Connect with us

Kerala

കായിക കിരീടം എറണാകുളത്തിനും സെന്റ് ജോര്‍ജിനും

Published

|

Last Updated

തിരുവനന്തപുരം: എതിരില്ലാതെ എറണാകുളം സംസ്ഥാന സ്‌കൂള്‍ കായിക കിരീടം നിലനിര്‍ത്തി. 58-മത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 289 പോയിന്റോടെയാണ് എറണാകുളം തികഞ്ഞ ആധിപത്യത്തോടെ ചാമ്പ്യന്‍മാരായത്. 190 പോയിന്റ് നേടിയ പാലക്കാട് രണ്ടാം സ്ഥാനത്തും 156 പോയിന്റ് നേടിയ കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്.
എറണാകുളം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 181 പോയിന്റുമായി മേല്‍ക്കൈ നേടിയപ്പോള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടാണ് വിജയിച്ചത്. 130 പോയിന്റാണ് പെണ്‍കുട്ടികള്‍ കോഴിക്കോടിന് നേടിക്കൊടുത്തത്. 108 പോയിന്റുമായി എറണാകുളം രണ്ടാമതെത്തി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 92 പോയിന്റുമായി പാലക്കാടാണ് രണ്ടാമത്.
സ്‌കൂളുകള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു അവസാന നമിഷങ്ങങ്ങളില്‍ മേളക്ക് ആവേശം പകര്‍ന്നത്. ആദ്യ മൂന്ന് ദിവസവും മാര്‍ ബേസിലും പറളി സ്‌കൂളും തമ്മിലായിരുന്നു മികച്ച സ്‌കൂളിനുവേണ്ടിയുള്ള പോരാട്ടം. എന്നാല്‍, അവസാന ദിനം ട്രാക്കിലും ഫീല്‍ഡിലും ഒരുപോലെ ഉജ്വല കുതിപ്പ് നടത്തിയ സെന്റ് ജോര്‍ജ് ഒന്നാം സ്ഥാനം പിടിക്കുകയായിരുന്നു. അവസാന വ്യക്തിഗത ഇനമായ സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ സ്വര്‍ണം നേടിയിട്ടും ലീഡ് വിടാതെ പിടിച്ചാണ് സെന്റ് ജോര്‍ജ് കിരീടം നേടിയത്. മാര്‍ബേസിലിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്ന പറളി സ്‌കൂള്‍ അവസാന ദിനം പിന്നാക്കം പോയി. 75 പോയിന്റോടെ അവര്‍ മൂന്നാമതായി. പാലക്കാടിന്റെ തന്നെ കുമരംപുത്തൂര്‍ സ്‌കൂള്‍ 59 പോയിന്റുമായി നാലാമതായി.
മാര്‍ബേസിലിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്ന പറളി സ്‌കൂള്‍ അവസാന ദിനം പിന്നിലായി. നാലുനാള്‍നീണ്ട കൗമാര കായികമേളയില്‍ 15 മീറ്റ് റെക്കോര്‍ഡുകളും പിറന്നിരുന്നു. അവസാന ദിനത്തില്‍ മൂന്ന് മീറ്റ് റെക്കോര്‍ഡുകളാണ് പിറന്നത്.
സബ്ജൂനിയര്‍ വിഭാഗത്തില്‍ മാര്‍ബേസില്‍ സ്‌കൂളിലെ അഭിഷേക് മാത്യുവും, തിരുവനന്തപുരം സായിയിലെ സി അഭിനവും നാട്ടിക ഫിഷറീസ് ഗവ. എച്ച് എസ് എസിലെ പി ഡി അഞ്ജലിയും, ജൂനിയര്‍ വിഭാഗത്തില്‍ ബിപിന്‍ ജോര്‍ജും, കോഴിക്കോട് പൂവമ്പായി എ എം എച്ച് എസിലെ ജിസ്‌നമാത്യുവും, സീനിയര്‍ വിഭാഗത്തില്‍ പറളി സ്‌കൂളിലെ മുഹമ്മദ് അഫ്‌സലും, സെന്റ് ജോര്‍ജിലെ സ്മൃതിമോള്‍ വി രാജേന്ദ്രനും മേളയുടെ താരങ്ങളായി. ഇതില്‍ പി ഡി അഞ്ജലിയും, ജിസ്‌നമാത്യുവും, മുഹമ്മദ് അഫ്‌സലും ട്രിപ്പിള്‍ സ്വര്‍ണം നേടിയപ്പോള്‍ കെ ആതിര, ഡൈബി സെബാസ്റ്റ്യന്‍, വിനിജ വിജയന്‍, ബിബിന്‍ ജോര്‍ജ്, വര്‍ഷ, ജ്യോതിപ്രസാദ് എന്നിവര്‍ ഇരട്ട സ്വവര്‍ണവും നേടിയിരുന്നു. സ്‌കൂളുകള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ കുത്തക സ്‌കൂളുകള്‍ക്ക് പുതിയ വെല്ലുവിളികളുയര്‍ത്തി എറണാകുളം മാതിരിപ്പിള്ളി ഗവ. വി എച്ച് എസ് എസ് മേളയില്‍ ശ്രദ്ധേയ മുന്നേറ്റം നടത്തി. എന്നാല്‍ പെണ്‍കുട്ടികളുടെ കരുത്തിലാണ് കോഴിക്കോട് മൂന്നാംസ്ഥാനം പിടിച്ചത്. കോഴിക്കോടിന് വേണ്ടി സെന്‍ര് ജോസഫ് പുല്ലൂരംപാറ, എ എം എച്ച് എസ് പൂവമ്പായി, സെന്റ് ജോണ്‍സ് നെല്ലിപ്പൊയില്‍ എന്നീ സ്‌കൂളുകള്‍ നിര്‍മായ പങ്കാണ് വഹിച്ചത്. ഇവരില്‍ കൂടുതല്‍ മെഡലുകളും പെണ്‍കുട്ടികള്‍ നേടിയതായിരുന്നു. എന്നാല്‍ വയനാട്, കൊല്ലം, കണ്ണൂര്‍ എന്നീ ജില്ലകള്‍ക്ക് ഒരൊറ്റ സ്വര്‍ണം പോലും നേടാനായില്ല. അതേസമയം മേള അവസാനിച്ചപ്പോള്‍ മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാന്‍പോലും പത്തനംതിട്ടജില്ലക്കായില്ല. എന്നാല്‍ കഴിഞ്ഞ മീറ്റര്‍ അഞ്ചാംസ്ഥാനത്ത് നിന്നിരുന്ന മലപ്പുറം ഏഴാംസ്ഥാനത്തേക്കിറങ്ങി.

Latest