Connect with us

Malappuram

പെരിന്തല്‍മണ്ണയില്‍ ഗതാഗത ക്രമീകരണങ്ങളില്‍ മാറ്റം

Published

|

Last Updated

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം വഴി വരുന്ന എല്ലാ ബസുകളും ശനിയാഴ്ച മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നേരെ പെരിന്തല്‍മണ്ണ ടൗണിലേക്ക് പ്രവേശിക്കാന്‍ ജില്ലാകലക്ടര്‍ അനുമതിനല്‍കി.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലത്തിന്റെ പ്രവൃത്തി കാരണവും 12 തവണ റെയില്‍വേ ഗേറ്റ് അടക്കുന്നതിനാലും അങ്ങാടിപ്പുറത്ത് ഗതാഗത കുരുക്ക് കൂടി വന്നിരിക്കുകയാണ്. ഇതുപ്രകാരം ചില സമയങ്ങളില്‍ ട്രിപ്പുകള്‍ പോലും വേണ്ടെന്ന് വെക്കുന്ന അവസ്ഥയും വരാറുണ്ടെന്നും കാണിച്ച് ബസുടമകളുടെ ദീര്‍ഘകാലത്തെ മുറവിളികളുടെ അടിസ്ഥാനത്തിലാണ് പലതവണ കലക്ടറേറ്റിലും സബ്കലക്ടറുടെ ഓഫീസിലും യോഗം ചേര്‍ന്നത്. ബസുടമകളുടെയും ജീവനക്കാരുടെയും യാത്രക്കാരുടെയും പ്രയാസങ്ങള്‍ മനസിലാക്കി സബ്കലക്ടറുടെ നിര്‍ദേശാനുസരണമാണ് ജില്ലാകലക്ടര്‍ യോഗം വിളിച്ചത്.
യോഗത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ശനിയാഴ്ച മുതല്‍ ഒരാഴ്ച അങ്ങാടിപ്പുറം വരുന്ന എല്ലാ ബസുകളും നേരെ പെരിന്തല്‍മണ്ണ ടൗണില്‍ പ്രവേശിക്കുവാന്‍ കലക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ടൗണില്‍ പ്രവേശിക്കല്‍ ആവശ്യമല്ലാത്ത അങ്ങാടിപ്പുറം വഴി വരുന്ന ചെറുവാഹനങ്ങള്‍, ലോറി മുതലായവ ബൈപാസ് വഴി പൊന്ന്യാകുര്‍ശ്ശി വഴി പ്രവേശിക്കുകയും പട്ടാമ്പി, ചെര്‍പ്പുളശ്ശേരി ഭാഗത്തേക്ക് പോവുന്ന വാഹനങ്ങള്‍ ജൂബിലി റോഡ് വഴി പോവാനും യോഗത്തില്‍ നിര്‍ദേശമുണ്ടായി. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ്, ആര്‍ ഡി ഒ, സീനിയര്‍ സൂപ്രണ്ട് മെഹറലി, എ ഡി എം എം ടി ജോസഫ്, പെരിന്തല്‍മണ്ണ എം വി ഐ മാത്യു, പെരിന്തല്‍മണ്ണ ട്രാഫിക് എസ് ഐ ഉണ്ണികൃഷ്ണന്‍, ബസുടമകളായ എരിക്കുന്നന്‍ ഹംസ, പക്കീസ കുഞ്ഞിപ്പ, കെ മുഹമ്മദലിഹാജി, എം ഉസ്മാന്‍, പി ഡബ്ലിയു ഡി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
അതേ സമയം ഇത്തരമൊരു തീരുമാനം ആഴ്ചകള്‍ക്ക് മുമ്പ് പെരിന്തല്‍മണ്ണ സബ്കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. കാലങ്ങളായി നഗരത്തില്‍ നിലനില്‍ക്കുന്ന ഗതാഗത രീതിയില്‍ മാറ്റം വരുത്തിയ തീരുമാനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും സബ്കലക്ടറടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കും അവര്‍ക്ക് നിര്‍ദേശം നല്‍കിയവര്‍ക്ക് മാത്രമാണെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് അറിയിച്ചിരുന്നു.
നഗരസഭയുടെ ഈ വിഷയത്തിലുള്ള എതിരഭിപ്രായം യോഗത്തില്‍ രേഖപെടുത്തിയതാണ്. നഗരസഭയുടെ ശക്തമായ പ്രതിഷേധം വക വെക്കാതെ ബസുകള്‍ ട്രാഫിക് ജംഗ്ഷന്‍ വഴി നേരെ മനഴി സ്റ്റാന്‍ഡിലേക്ക് വിടാനുള്ള തീരുമാനത്തിന് പിന്നില്‍ ബസ് മുതലാളിമാരുടെ മാത്രം താത്പര്യം കാണുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്‍ബലമുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചിരുന്നു.