Connect with us

National

അനധികൃത ടാക്‌സി: തെലങ്കാനയും മഹാരാഷ്ട്രയും നടപടി തുടങ്ങി

Published

|

Last Updated

ഹൈദരാബാദ്/ മുംബൈ: അനധികൃതമായ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി സംവിധാനത്തിനെതിരെ തെലങ്കാനയും മഹാരാഷ്ട്രയും നടപടി തുടങ്ങി. ഹൈദരാബാദിലും സൈബറാബാദിലും പ്രവര്‍ത്തിക്കുന്ന ഇത്തരം ടാക്‌സികളെ കണ്ടുപിടിക്കാന്‍ തെലങ്കാന ഗതാഗത വകുപ്പ് അന്വേഷണം ആരംഭിച്ചു. അതേസമയം, സാധ്യമായ എല്ലാം ചെയ്യുന്നുണ്ടെന്നും പീഡനസംഭവം അങ്ങേയറ്റം വേദനിപ്പിക്കുന്നുവെന്നും യുബര്‍ കാബ് സര്‍വീസിന്റെ ഏഷ്യ പസഫിക് തലവന്‍ എറിക് അലക്‌സാണ്ടര്‍ പറഞ്ഞു. യുബറിന്റെ ഇന്ത്യയിലെ മാനേജര്‍ കോണ്‍ഗ്രസ് എം എല്‍ എയുടെ അനുയായി തല്ലി. ഓള്‍ഡ് കസ്റ്റംസ് ഹൗസിന് സമീപം നിതീഷ റാണെ എം എല്‍ എയുടെ അനുയായിയാണ് തല്ലിയത്.
ടാക്‌സികളുടെ രേഖകള്‍ പരിശോധിക്കുകയാണെന്ന് ഹൈദരാബാദ് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടി രഘുനാഥ് പറഞ്ഞു. 35 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഏഴ് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. യുബര്‍ അടക്കം സ്വകാര്യ ഓപറേറ്റര്‍മാരുടെ അനധികൃത പ്രവര്‍ത്തനം പരിശോധിക്കാന്‍ എല്ലാ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രകാശ സംവിധാനത്തോടെയുള്ള ഡിസ്‌പ്ലേയാണോ ഇത്തരം വാഹനങ്ങളിലുള്ളതെന്നും പരിശോധിക്കും. ഹൈദരാബാദില്‍ 500 ട്രാവല്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹൈദരാബാദില്‍ കാല്‍ ലക്ഷം ടാക്‌സികളും അയല്‍ ജില്ലയായ രംഗറെഡ്ഢിയില്‍ 20000 ടാക്‌സികളും സര്‍വീസ് നടത്തുന്നു. സംസ്ഥാനത്ത് യുബറിന് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. അതിനാല്‍ യുബറുമായി സഹകരിക്കരുതെന്ന് ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ടാക്‌സി സംവധാനം നിര്‍ത്തലാക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണ് ഇതെന്നും ഗതാഗത സെക്രട്ടറി എസ് കെ ശര്‍മ അറിയിച്ചു. ഡല്‍ഹിയില്‍ യുബറിന്റെ ടാക്‌സി ഡ്രൈവര്‍ യാത്രക്കാരിയെ ബലാത്സംഗം ചെയ്തതിനെ തുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്രം ഉത്തരവിട്ടത്. ആഗോളാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം ഏര്‍പ്പെടുത്തിയ കമ്പനിയാണ് യുബര്‍.