Connect with us

National

'മുഹര്‍റം പ്രകടനത്തില്‍ കുട്ടികള്‍ പങ്കെടുക്കുന്നത് ശ്രദ്ധിക്കണം'

Published

|

Last Updated

മുംബൈ: ശിയാക്കള്‍ നടത്തുന്ന മുഹര്‍റം റാലിയില്‍ കുട്ടികള്‍ പങ്കെടുക്കുന്നത് ശ്രദ്ധിക്കണമെന്ന് മുസ്‌ലിം നേതാക്കളോട് ബോംബെ ഹൈക്കോടതി. റാലിയില്‍ കുട്ടികള്‍ പങ്കെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതു താത്പര്യ ഹരജി പരിഗണിക്കവെ ഡിവിഷന്‍ ബെഞ്ച് ജസ്റ്റിസ് വി എം കനാഡെയും ജസ്റ്റിസ് രേവതി മോഹിത് ഡെരെയുമാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
മുഹര്‍റം ദിനത്തില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന റാലിയില്‍ കുട്ടികള്‍ പങ്കെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതു താത്പര്യ ഹരജിയില്‍ അനുകൂലമായോ പ്രതികൂലമായോ ഒരഭിപ്രായവും തങ്ങള്‍ പറയുന്നില്ല. എന്നാല്‍ കുട്ടികള്‍ പങ്കെടുക്കുന്നത് ഇല്ലാതിരിക്കാന്‍ മുസ്‌ലിം നേതൃത്വം ശ്രദ്ധിക്കണമെന്നും ബഞ്ച് നിര്‍ദേശിച്ചു.
ഈ മാസം 14 ന് സംഘടിപ്പിക്കുന്ന മുഹര്‍റമിനോടനുബന്ധിച്ച പരിപാടികള്‍ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം പരിപാടിയുടെ ഒരു കാര്യത്തിലും ഇടപെടുകയില്ലെന്ന് അഡ്വക്കറ്റ് ജനറലും വ്യക്തമാക്കി. പരിപാടി വീഡിയോ ക്യാമറയില്‍ പകര്‍ത്തണമെന്നും കുട്ടികളെ അപായപ്പെടുത്തുന്ന രീതിയില്‍ എന്തെങ്കിലും അപകടങ്ങള്‍ സംഭവിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റാലിയില്‍ അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ പ്രഥമ ശുശ്രൂഷ നല്‍കാനും ആംബുലന്‍സിനും സൗകര്യം ഏര്‍പ്പെടുപ്പെടുത്തിയിട്ടുണ്ട്.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ പൗത്രന്‍ ഇമാം ഹുസൈന്‍ (റ) വധിക്കപ്പെട്ട കര്‍ബല യുദ്ധത്തിന്റെ വാര്‍ഷികമായിട്ടാണ് മുഹര്‍റം മാസത്തില്‍ ശിയാക്കള്‍ വിലാപ റാലി നടത്തുന്നത്. ഇതില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ശരീരത്തില്‍ മുറിവ് വരുത്തല്‍ പതിവാണ്. ഇതില്‍ കുട്ടികള്‍ പങ്കെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഫൈസല്‍ മുഹമ്മദ് ബാനര്‍സ്വാല എന്നയാള്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.