സൂരജിന് ഇടുക്കിയിലും തൃശൂരിലും വിജിലന്‍സ് അനധികൃത സ്വത്ത് കണ്ടെത്തി

Posted on: December 11, 2014 12:18 am | Last updated: December 11, 2014 at 12:18 am

കൊച്ചി: അവിഹിത സ്വത്ത് സമ്പാദ്യ കേസില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന് ഇടുക്കിയിലും തൃശൂരിലും കണക്കില്‍ പെടാത്ത സ്വത്തുള്ളതായി വിജിലന്‍സ് കണ്ടെത്തി.
ഇടുക്കി പീരുമേട്ടിലും തൃശൂര്‍ മുണ്ടൂരിലുമാണ് സൂരജിന് ഭൂമിയുള്ളത്. രണ്ടിടത്തെയും സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഐ ജി മുഖേനയാണ് അന്വേഷണ സംഘം സ്വത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചത്. കഴിഞ്ഞ ദിവസമാണ് രജിസ്‌ട്രേഷന്‍ ഐ ജിയുടെ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചത്.
പീരുമേട്ടിലെ 20 സെന്റ് ഭൂമിയില്‍ ഫഌറ്റോ റിസോര്‍ട്ടോ ഉള്ളതായി വിജിലന്‍സ് സംശയിക്കുന്നു. പീരുമേട്ടിലെ ഭൂമി കണ്ടെത്തുന്നതിന് റവന്യു അധികൃതരുമായി ബന്ധപ്പെട്ട് വിജിലന്‍സ് സംഘം പരിശോധന നടത്തുകയാണ്. ഇതേക്കുറിച്ചുള്ള അന്വേഷണത്തിലാണ് വിജിലന്‍സ് സംഘം. മുണ്ടൂരില്‍ 12 സെന്റ് ഭൂമിയാണ് സൂരജിനുള്ളത്. ഇവിടെ കെട്ടിടങ്ങളൊന്നുമില്ലെന്നാണറിവ്. ഈ ഭൂമിയുടെ വിവരങ്ങളും ശേഖരിച്ചു വരികയാണ്.
എട്ടിടത്ത് സ്വത്തുള്ളതായാണ് സൂരജ് രേഖകളില്‍ കാണിച്ചിരുന്നത്. എന്നാല്‍ സൂരജിന് എറണാകുളം, തിരുവനന്തപുരം ജില്ലകളിലും കോയമ്പത്തൂരിലുമായി പത്തോളം സ്ഥലങ്ങൡ അധിക സ്വത്തുള്ളതായി വിജിലന്‍സ് നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. ഇതിന് പുറമേയാണ് ഇടുക്കിയിലും തൃശൂരിലും സൂരജിനു സ്വത്തുള്ളതായി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
മറ്റ് ജില്ലകളിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നുള്ള വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ രജിസ്‌ട്രേഷന്‍ ഐ ജിയില്‍ നിന്ന് ലഭിക്കുന്നതോടെ സൂരജിന്റെ അനധികൃത സ്വത്തിന്റെ വ്യാപ്തി വര്‍ധിക്കുമെന്ന് തന്നെയാണ് വിജിലന്‍സ് അന്വേഷണ സംഘം നല്‍കുന്ന സൂചന.