നൗകകള്‍ക്ക് വാര്‍ഫേജ് ഒരുക്കി കോര്‍ണീഷ്

Posted on: December 11, 2014 6:43 pm | Last updated: December 11, 2014 at 6:43 pm

Dubai-Creekദുബൈ: ബര്‍ദുബൈ, ദേര ക്രീക്കുകളില്‍ നങ്കൂരമിടുന്ന നൗകകള്‍ക്ക് ദേര കോര്‍ണീഷില്‍ (ഹയാത് റീജന്‍സിക്കു സമീപം) വാര്‍ഫേജ് വരുന്നു. മൂന്നു കിലോമീറ്റര്‍ വാര്‍ഫേജിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി. ഇതോടെ ബര്‍ദുബൈ, ദേര ക്രീക്കുകളില്‍ നിന്ന് ഉല്ലാസ, നൗകകള്‍ അടക്കം ബോട്ടുകള്‍ ഒഴിവാക്കപ്പെടും. അര ഡസനോളം നൗകകള്‍ പുതിയ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ധോ വാര്‍ഫേജ് ഡെവലപ്‌മെന്റ് പ്രൊജക്ട് എന്ന പേരില്‍ വിപുലമായ അടിസ്ഥാന സൗകര്യ വികസനമാണ് നടപ്പാക്കിയത്. 30 ഓളം കയറ്റിറക്കുമതി സ്ഥലങ്ങള്‍ 90,000 ചതുരശ്രമീറ്റര്‍ പണിതു. നിലവിലുള്ളതിനെക്കാള്‍ ഇരട്ടിയാണിത്. 17 ലക്ഷം ടണ്‍ കാര്‍ഗോയാണ് പ്രതിവര്‍ഷം ക്രീക്കില്‍ കൈകാര്യം ചെയ്യപ്പെടുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ എല്ലാ നൗകകളും ദേര കോര്‍ണീഷില്‍ നങ്കൂരമിടണം. ദിവസം 100 മുതല്‍ 200 വരെ ദിര്‍ഹമാണ് ഫീസ് ഈടാക്കാറുള്ളത്. കോര്‍ണീഷില്‍ തുടക്കത്തില്‍ സൗജന്യമായിരിക്കും. 1960ല്‍ ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂം ദുബൈ ഭരണാധികാരിയായിരുന്നപ്പോഴാണ് ക്രീക്ക് വികസനം നടന്നത്. 1993ല്‍ പുനഃവികസനം നടന്നു.
ഇറാന്‍, യമന്‍, ഇന്ത്യ, സോമാലിയ എന്നിവടങ്ങളില്‍ നിന്ന് ധാരാളം ചരക്കു നൗകകള്‍ ഇവിടെ എത്താറുണ്ട്.