താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനം ചിത്ര കലാ മ്യൂസിയമായി

Posted on: December 9, 2014 9:31 pm | Last updated: December 9, 2014 at 9:31 pm

ദുബൈ: ദുബൈയിലെ ആദ്യത്തെ ഓപ്പണ്‍ എയര്‍ മ്യൂസിയം ജാഫ്്്‌ലിയ താമസ കുടിയേറ്റ വകുപ്പില്‍ തുറന്നു. പൊലീസ് ആന്‍ഡ് ജനറല്‍ സെക്യൂരിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ ലഫ്റ്റനന്റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീമാണ് ഓപ്പണ്‍ മ്യൂസിയം ഉദ്ഘാടനം ചെയ്തത്.
ബ്രാന്‍ഡ് ദുബൈയിക്ക് കീഴില്‍ എമിറേറ്റിനെ തുറന്ന കാന്‍വാസാക്കി മാറ്റുമെന്ന് കഴിഞ്ഞ മെയ് മാസത്തിലാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ചത്. ഇതനുസരിച്ചുള്ള ആദ്യത്തെ ഓപ്പണ്‍ എയര്‍ മ്യൂസിയമാണ് ഡി എന്‍ ആര്‍ ഡി കെട്ടിടത്തില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഉദ്ഘാടന ചടങ്ങില്‍ ദുബൈ താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മര്‍റി ഉള്‍പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
പ്രമുഖ സ്വദേശി ചിത്രകാരി ഡോക്ടര്‍ നജാത് മക്കിയുടെ തിരഞ്ഞെടുത്ത ചിത്രങ്ങളാണ് ആസ്ഥാന മന്ദിരത്തിന് അലങ്കാരമായത്. യുഎഇയുടെ വിവിധ കാലഘട്ടങ്ങളിലെ സംസ്‌കാരവും പൈതൃകവും അടയാളപ്പെടുത്തുന്നവയാണ് ചിത്രങ്ങള്‍. ഇതോടൊപ്പം ഒന്നാം നിലയില്‍ പതിനാല്‍ ചിത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ചിത്രങ്ങള്‍ കഥ പറയുന്ന തരത്തിലാണ് പ്രദര്‍ശനം. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് പുറമെ വൈകാതെ നഖീല്‍, മെയ്ദാന്‍, ഇമാര്‍, ദുബൈ ഹോള്‍ഡിങ്, മീറാസ് ഹോള്‍ഡിങ് തുടങ്ങി പ്രധാനപ്പെട്ട സ്വകാര്യ കെട്ടിടങ്ങളിലും വ്യത്യസ്ത കാഴ്ചകളൊരുക്കുന്ന ചിത്രങ്ങള്‍ തെളിയും.