Connect with us

National

ബസ് അപകടമുണ്ടായാല്‍ ബസ് നിരോധിക്കുമോ?- ഗാഡ്കരി

Published

|

Last Updated

ന്യൂഡല്‍ഹി: യുബര്‍ ടാക്‌സി സര്‍വീസിന്റെ കാറില്‍ ഉദ്യോഗസ്ഥ പീഡനത്തിനിരയായതിനെ തുടര്‍ന്ന് യുബറിന്റെ പ്രവര്‍ത്തനം നിരോധിച്ചതിനെ വിമര്‍ശിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബന്ധപ്പെട്ടാല്‍ ടാക്‌സി സേവനം ലഭ്യമാക്കുന്ന യുബര്‍ ടാക്‌സി സര്‍വീസിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിരോധിക്കുന്നത് പ്രശ്‌നത്തിനുള്ള പരിഹാരമല്ലെന്ന് ഗാഡ്കരി പറഞ്ഞു. ഗതാതഗ രംഗത്ത് പുതിയ ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ വരികയാണ്. അതിലൊന്നാണ് യുബര്‍. ട്രെയിന്‍ അപകടമുണ്ടായാല്‍ ട്രെയിന്‍ നിരോധിക്കുക. ബസ് അപകടമുണ്ടായാല്‍ ബസ് നിരോധിക്കുക എന്നതാണോ വേണ്ടത്. നിരോധം ശരിയായ നടപടിയല്ല- ഗാഡ്കരി പറഞ്ഞു.
സ്വകാര്യ കാബ് സര്‍വീസ് ആയ യുബറിന്റെ പ്രവര്‍ത്തനം ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പൂര്‍ണമായി നിരോധിച്ചിരുന്നു. അമേരിക്കന്‍ കമ്പനിയാണ് ഇത് നടത്തുന്നത്. ഈ സ്ഥാപനത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിനുണ്ട്. വിഷയം സംയുക്ത പട്ടികയിലാണ്. തീരുമാനമെടുക്കാന്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരു പോലെ അവകാശമുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി ഗാഡ്കരി പറഞ്ഞു. രാജ്യത്തെ 30 ശതമാനം ഡ്രൈവിംഗ് ലൈസന്‍സുകളും വ്യാജമാണെന്ന് റിപ്പോര്‍ട്ടുണ്ട്.
1988ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതുവഴി ഇത്തരം പ്രശ്‌നങ്ങള്‍ പരിഹാരിക്കാനാകുമെന്നാണ് പ്രതീക്ഷ. ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ ഒഴിവാക്കാനുള്ള വ്യവസ്ഥകള്‍ നിയമത്തിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Latest