Connect with us

Kozhikode

പയ്യാനക്കലില്‍ തര്‍ക്കത്തിലുള്ള സ്ഥലം കളിസ്ഥലത്തിനായി ഏറ്റെടുക്കും

Published

|

Last Updated

കോഴിക്കോട്: പയ്യാനക്കലില്‍ തര്‍ക്കത്തിലുള്ള സ്ഥലം കളിസ്ഥലത്തിനായി ഏറ്റെടുക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സിലിന്റെ അംഗീകാരം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതതയിലുള്ള സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഒന്നര മണിക്കൂറിലേറെ ചര്‍ച്ച ചെയ്ത ശേഷം കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ഈ വിഷയം പരിഗണിക്കുന്നത് അറിഞ്ഞ് പ്രദേശത്തെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ളവര്‍ സന്ദര്‍ശക ഗ്യാലറിയില്‍ നിറഞ്ഞതോടെ പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും പ്രതിനിധികള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് നേട്ടം സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
ചാലപ്പുറം സ്വദേശി സങ്കല്‍പ്പില്‍ എ വി അന്‍വറിന്റെയും ബന്ധുക്കളുടെയും 1.68 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. 14 വര്‍ഷം മുമ്പ് ആരംഭിച്ച ഏറ്റെടുക്കല്‍ നടപടി നിയമയുദ്ധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചിതായിരുന്നു.
പ്രതിപക്ഷ കൗണ്‍സിലറായ പി വി അവറാനാണ് സ്ഥലം ഏറ്റെടുക്കല്‍ അജന്‍ഡയെ കുറിച്ചുള്ള ചര്‍ച്ചയില്‍ രാഷ്ട്രീയ പ്രസംഗം തുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറ്റൈടുക്കേണ്ട സ്ഥലം ഭരണപക്ഷത്തെ ചിലരുടെ വീഴ്ചയിലൂടെയാണ് വൈകിയതെന്നും രണ്ട് തവണ ഏറ്റെടുക്കല്‍ തീരുമാനം റദ്ദാക്കിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ മുമ്പ് ഏകകണ്ഠമായാണ് കോര്‍പറേഷന്‍ കൗണ്‍സില്‍ ഈ വിഷയം റദ്ദാക്കിയതെന്ന് ഭരണപക്ഷ അംഗം സി പി മുസാഫര്‍ അഹമ്മദ് പറഞ്ഞു. ഭൂമാഫിയയുമായി ബന്ധമുള്ള ഭരണപക്ഷത്തെ ചിലര്‍ ഒത്തുകളിച്ചതിനാലാണ് സ്ഥലം ഏറ്റെടുക്കുന്നത് വൈകിയതെന്ന് പ്രതിപക്ഷ അംഗം സക്കറിയ പി ഹുസൈന്‍ ആരോപിച്ചു.
സ്ഥലം ഏറ്റെടുത്തത് കോടതിയുടെ നടപടികള്‍ക്ക് വിധേയമായാല്‍ അത് നേരിട്ട് വിജയം കരസ്ഥമാക്കാന്‍ നഗരസഭ ആര്‍ജവം കാണിക്കുമെന്ന് ഭരണപക്ഷ അംഗം ടി ഹസന്‍ പറഞ്ഞു. ഡെപ്യൂട്ടിമേയര്‍ പ്രൊഫ. പി ടി അബ്ദുല്ലത്വീഫ് ഈ വിഷയത്തില്‍ പഴയകാലത്തെ കൗണ്‍സിലില്‍ അന്നത്തെ പ്രതിപക്ഷം ചെയ്ത കാര്യങ്ങള്‍ വിവരിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിപക്ഷ ഉപനേതാവ് മുഹമ്മദാലിയും പി കിഷന്‍ചന്ദും തടസപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ വാക്കേറ്റവും പോര്‍വിളിയുമുണ്ടായി.
പയ്യാനക്കലില്‍ കളിസ്ഥലം ഏറ്റെടുക്കുന്നതിന് അനുകൂലമായി തീരുമാനം വന്നതോടെ സന്ദര്‍ശക ഗ്യാലറിയിലുണ്ടായിരുന്നവര്‍ കരഘോഷം മുഴക്കി. നഗരത്തില്‍ ആഹ്ലാദ പ്രകടനവും നടത്തി.
ഇന്നലെയും കൗണ്‍സിലില്‍ ആരംഭിച്ച ഉടനെ ഡെപ്യൂട്ടി മേയര്‍ പി ടി അബദുല്ലത്വീഫും പ്രതിപക്ഷ ഉപനേതാവ് മുഹമ്മദാലിയും തമ്മില്‍ വാക്കേറ്റമുണ്ടായി. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരെ മൂന്ന് എഫ് ഐ ആര്‍ ഉണ്ടെന്ന് പറഞ്ഞത് ശരിയാണെന്നും പറഞ്ഞ് അവയുടെ കോപ്പിയുമായി മുഹമ്മദലി രംഗത്തുവരുകയായിരുന്നു. താന്‍ മുഹമ്മദലി കളവ് പറയുകയാണെന്ന് പറഞ്ഞിട്ടില്ലെന്നും അന്ന് മൂന്ന് എഫ് ഐ ആര്‍ ഇല്ല എന്നാണ് അറിയിച്ചതെന്നും അബ്ദുല്ലത്വീഫ് മറുപടി നല്‍കി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം മൂര്‍ച്ചിച്ചതോടെ മേയര്‍ ഇടപെട്ടു. കോടതിയുടെ പരിഗണനയിലുള്ള വിഷയം ആയതിനാല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന് മേയര്‍ എ കെ പ്രമേജം അറിയിക്കുകയായിരുന്നു.

Latest