Connect with us

Kozhikode

'കൂടെ' സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി

Published

|

Last Updated

കോഴിക്കോട്: പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കോര്‍പറേഷന്‍ ആസൂത്രണം ചെയ്ത “കൂടെ” സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി.
കോര്‍പറേഷന്‍ പരിധിയിലെ എല്ലാ സ്‌കൂളുകളിലും നടത്തിയ പ്രത്യേക പരീക്ഷയുടെ അടിസ്ഥാനത്തില്‍ എല്‍ പി, യു പി വിഭാഗങ്ങളില്‍ നിന്നായി 8000ഓളം വിദ്യാര്‍ഥികളെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്. മലയാള ഭാഷ പ്രവര്‍ത്തനങ്ങള്‍, ഗണിതം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സ്‌കൂള്‍ സമയത്തിന് ശേഷമാണ് ഇവര്‍ക്കുള്ള പരിശീലനം. 60 ദിവസം പരിശീലനം പൂര്‍ത്തിയായ ശേഷം ഫെബ്രുവരി 13ന് മൂല്യനിര്‍ണയം നടത്തും. പദ്ധതി നടത്തിപ്പിന് തിരഞ്ഞെടുത്ത അധ്യാപകര്‍ക്കായി ഗവ. മോഡല്‍ സ്‌കൂളില്‍ പരിശീലനം നല്‍കി. ഈ അധ്യാപകര്‍ പദ്ധതിയിലുള്‍പ്പെട്ട വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് പദ്ധതി സംബന്ധിച്ച് ബോധവത്കരണം നല്‍കും. പ്രത്യേക പരിശീലനമുള്ള ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ലഘുഭക്ഷണം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ട്. പദ്ധതിക്കായി പഠന പിന്നാക്ക പരിഹാര ബോധനം എന്ന കൈപുസ്തകം കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി തയാറാക്കിയിട്ടുണ്ട്.
പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം മേയര്‍ പ്രൊഫ. എ കെ പ്രേമജം നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി ഉഷാദേവി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ ടി പത്മജ, വിദ്യാ ബാലകൃഷ്ണന്‍, അനിത കൃഷ്ണനുണ്ണി, കൃഷ്ണദാസ്, ടി സുജന്‍ സംസാരിച്ചു.