റെ അനൗചിത്യം അന്നേ നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ മഅ്ദനിയെ പ്രതി ചേര്‍ക്കാന്‍ പോലീസ് പറയുന്ന ന്യായങ്ങളുടെ പൊള്ളത്തരങ്ങള്‍ പിന്നീട് തെഹല്‍ക്ക ലേഖിക ഷാഹിന വെളിച്ചത്തു കൊണ്ടുവരികയും ചെയ്തു. നസീറിനെ മഅ്ദനിക്കൊപ്പം കണ്ടതായി മൊഴിനല്‍കിയെന്ന് പറയപ്പെടുന്ന ജോസ് വര്‍ഗീസ് എറണാകുളം സെഷന്‍സ് കോടതി മുമ്പാകെ കര്‍ണാടക പോലീസിനെതിരേ നല്‍കിയ സ്വകാര്യ അന്യായത്തില്‍ തന്റെ മൊഴി ബെംഗളൂരു ഡെപ്യൂട്ടി പോലിസ് കമ്മിഷണര്‍ ഓംകാരയ്യ കെട്ടിച്ചമച്ചതാണെന്ന് ബോധിപ്പിക്കുന്നുണ്ട്. ബി ജെ പി പ്രാദേശിക നേതാവായ യോഗാനന്ദ് മഅ്ദനിയെ കുടകില്‍ കണ്ടതായി മൊഴി നല്‍കിയതായി പോലീസ് പറയുമ്പോള്‍ തനിക്കതേക്കുറിച്ചറിയില്ലെന്നാണ് അേദ്ദഹം വെളിപ്പെടുത്തിയത്. അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഷാഹിന കണ്ടെത്തിയ വസ്തുതകളുടെ നിജാവസ്ഥ അന്വേഷിച്ചറിയുന്നതിന് പകരം, അവരുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി പീഡിപ്പിക്കുകയായിരുന്നു പോലീസെന്നതും അധികാരി വര്‍ഗത്തിന്റെ ഒളി അജന്‍ഡകോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഭരണകൂടവും ശത്രുക്കളും ചേര്‍ന്ന് നീതിവ്യവസ്ഥകള്‍ ദുരുപയോഗം ചെയ്തു മഅ്ദനിയുടെ ജീവതത്തിലെ നീണ്ടയൊരു കാലയളവ് കവര്‍ന്നെടുത്തു. പ്രസ്തുത കേസില്‍ അദ്ദേഹം നിരപരാധിയാണെന്ന് കണ്ട് കോടതി വെറുതെ വിട്ടതോടെയാണ് അവിശ്വസനീയമായ ആരോപണങ്ങളുമായി ബെംഗളൂരു സ്‌ഫോടനക്കേസില്‍ ഭരണകൂടം അദ്ദേഹത്തെ വേട്ടയാടുന്നത്. സംഘ്പരിവാറും കര്‍ണാടക സര്‍ക്കാറും ആരോപിക്കുന്നത് പോലെ മഅ്ദനിക്ക് അതില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കഠിന ശിക്ഷ നല്‍കണമെന്നതില്‍ രണ്ട് പക്ഷമില്ല. നിരപരാധിയെങ്കില്‍ അത് ബോധ്യപ്പെടുത്താനും തടവില്‍ നിന്ന് മോചിതനാകാനും അദ്ദേഹത്തിന് അവസരം നല്‍കേണ്ടത് നീതിയും മനുഷ്യത്വവുമാണ്. അതിനുള്ള അവസരം പോലും നിഷേധിക്കുകയും ജാമ്യത്തിനും വിദഗ്ധ ചികിത്സക്കുമുള്ള നീക്കങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്യുമ്പോള്‍ രാജ്യത്ത് മഅ്ദനിക്ക് മാത്രം പ്രത്യേക നിയമമോ എന്ന ചോദ്യം സ്വാഭാവികം. ആരോപണം തെളിയിക്കപ്പെടുന്നത് വരെ അദ്ദേഹം കുറ്റവാളിയല്ല, സംശയത്തിന്റെ നിഴലില്‍ കഴിയുന്ന ഒരു വിചാരണത്തടവുകാരന്‍ മാത്രമാണ്. ഇന്ത്യയിലെ മറ്റു വിചാരണത്തടവുകാര്‍ക്ക് ലഭിക്കുന്ന മനുഷ്യാവകാശങ്ങള്‍ മഅ്ദനിക്കും ലഭിക്കേണ്ടതുണ്ട്. എന്തിനാണ് ഇനിയും തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരില്‍ ഭരണകൂടങ്ങള്‍ ഒരു വ്യക്തിയെ ഈ നിലയില്‍ വേട്ടയാടുന്നതും പീഡിപ്പിക്കുന്നതും? നമ്മുടെ നീതിവ്യവസ്ഥയുടെ മുന്നില്‍ ഒരു വലിയ ചോദ്യചിഹ്നമാണ് അബദുന്നാസിര്‍ മഅ്ദനി.