Connect with us

Gulf

സ്വര്‍ണ വിലത്തകര്‍ച്ച പ്രവാസികള്‍ക്കു കൂനിന്മേല്‍ കുരു

Published

|

Last Updated

ഷാര്‍ജ: വര്‍ധിച്ച ജീവിതച്ചിലവ് മൂലം വിഷമിക്കുന്ന പ്രവാസികള്‍ക്ക് സ്വര്‍ണവിലത്തകര്‍ച്ച കൂനിന്മേല്‍ കുരുവായി.
നാട്ടില്‍ ബേങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും സ്വര്‍ണം പണയം വെച്ച് ലക്ഷങ്ങള്‍ വായ്പയെടുത്ത പ്രവാസികളടക്കമുള്ളവര്‍ക്കാണ് പ്രശ്‌നമായത്.
വിലകുത്തനെ താഴ്ന്നതോടെ പണയം വെച്ച സ്വര്‍ണം എടുക്കുകയോ, മറിച്ചു വെക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാര്‍ക്ക് ബേങ്കുകളില്‍ നിന്ന് നോട്ടീസ് ലഭിച്ചു തുടങ്ങി. നോട്ടീസ് ലഭിച്ച പലരും വായ്പ തിരിച്ചടക്കാനാവാതെ പ്രയാസപ്പെടുകയാണെന്നാണ് വിവരം. മഞ്ഞലോഹം പണയപ്പെടുത്തി ലക്ഷക്കണക്കിനു രൂപയാണ് വിവിധ ബേങ്കുകളില്‍ നിന്നും മറ്റും പലരും വായ്പയെടുത്തിട്ടുള്ളത്. ഇവരില്‍ നല്ലൊരു ശതമാനം പ്രവാസികളാണ്, പ്രത്യേകിച്ച് മലയാളികള്‍.
ഭവന നിര്‍മാണം, വിവാഹം, കച്ചവടം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കാണ് വായ്പ എടുത്തത്. ഗള്‍ഫ് യാത്രക്കുള്ള ചെലവിനും ചിലര്‍ ബേങ്കിനെ ആശ്രയിച്ചിട്ടുണ്ട്. പണയം വെച്ച കെട്ടുതാലിപോലും പലര്‍ക്കും ഇപ്പോഴത്തെ സാഹചര്യത്തില്‍ എടുക്കാന്‍ പറ്റാത്തസ്ഥിതിയാണ്.
വിപണിയില്‍ പവനു 23,000 രൂപക്ക് മുകളില്‍ കടന്ന വേളയിലാണ് പലരും തങ്ങളുടെ കൈവശമുള്ള സ്വര്‍ണം പണയപ്പെടുത്തി വന്‍തുക എടുത്തത്. ഇത്തരക്കാരാണ് ഇപ്പോള്‍ പ്രധാനമായും കുടുങ്ങിയിരിക്കുന്നത്.
വിലത്തകര്‍ച്ച മൂലം ഇപ്പോള്‍ ബേങ്കുകളില്‍ നിന്നു പവനു 12,000 രൂപ വരെയാണ് വായ്പ ലഭിക്കുന്നതെന്ന് സ്വര്‍ണം പണയം വെച്ച് കുടുങ്ങിയ ഒരു മലയാളി പറഞ്ഞു. പവനു 16,000 രൂപവരെ ഉണ്ടായിരുന്നപ്പോഴാണ് ഇയാള്‍ വന്‍ തുകക്ക് സ്വര്‍ണം പണയം വെച്ചത്. എന്നാലിപ്പോളിത് 12,000 രൂപയായി കുറഞ്ഞു. സ്വര്‍ണം മാറ്റിവെക്കാനായി ഇയാള്‍ക്ക് ഓരോ പവനും പലിശക്കു പുറമെ 4,000 രൂപ വീതം അധികം കണ്ടത്തേണ്ടിവന്നു. ഈ തുക ശേഖരിക്കാന്‍ തുച്ഛവരുമാനക്കാരനായ ഈ മലയാളി സഹിച്ച കഷ്ടപ്പാട് ഏറെയാണ്. ഇത്തരത്തില്‍ നൂറുക്കണക്കിന് പ്രവാസികളാണ് സ്വര്‍ണ വിലത്തകര്‍ച്ച മൂലം പ്രയാസപ്പെടുന്നത്. ലക്ഷക്കണക്കിന് രൂപ വായ്പയെടുത്തവര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ മാറ്റിവെക്കാന്‍ ഏറെ വിയര്‍ക്കേണ്ടിവരും. എടുത്ത് വില്‍ക്കാമെന്ന് കരുതിയാല്‍ വിലക്കുറവ് ഏറെ വിഷമിപ്പിക്കും. ചുരുക്കത്തില്‍ തൃശങ്കുസ്വര്‍ഗത്തിലാണ് ഇടപാടുകാര്‍.
ഗള്‍ഫിലെ വര്‍ധിച്ച ചിലവു മൂലം ജീവിതം തന്നെ ഏറെ പ്രയാസപ്പെട്ടാണ് പല പ്രവാസികളും മുന്നോട്ടു നയിക്കുന്നത്. അനുദിനം ചിലവ് ഏറുമ്പോഴും വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് ബേങ്കുകളുടെ പിടുത്തം കൂടി പ്രവാസികളുടെ കഴുത്തില്‍ മുറുകിയത്. ഇതാകട്ടെ അവരെ മാനസികമായും ശാരീരികമായും തളര്‍ത്തുന്നു.

---- facebook comment plugin here -----

Latest