Connect with us

Malappuram

സോഷ്യല്‍ മീഡിയകളില്‍ സുന്ദരന്‍ ചര്‍ച്ചാവിഷയം

Published

|

Last Updated

കാളികാവ്: ചോക്കാട് പഞ്ചായത്ത് ഭരണം അട്ടിമറിക്കാന്‍ കാരണകാരനായ മഞ്ഞപ്പെട്ടി വാര്‍ഡ് അംഗം കോണ്‍ഗ്രസിലെ കോട്ടമ്മല്‍ സുന്ദരന്‍ സോഷ്യല്‍ മീഡിയകളില്‍ താരമായി.
ഒളിവില്‍ പോയ സുന്ദരനെകുറിച്ച് നാട്ടുകാര്‍ക്കോ പാര്‍ട്ടിക്കാര്‍ക്കോ വിവരമില്ല. പഞ്ചായത്തിലെ 16 -ാം വാര്‍ഡ് മെമ്പറാണ് സുന്ദരന്‍. മഞ്ഞപ്പെട്ടി ഹെല്‍ത്ത് സെന്ററിന് സമീപത്തെ സുന്ദരന്റെ വീട്ടുകാര്‍ക്കും അയാളെ കുറിച്ച് വിവരമില്ല. തിങ്കളാഴ്ചയോടെ തന്നെ സുന്ദരനെ നാട്ടുകാര്‍ വല്ലാതെ കണ്ടിരുന്നില്ലത്രെ.
ചൊവ്വാഴ്ച സന്ധ്യയോടെ സുന്ദരന്‍ പൂര്‍ണമായും അപ്രത്യക്ഷനായി. വോട്ടെടുപ്പ് നടക്കുന്ന 11 മണിയോടെ സുന്ദരന്‍ ചോക്കാട് പഞ്ചായത്ത് ഓഫീസിലെത്തുമെന്ന് വാര്‍ത്ത പ്രചരിച്ചു.
കോണ്‍ഗ്രസ് അംഗങ്ങളും ആ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ സുന്ദരന്‍ മാത്രം എത്തിയില്ല. ഇന്നലെ പുലര്‍ച്ചയോടെ തന്നെ സോഷ്യല്‍ മീഡയകളിലും വാട്ട്‌സ് അപ്പ് ഗ്രൂപ്പിലുമെല്ലാം സുന്ദരനെ കാണാതായ സംഭവം നിറഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്നാണ് സുന്ദരന്‍ മുങ്ങിയതെന്നായി ലീഗുകാര്‍.
അതേസമയം പണം കൊടുത്ത് സുന്ദരനെ മാറ്റിനിര്‍ത്തുകയായിരുന്നുവെന്ന് കോണ്‍ഗ്രസുകാരും ആരോപിച്ചു. ബോര്‍ഡ് യോഗത്തില്‍ സുന്ദരന്‍ എത്തില്ലെന്നറിഞ്ഞതോടെ ചില കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ഥിയെ മാറ്റി യു ഡി എഫ് സംവിധാനം പുന:സ്ഥാപിക്കാംമെന്ന് ലീഗുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി.
എന്നാല്‍ ചൊവ്വാഴ്ച അര്‍ധരാത്രി വരെ ഈ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസിനെ സമീപിച്ചെങ്കിലും അനുകൂലമായ മറുപടി കിട്ടിയില്ലെന്ന് ലീഗ് നേതാക്കളും പറഞ്ഞു. പത്ത് മണിക്ക് മുമ്പായി തന്നെ ലീഗ് അംഗങ്ങള്‍ എല്ലാവരും പഞ്ചായത്ത് ഓഫീസില്‍ എത്തി. പത്തരയോടെ സി പി എം അംഗങ്ങളും എത്തി. കോണ്‍ഗ്രസ് അംഗങ്ങള്‍ എത്താന്‍ വൈകിയതോടെ വീണ്ടും അഭ്യൂഹങ്ങള്‍ പരന്നു.
സുന്ദരനെ കാത്ത് നിന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ പതിനൊന്ന് മണിയോടെയാണ് എത്തിയത്. സുന്ദരന്‍ ഇല്ലാതായതോടെ എട്ടില്‍ നിന്നും അംഗബലം ഏഴായി കുറഞ്ഞ കോണ്‍ഗ്രസിലെ ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന് എട്ടംഗങ്ങളുള്ള ലീഗ് സ്ഥാനാര്‍ഥിയോട് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ലീഗിലെ പൈനാട്ടില്‍ അശ്‌റഫ് വിജയിക്കുകയും ചെയ്തു.
ഇന്നലെ രാത്രി ഏറെ വൈകിയിട്ടും സുന്ദരനെ കുറിച്ച് വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. 19 ന് നടക്കുന്ന വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പും കഴിഞ്ഞ് മാത്രമേ സുന്ദരന്‍ പ്രത്യക്ഷപ്പെടൂ എന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

Latest